രാജേഷ് ജോസഫ്
വിളക്ക് കൊളുത്തി പറയുടെ കീഴില്‍ വെക്കാറില്ല മറിച്ച് പ്രകാശം പരത്തുന്നതിനായി പീഠത്തില്‍ സ്ഥാപിക്കണമെന്ന വാചകം നിരവധി തവണ നമ്മുടെ കാതുകളില്‍ ശ്രവിച്ചിരിക്കുന്നു. നമ്മുടെ ജീവനും ജീവിതവും എത്രമാത്രം പ്രകാശം പരത്തുന്നതാണ് എന്ന ചിന്ത വല്ലാതെ ഭാരപ്പെടുത്തുന്നു. ഒരു ദശകത്തെ നവയുഗ പ്രവാസ ജീവിതം തിരികെ നടക്കുമ്പോള്‍ മനസില്‍ സന്തോഷങ്ങളുടെ ദുഃഖങ്ങളുടെ സമ്മിശ്ര വേലിയേറ്റം സൃഷ്ടിക്കുന്നു. പിറന്ന നാടും മണ്ണും ഉപേക്ഷിച്ച് തെല്ലു ഭയത്തോടെ കാലുകുത്തിയ നിമിഷങ്ങള്‍ മുതല്‍ ഇന്നേവരെയുള്ള യാത്ര ആശ്ചര്യം ഉളവാക്കുന്നതാണ്.
യൂറോപ്പിലെ മലയാളി വലിയ സംരംഭകരായി മാറിയിരിക്കുന്നു. വലിയ വീടുകളായി, മുന്തിയ കാറുകളായി, അസോസിയേഷനുകളായി, കൂട്ടായ്മകളായി പള്ളിയായി, സമുദായ സംഘടനകളായി, ജാതികളായി ഉപജാതികളായി വലിയ വൃക്ഷമായി മാറിയിരിക്കുന്നു. ഒത്ത് പിടിച്ചാല്‍ മലയും പോരുമെന്നത് ആരംഭകാലത്ത് ജീവിതത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ അനുഭസ്ഥമാക്കിയവര്‍ ഇന്നിതാ മലയെ വിഭജിച്ച് ഇടിച്ച് നിരത്തി കുന്നുകളും കുഴികളും നിര്‍മ്മിക്കുന്നു. കെട്ടിയടക്കപ്പെട്ട മതിലുകള്‍ സൃഷ്ടിക്കുന്നു.
വ്യക്തിബന്ധങ്ങള്‍ കുറയുന്നു, പള്ളികളില്‍ ആളുകള്‍ കുറയുന്നു. സമീപസ്ഥരാകേണ്ട ആത്മീയ നേതൃത്വങ്ങള്‍ വിദൂരസ്ഥരാകുന്നു. അസോസിയേഷനുകളിലെ അനവധി പരിപാടികള്‍ ഇന്ന് പ്രവര്‍ത്തന ഉദ്ഘാടനവും വാര്‍ഷികയോഗവും എന്നീ രണ്ടിലേക്ക് ചുരുങ്ങിയിരിക്കുന്നു. സംഘടനകളുടെ യോഗങ്ങള്‍ക്ക് തിരക്കില്ല. എല്ലായിടത്തുംം ശൂന്യത, വിരക്തി, അകല്‍ച്ച.യൂറോപ്പിലെ മലയാളി കൂട്ടായ്മകളില്‍ ശ്മശാന മൂകത. ദിവസേന നിരവധി സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടവര്‍ തങ്ങളുടെ ഫോണില്‍ ഫോര്‍വേഡ് ചെയ്യപ്പെടുന്ന വീഡിയോ സന്ദേശങ്ങളിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു. യൂറോപ്പിലെ പ്രവാസി ഇന്ന് അകവാസിയായി നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിയിരിക്കുന്നു. യൂറോപ്പിലെ ശൈത്യം നമ്മുടെയൊക്കെ ജീവിതങ്ങളെ ബാധിച്ചിരിക്കുന്നു. സാമ്പത്തിക സ്ഥിതിയിലുള്ള ഉയര്‍ച്ചയും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും പരാശ്രയമില്ലാതെ എനിക്ക് ജീവിക്കാം എന്ന ഞാനെന്ന ഭാവവും സാമൂഹ്യമായ വിടവുകള്‍ സൃഷ്ടിച്ചിരിക്കുന്നു. മനുഷ്യര്‍ തീര്‍ക്കുന്ന മതിലുകള്‍ കേരനാട്ടിലെ മഹാപ്രളയം സകലതിനേയും തകര്‍ത്ത് ദുരിതാശ്വാസ ക്യാമ്പുകളില്‍ ഏവരേയും തുല്യരാക്കി. ദുരന്തമല്ല ബന്ധങ്ങള്‍ക്ക് ശക്തിപകരേണ്ടത് മറിച്ച് സ്‌നേഹത്തിന്റെ കരുതലിന്റെ കണ്ണികളാല്‍ സൗഹൃദത്തിന്റെ കൂട്ടായ്മകളാണ് രൂപപ്പെടേണ്ടത്. ഒരുമയുടെ പരസ്പരം പങ്കുവെക്കലിന്റെ പ്രകാശം ചുറ്റുമുള്ളവരില്‍ പരത്താം. ഏതൊരു വലിയ യാത്രയുടെയും തുടക്കം ചെറിയ ചുവടുവെപ്പുകളില്‍ നിന്നാണ്, ആയതിനാല്‍ കൂട്ടായ്മകള്‍ക്കായി, സൗഹൃദങ്ങള്‍ക്കായി, കൂടിച്ചേരലിനായി ചെറിയ സമയം കണ്ടെത്താം. ഏത് പ്രളയത്തേയും തടഞ്ഞ് നിര്‍ത്തുന്ന അതീജീവിക്കുന്ന സൗഹൃദങ്ങളുടെ വന്‍ മല നിര്‍മ്മിക്കാം. കൂട്ടായ്മകളില്‍, പങ്കുവെക്കലില്‍ എനിക്കും എന്റെ കുടുംബത്തിനും എന്ത് ലാഭം എന്നതിനേക്കാള്‍ ഉപരിയായി അത് നല്‍കുന്ന സന്തോഷങ്ങളെ, ആത്മ സംതൃപ്തിയെ ദര്‍ശിക്കാം, അനുഭനവിക്കാം. ഒന്നിച്ച് നമുക്ക് നിലം ഉഴുത് മറിക്കാം, വിത്ത് പാകാം, വളവും വെള്ളവും ആവശ്യാനുസരണം നല്‍കാം. ബാക്കി ക്ഷമയോടെ കാത്തിരുന്ന് കാണാം. നൂറ് മേനി ഫലം പുറപ്പെടുവിക്കുന്നവരാകാം.
Leave a Reply