ബിനോയ് എം. ജെ.

ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചുവെന്ന് പല മതക്കാരും, മനുഷ്യർ പൊതുവെയും വിശ്വസിച്ചു പോരുന്നു. ഇവിടെ സ്വാഭാവികമായും ഉയരുന്ന ചോദ്യം ദൈവം എന്തിനുവേണ്ടി ഈ സൃഷ്ടികർമ്മം നിർവ്വഹിച്ചു എന്നതാണ്. പ്രപഞ്ചം എപ്പോഴും അപൂർണ്ണമാണ്. പരിപൂർണ്ണനായ ദൈവം എന്തിനുവേണ്ടി അപൂർണ്ണമായ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചു? അപൂർണ്ണമായ ഈ പ്രപഞ്ചം ദുഃഖത്തിന്റെയും, വിലാപത്തിന്റെയും, കഷ്ടപ്പാടിന്റെയും, വേദനയുടെയും ഒരിക്കലും അവസാനിക്കാത്ത തിക്താനുഭവങ്ങളെ ജനിപ്പിക്കുന്നു. മരണം ഇവിടെ താണ്ഡവമാടുകയാണ്. പ്രതീക്ഷക്ക് വകയൊന്നുമില്ല. നമ്മുടെ ആഗ്രഹങ്ങൾ പലപ്പോഴും അസ്ഥാനത്താണ്. ഇനി ഈ ജഗത്തും ഇവിടുത്തെ കാര്യങ്ങളും ഭഗവാന്റെ ലീലകളാണെങ്കിൽ ഇത്തരം ഒരു ക്രൂരവിനോദത്തിൽ ഏർപ്പെടുവാൻ തക്കവണ്ണം ഭഗവാൻ അത്രമാത്രം ദുഷ്ടനാണോ? മനുഷ്യന്റെ കണ്ണീരും വിലാപവും കാണുവാൻ ദൈവത്തിനു കൊതിയുണ്ടെന്ന് തോന്നുന്നു. ഇത് വേണ്ടായിരുന്നു!

ഈ വാദഗതികൾ എല്ലാം തന്നെ യുക്തിയുടെ മുൻപിൽ ചീറ്റിപോകുന്നവയാണ്. മറിച്ച് അങ്ങനെ ഒരു പ്രപഞ്ചസൃഷ്ടി നടന്നിട്ടുണ്ടോ? ഉണ്ടാകുവാൻ വഴിയില്ല! അപ്പോൾ നാമീ കാണുന്നതൊക്കെ എന്താണ്? ഇത് ഈശ്വരൻ തന്നെയാകുന്നു. ഈശ്വരനെന്ന അനന്ത സത്തയുടെ ഒരംശം മാത്രം നാം കാണുന്നു. എല്ലാം ഈശ്വരൻ തന്നെ. അവിടുന്നല്ലാതെ മറ്റൊന്നില്ല. അവിടുത്തെയാണ് നാം കാണുകയും അനുഭവക്കുകയും ചെയ്യുന്നത്. അപ്പോൾ പിന്നെ ഈ പ്രാരാബ്ധങ്ങളും കഷ്ടപ്പാടുകളും ക്ലേശങ്ങളും എവിടെ നിന്ന് വരുന്നു? ഈശ്വരനിൽ നിന്നെങ്ങനെയാണ് ദുഃഖങ്ങൾ ജനിക്കുന്നത്? ഇത് ഈശ്വരനാണെന്നറിയുന്നവന് ദുഃഖങ്ങൾ ഇല്ല എന്നതാണ് സത്യം. അവിടുന്ന് ആനന്ദസ്വരൂപിയാണ്. ദുഃഖങ്ങളെല്ലാം പ്രപഞ്ചത്തിലാണ് കിടക്കുന്നത്. പ്രപഞ്ചത്തെ കാണുന്നവൻ സർവ്വവിധ ക്ലേശങ്ങളെയും കാണുന്നു. ഈശ്വരനെ കാണുന്നവനാവട്ടെ പരമാനന്ദത്തിൽ വസിക്കുന്നു. പ്രശ്നങ്ങളെല്ലാം കാഴ്ചപ്പാടിലാണ് കിടക്കുന്നത്. ‘ബ്രഹ്മസത്യം ജഗത് മിഥ്യ’ എന്ന് നിങ്ങൾ കേട്ടിരിക്കും. മിഥ്യയിൽ കഴിയുന്നവൻ ദുഃഖത്തിൽ കഴിയുന്നു. അവൻ സത്യമെന്തെന്ന് അറിയുന്നില്ല. എന്നാൽ സത്യമറിയുന്നവൻ മിഥ്യയെയും ദുഃഖങ്ങളെയും ജയിച്ചിരിക്കുന്നു.

