മലയാളത്തില്‍ ഇന്നു ജനപ്രീതിയുടെ കാര്യത്തിലും ചാനല്‍ റേറ്റിംഗിലും ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്ന ഫ്‌ളവേഴ്‌സ് ചാനലിലെ കോമഡി ഉത്സവം പരിപാടിയുടെ നൂറ്റിയന്‍പതാം എപ്പിസോഡില്‍ എല്ലാവരുടെയും കയ്യടി നേടി യുകെ മലയാളികളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ലോകത്തിനു മുന്നില്‍ എത്തിച്ചിരിക്കുകയാണ് വോക്കിംഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രത്യാശ ചാരിറ്റബിള്‍ ട്രസ്റ്റ്. വര്‍ഷത്തില്‍ ഒരു വീട് എന്ന ലക്ഷ്യവുമായി കഴിഞ്ഞ നവംബറില്‍ പത്തു സുമനസ്സുകള്‍ ചേര്‍ന്ന് രൂപം നല്‍കിയ ഈ സംഘടനയുടെ ആദ്യത്തെ ഗുണഭോക്താവിനെയാണ് കോമഡി ഉത്സവം വഴി തിരഞ്ഞെടുത്തത്. കേരളത്തിലെ ഗാനമേള വേദികളിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു തിരുവനന്തപുരം സ്വദേശിയായ യുവഗായകന്‍ ഷാനവാസ്.
കഴിഞ്ഞ മാസം ശാര്‍ക്കരയിലെ ഒരു ക്ഷേത്രോത്സവവേദിയില്‍ ഗായികയോടൊപ്പം പാട്ട് പാടുന്നതിനിടെ കുഴഞ്ഞുവീണ ഷാനവാസ് വേദിയില്‍ നിന്നും താഴേക്കു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അടിയന്തിര ശസ്ത്രക്രിയക്കു വിധേയനാക്കിയെങ്കിലും പിറ്റേദിവസം രാവിലെ ഷാനവാസ് ഈ ലോകത്തോട് വിട പറഞ്ഞു. യുവഗായകന്റെ മരണത്തോടെ ഭാര്യ ഷംലയും ആറും നാലും വയസ്സുള്ള രണ്ടു പെണ്‍കുഞ്ഞുങ്ങളും ഷാനവാസിന്റെ മാതാവും അടങ്ങുന്ന ആദ്ദേഹത്തിന്റെ കുടുംബം അനാഥമായി. പൂജപ്പുരക്കടുത്ത് ഒരു ചെറിയ വാടക വീട്ടില്‍ താമസിക്കുന്ന ഈ കുടുംബം ഷാനവാസിന് ഗാനമേളകളില്‍ നിന്നും ലഭിച്ചുവന്ന തുച്ഛമായ വരുമാനം കൊണ്ട് മാത്രമാണ് മുന്നോട്ടു പോയിരുന്നത്. ഷാനവാസിന്റെ അപ്രതീക്ഷിത വിടവാങ്ങല്‍ ഈ കുടുംബത്തിനു വളരെ വലിയ ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. വീട് വാടക പോയിട്ട് അന്നന്നുള്ള ആഹാരത്തിനു പോലും എങ്ങനെ പണം കണ്ടെത്തും എന്ന വിഷമത്തില്‍ കഴിഞ്ഞ ഷംലയെ കോമഡി ഉത്സവം പ്രവര്‍ത്തകരാണ് പ്രത്യാശ ചാരിറ്റിയുമായി ബന്ധപ്പെടുത്തുന്നത്.
സ്വന്തമായി ഒരു വീട് എന്നത് മറ്റെല്ലാവരെയും പോലെ ഷാനവാസിന്റെയും ഒരു ചിരകാല സ്വപ്നമായിരുന്നു. ആ സ്വപ്ന സാക്ഷാല്‍ക്കാരമാണ് പ്രത്യാശ ചാരിറ്റബിള്‍ ട്രസ്റ്റ് തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പുമായി സഹകരിച്ചു നടത്തുവാന്‍ പോകുന്നത്. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഷാനവാസിന്റെ കുടുംബത്തിനു ഒരു താങ്ങാകുവാന്‍ പ്രത്യാശയുമായി കൈകൊര്‍ക്കുവാന്‍ താല്‍പ്പര്യം ഉള്ളവര്‍ക്ക് താഴെ കൊടുക്കുന്ന അക്കൌണ്ടില്‍ പണം നിക്ഷേപിക്കാവുന്നതാണ്.
Account name : PRATHYASHA CHARITABLE TRUST
Barclays Sort code : 20-11-43 Account No : 43006131
	
		

      
      



              
              
              




            
Leave a Reply