ഷാനോ
യുകെയിൽ പ്രസിദ്ധമായ യോർക്ഷയറിലെ കീത്തിലിയിലിൽ പുതുതായി എത്തിയ മലയാളി സമൂഹം രൂപം കൊടുത്ത ‘പ്രതീക്ഷ’ മലയാളി കൾച്ചറൽ അസ്സോസിയേഷൻ്റെ പ്രഥമ ഓണാഘോഷം അതിഗംഭീരമായി നടന്നു. ശനിയാഴ്ച്ച രാവിലെ പതിനൊന്ന് മണിക്ക് കീത്തിലി വിക്ടോറിയ ഹാളിൽ
പ്രതീക്ഷയുടെ പ്രസിഡൻ്റ്    ലിനേഷ് N C, ജോമോൾ ജ്യോതി വൈസ് പ്രസിഡൻ്റ്, ശ്രീജേഷ് സലിംകുമാർ സെക്രട്ടറി, രാഹി ഷിൻസ് ജോയിൻ്റ് സെക്രട്ടറി, സൽജിത് കെ സത്യവൃതൻ ട്രഷറർ എന്നിവരുടെയും കമ്മറ്റിയംഗങ്ങളായ രഞ്ജിത്ത് മാത്യു, ജയ്സൺ ജോർജ് , സെബാസ്റ്റ്യൻ വി കെ, റോഷൻ പി ജി, ജിൻ്റു ജോമിഷ്, മിത ജീവൻ, ദീപു സാം, ടോണി മൈക്കിൾ, റെനിൽ & കൃഷ്ണ അഭിറാം തുടങ്ങിയവരുടെ നിറസാന്നിധ്യത്തിൽ
മലയാളിയും ഏയർഡെൽ NHS ഹോസ്പ്പിറ്റലിൻ്റെ നെഴ്സിംഗ് ഡെപ്യൂട്ടി ഡയറക്ടറുമായ സാജൻ സത്യൻ പ്രതീക്ഷയുടെ ഓണാഘോഷം നിലവിളക്ക് കൊളുത്തി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തുടർന്ന് സാജൻ സത്യൻ പ്രതീക്ഷയിലെ കുടുംബാംഗങ്ങൾക്കായി ഓണസന്ദേശം നൽകി. നാടുവിട്ടാലും മലയാളികൾ മലയാളത്തിൻ്റെ ആഘോഷങ്ങൾ മറക്കാറില്ല. ലോകത്തിൻ്റെ ഏത് ഭാഗത്ത് അവർ എത്തിയാലും അവരത് മലയാള തനിമയിൽ തന്നെ ആഘോഷിക്കും.


മലയാളികളുടെ ആഘോഷങ്ങൾക്ക് ഒത്തൊരുമയുടെ സ്വരമുണ്ട്. മലയാളികളുടെ ആഘോഷം മലയാളികൾ ആയിരിക്കുന്ന പ്രാദേശിക സമൂഹത്തിന് ഒത്തൊരുമയുടെ മാതൃകയാകണം എന്ന് സാജൻ സത്യൻ തൻ്റെ ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു.

തുടർന്ന് പ്രതീക്ഷയുടെ കലാകാരികൾ അവതരിപ്പിച്ച മെഗാ തിരുവാതിര നടന്നു. നാൽപ്പതിൽപ്പരം പേർ പങ്കുചേർന്ന മെഗാ തിരുവാതിര പ്രതീക്ഷയുടെ ഓണാഘോഷത്തിൽ ശ്രദ്ധേയമായി. മെഗാ തിരുവാതിരയ്ക്ക് ശേഷം ഓണക്കാലത്ത് കേരളത്തിൽ മലയാളികൾ കളിക്കുന്ന പുലികളിയും അരങ്ങേറി. തുടർന്ന് ഓണസദ്യ ആരംഭിച്ചു. വിഭവസമൃദ്ധമായ ഓണസദ്യയിൽ ഇരുനൂറ്റി എഴുപത് ഇലകളിൽ സദ്യ വിളമ്പി.

വിഭവസമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം കലാപരിപാടികൾ തുടർന്നു. സ്റ്റേജ് നിറഞ്ഞാടിയ നൃത്തനൃത്യങ്ങൾ.. ആലാപനശൈലിയിൽ കഴിവ് തെളിയ്ച്ച പ്രതീക്ഷയുടെ കലാകാരന്മാർ മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ഗാനങ്ങൾ പാടി.
തുടർന്ന് പ്രതീക്ഷയുടെ ഓണാഘോഷ മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാനദാനം നടന്നു.

വടംവലി മത്സരമായിരുന്നു പ്രതീക്ഷ മലയാളി കൾച്ചറൽ അസ്സോസിയേഷൻ്റെ ഓണാഘോഷങ്ങളിൽ പ്രധാനം.
സ്ത്രീകളും പുരുഷന്മാരുമായി തിരിഞ്ഞ് എട്ട് ടീമുകളാണ് മത്സരത്തിനെത്തിയത്.
കാണികൾ ഏറ്റവും കൂടുതൽ ആസ്വദിച്ചത് വടംവലി മത്സരമായിരുന്നു.
രണ്ടായി തിരിഞ്ഞ് നടത്തിയ മത്സരത്തിൽ ഇരുവിഭാഗത്തിൽ നിന്നും ഓരോരുത്തർ വിജയിച്ചു.
കൂടാതെ ഓണാഘോഷത്തിന്റെ ഭാഗമായി നാലു ദിവസങ്ങളിലായി ഫുട്ബോൾ , ക്രിക്കറ്റ് , ബാഡ്മിന്റൺ എന്നീ മത്സരങ്ങൾ നടത്തുകയും വിജയിച്ച ടീമുകൾക്കുള്ള സമ്മാനദാനവും തദവസരത്തിൽ നടത്തുകയുണ്ടായി.
രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ച ആഘോഷ പരിപാടികൾ വൈകിട്ട് ഏഴ് മണിയോടെ അവസാനിച്ചു.