മോഹൻജി ഫൗണ്ടേഷനുമായി ചേർന്ന് ലണ്ടൻ ഹിന്ദു ഐക്യവേദി ലണ്ടനിൽ പണികഴിപ്പിക്കുവാൻ ഉദ്ദേശിക്കുന്ന ലണ്ടൻ ഗുരുവായൂരപ്പക്ഷേത്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് നടത്തുന്ന “പ്രണവോത്സവം 2024 ” ജൂൺ 29 ശനിയാഴ്ച അരങ്ങേറും. ലണ്ടനിൽ ഗുരുവായൂരിലെ ക്ഷേത്ര മാതൃകയിലാണ് ഗുരുവായൂരപ്പ ക്ഷേത്രം പണികഴിക്കുവാൻ ഒരുങ്ങുന്നത്.
ലോകത്തിൻറെ നാനാഭാഗങ്ങളിലായി ഒട്ടേറെ സാമൂഹിക-സന്നദ്ധ-ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന സംഘടനയാണ് മോഹൻജി ഫൗണ്ടേഷൻ. അഞ്ച് ഭൂഖണ്ഡങ്ങളിലായി 17 ൽ പരം രാജ്യങ്ങളിൽ വ്യാപിച്ചു കിടക്കുന്ന മോഹൻജി ഫൗണ്ടേഷൻറെ സന്നദ്ധ പ്രവർത്തനങ്ങൾ ഇന്ന് 80 ൽ പരം രാജ്യങ്ങളിലേക്ക് എത്തിക്കഴിഞ്ഞിരുന്നു. മോഹൻജി ഇന്റർനാഷണൽ ഫൗണ്ടേഷൻ്റെ ആസ്ഥാനം സ്വിസർലണ്ടിലാണ് സ്ഥിതി ചെയ്യുന്നത്. സ്വിസ് ഗവൺമെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് മോഹൻജി ഇന്റർനാഷണൽ ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്. യുകെയിലെ സ്കോട്ലാൻഡിലുള്ള അബെർഡീനിൽ മോഹൻജി സെൻ്റർ ഓഫ് ബെനവലൻസ് ഈ അടുത്തിടെ പ്രവർത്തനം ആരംഭിച്ചിരുന്നു.
ആധുനിക സാമൂഹത്തിൽ ക്ഷേത്രങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് മോഹൻജിയുടെ പ്രഭാഷണവും പിന്നീട് നടത്തുന്ന ചോദ്യോത്തര സദസ്സുമാണ് പ്രണവോത്സവത്തിലെ പ്രധാന ആകർഷണം. പ്രഭാഷണം കൂടാതെ ലണ്ടൻ ഹിന്ദു ഐക്യവേദി (എൽ എച്ച് എ) സംഘാംഗങ്ങൾ അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി, എൽ എച്ച് എ കുട്ടികൾ അവതരിപ്പിക്കുന്ന നൃത്താർച്ചന, കോൾചെസ്റ്റർ ടീം അവതരിപ്പിക്കുന്ന തിരുവാതിരകളി, നൃത്താർച്ചന, അനുഗ്രഹീത കലാകാരൻ വിനീത് പിള്ള അവതരിപ്പിക്കുന്ന കഥകളി, യുകെയിലെ പ്രശസ്തനായ വാദ്യ കലാകാരൻ വിനോദ് നവധാരയുടെ നേതൃത്വത്തിൽ അവതരിപ്പിക്കുന്ന പഞ്ചാരിമേളം, പ്രശസ്ത സിനിമാതാരം ശങ്കറിന്റെ പത്നി ചിത്രാലക്ഷ്മി ടീച്ചർ നേതൃത്വം നൽകുന്ന ‘ദക്ഷിണ യുകെ’ യുടെ നൃത്തശില്പം, യുകെയിലെ അനുഗ്രഹീത നർത്തകി ആശ ഉണ്ണിത്താനും മകളുടെയും നേതൃത്വത്തിൽ അരങ്ങേറുന്ന നൃത്താർച്ചന, അനുഗ്രഹീത നൃത്തകലാകാരനും യുകെ മലയാളികളുടെ പ്രിയപ്പെട്ട ഹരിദാസ് തെക്കുമുറി എന്ന ഹരിയേട്ടന്റെ മകനുമായ വിനോദ് നായർ അവതരിപ്പിക്കുന്ന നൃത്തശില്പം, അപ്സരമുണ്ടുസ് ടീം അവതരിപ്പിക്കുന്ന സംഘ നൃത്തം, ദേവിക പന്തല്ലൂർ അവതരിപ്പിക്കുന്ന മധുരാഷ്ടകം, വിശ്വജിത് മണ്ഡപത്തിൽ അവതരിപ്പിക്കുന്ന സോപാന സംഗീതം എന്നിവയാണ് മറ്റ് പ്രധാന കാര്യപരിപാടികൾ. കേരളത്തിന്റെ തനത് ക്ഷേത്രകലകളിൽ ഒന്നായ സോപാന സംഗീത മേഖലയിൽ പ്രശസ്തനായ വിശ്വജിത്, ചെണ്ടയിലെ പഞ്ചാരി, പാണ്ടി, ചെമ്പട തുടങ്ങിയ ക്ഷേത്ര മേളങ്ങളിലും പ്രാവീണ്യം നേടിയിട്ടുണ്ട്. മോഹൻജിയുടെ പ്രഭാഷണത്തിന് ശേഷം മുരളി അയ്യരുടെ മുഖ്യ കാർമ്മികത്വത്തിൽ ദീപാരാധനയും പിന്നീട് അന്നദാനവും ഉണ്ടായിരിക്കും.
ശ്രീ ഹരിദാസ് തെക്കുമുറിയുടെ സ്വപ്നമായിരുന്ന ലണ്ടൻ ഗുരുവായൂരപ്പ ക്ഷേത്രത്തിന്റെ സാക്ഷാത്കാരത്തിനായി എല്ലാ ഭക്തജനങ്ങളുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായി ലണ്ടൻ ഹിന്ദു ഐക്യവേദി ഭാരവാഹികൾ അറിയിച്ചു. പ്രണവോത്സവം തികച്ചും സൗജന്യമായാണ് സംഖാടകർ അണിയിച്ചൊരുക്കുന്നത്. യുകെയിലെ പ്രമുഖ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ പ്രമുഖർ പങ്കെടുക്കുന്ന പ്രണവോത്സവത്തിലേക്ക് എല്ലാ സഹൃദയരെയും ഭഗവത് നാമത്തിൽ സ്വാഗതം ചെയ്തുകൊള്ളുന്നതായി മോഹൻജി ഫൗണ്ടേഷനോടൊപ്പം ലണ്ടൻ ഹിന്ദു ഐക്യവേദി അറിയിച്ചു.
For further details please contact
Suresh Babu: 07828137478, Vinod Nair : 07782146185 , Ganesh Sivan : 07405513236 , Geetha Hari: 07789776536
Pranavolsavam Venue: Greenshaw High School, Grennell Road, Sutton, SM1 3DY
Date and Time: 29 June 2024 – 3pm – 8pm
Email: [email protected]
Leave a Reply