ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, ബിജെപിക്കുമെതിരേ രൂക്ഷ വിമർശനവുമായി നടൻ പ്രകാശ് രാജ്. താൻ ഹിന്ദു വിരുദ്ധനല്ല, മറിച്ച് മോദി വിരുദ്ധനും അമിത് ഷാ വിരുദ്ധനും ഹെഡ്ഗെ വിരുദ്ധനുമാണെന്ന് പ്രകാശ് രാജ് തുറന്നടിച്ചു. കൊലപാതകത്തെ അനുകൂലിക്കുന്നവരെ ഹിന്ദുക്കളെന്നു വിളിക്കാൻ കഴിയില്ലെന്നും പ്രകാശ് രാജ് പറഞ്ഞു.
മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം ആഘോഷിക്കപ്പെട്ടപ്പോൾ രാജ്യത്തിന്റെ പ്രധാനമന്ത്രി മൗനം പാലിച്ചു. ഒരു ശരിയായ ഹിന്ദുവിന് അത്തരത്തിൽ മൗനം അവലംബിക്കാൻ കഴിയില്ല. താൻ ഹിന്ദു വിരുദ്ധനല്ല, മറിച്ച് മോദി വിരുദ്ധനും അമിത് ഷാ വിരുദ്ധനും ഹെഡ്ഗെ വിരുദ്ധനുമാണ്- ഇന്ത്യ ടുഡേ കോണ്‍ക്ലേവിൽ സംസാരിക്കവെ പ്രകാശ് രാജ് തുറന്നടിച്ചു. കേന്ദ്രമന്ത്രി അനന്ത്കുമാർ ഹെഡ്ഗെയുടെ ഭരണഘടന പൊളിച്ചെഴുതുമെന്ന പരാമർശത്തോടുള്ള മറുപടി കൂടിയായിരുന്നു നടന്റെ വാക്കുകൾ.
നിങ്ങൾ എന്നെ ഹിന്ദു വിരുദ്ധനെന്നു വിളിക്കുന്പോൾ നിങ്ങൾ ഹിന്ദുവല്ലെന്നു പറയാനുള്ള അവകാശം തനിക്കുണ്ടെന്നും പ്രകാശ് രാജ് പറഞ്ഞു. പ്രകാശ് രാജിന്റെ പരാമർശത്തിനെതിരേ തെലങ്കാനയിൽനിന്നുള്ള ബിജെപി നേതാവ് കൃഷ്ണ സാഗർ റാവു കോണ്‍ക്ലേവിൽ പ്രതിഷേധവുമായി എത്തിയെങ്കിലും ഉചിതമായ മറുപടി നൽകാൻ നടനു കഴിഞ്ഞു.
കേന്ദ്രത്തിലെയും കർണാടകത്തിലെയും ബിജെപി നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനമുന്നയിക്കുന്നവരിൽ പ്രധാനിയാണ് നടൻ പ്രകാശ് രാജ്. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നേക്കാൾ മികച്ച നടനെന്ന് പ്രകാശ് രാജ് പരിഹസിച്ചിരുന്നു.
Leave a Reply