മേൽ പറഞ്ഞ കാര്യത്തെ ഒരുദാഹരണ സഹിതം വ്യക്തമാക്കാം. ഇരുട്ടത്ത് ഒരു കയർ കിടക്കുന്നതായി സങ്കല്പിക്കുക. നാം പെട്ടെന്നു നോക്കുമ്പോൾ അതിനെ ഒരു പാമ്പായി തെറ്റിദ്ധരിക്കുന്നു. നാം പേടിച്ച് നിലവിളിക്കുകയും ചെയ്യുന്നു. അതുപോലെ ഈശ്വരനാകുന്ന സത്തയെ കണ്ട് നാം ജഗത്തായി തെറ്റിദ്ധരിക്കുന്നു. ഇതുമൂലം നാനാവിധത്തിലുള്ള നിഷേധാത്മക വികാരങ്ങൾ നമ്മിൽ മുള പൊട്ടുന്നു. ഇങ്ങനെ കാണപ്പെടുന്ന ജഗത് സത്യമല്ല. ഇതിനോടൊപ്പം സത്യമായ ഈശ്വരൻ മറയുകയും ചെയ്യുന്നു. ലോകത്തിൽ കോടിക്കണക്കിന് ആളുകൾ ഈശ്വരനെ കുറിച്ച് പറയുകയും അവിടുത്തെ ആരാധിക്കുകയും ചെയ്യുന്നു. എന്നാൽ ആ ഈശ്വരൻ എവിടെയാണ് ഇരിക്കുന്നത്? ഈശ്വരനെ കാണുവാൻ സാധിക്കുന്നില്ല. അതാണ് മാനവരാശിക്ക് പിണഞ്ഞിരിക്കുന്ന ഏറ്റവും വലിയ ദുരന്തം. ഈശ്വരനെ കണ്ടുതുടങ്ങിയാൽ നമ്മുടെ ജീവിതം ആകെ മാറുകയാണ്. പരിമിതികളും പരാതികളും തിരോഭവിക്കുകയാണ്. അവിടെ അനന്താനന്ദത്തിന്റെ സ്ഫുലിംഗങ്ങൾ കണ്ടു തുടങ്ങുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈശ്വരൻ അരൂപി മാത്രമല്ല സ്വരൂപിയും കൂടിയാണ്. കാണപ്പെടാത്ത ഈശ്വരനെ എങ്ങനെയാണ് ആരാധിക്കുക. അത് വെറും കപടതയാകാനെ വഴിയുള്ളൂ. കാണപ്പെടുന്ന ഈശ്വരനെ നിഷേധിച്ചുകൊണ്ട് താൻ ഈശ്വരനെ അന്വേഷിക്കുന്നു എന്ന് പറയുന്നവൻ കണ്ണടച്ചിരുട്ടാക്കുന്നു. അവൻ ആത്മവഞ്ചകനും നുണയനുമാണ്. വെറുതെയല്ല ലോകത്തിൽ നിരീശ്വരവാദം ഇത്രയധികം ശക്തിയായി വളർന്നു വരുന്നത്. കാണാത്തത് ഇല്ല എന്ന് പറയുന്നവൻ കാണാത്തത് ഉണ്ട് എന്ന് പറയുന്നവനേക്കാൾ സത്യസന്ധനാണ്. ഈശ്വരന്റെ പേരിൽ ഇത്രയധികം വാദപ്രതിവാദങ്ങളും, സംഘർഷങ്ങളും, യുദ്ധങ്ങൾ പോലും നടക്കുന്നത് എന്തുകൊണ്ട്? ആരും ഈശ്വരനെ കാണുന്നില്ല; അറിയുന്നുമില്ല. നമ്മെ ചതിച്ചത് തെറ്റായ ആശയങ്ങളും, തത്വചിന്തകളും, അഭിപ്രായങ്ങളും ആണ്. മതങ്ങളിൽ തന്നെ തെറ്റ് കടന്നു കൂടിയിരിക്കുന്നു. തെറ്റായ ഒരു തത്വചിന്തയുടെയോ മൂഢമായ ഒരു സങ്കൽപത്തിന്റെയോ പിറകേ പോയാൽ നമ്മുടെ ജീവിതം താറുമാറാകും. ഒരു ചെറിയ തുളക്ക് ഒരു വലിയ കപ്പലിനെ മുക്കുവാൻ കഴിയും. മനുഷ്യന്റെ പ്രശ്നങ്ങളുടെയെല്ലാം അടിസ്ഥാനപരമായ കാരണം ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചു വെന്ന മൂഢമായ കാഴ്ചപ്പാടാണ്. ആരാണിതിനുത്തരവാദി? ഒരു പക്ഷേ പ്രാകൃത മനുഷ്യന്റെ ബുദ്ധിയിൽ ഉരുത്തിരിഞ്ഞ ഒരാശയമായിരിക്കാമിത്. തുടക്കത്തിൽ അങ്ങിനെയൊക്കെയേ മനുഷ്യന് ചിന്തിക്കുവാൻ കഴിയൂ. എന്നാൽ പിന്നീട് വന്നവർ അതിനെ തിരുത്തേണ്ടിയിരിന്നു. അവർക്ക് എന്തുകൊണ്ട് അതിന് കഴിഞ്ഞില്ല? സഹസ്രാബ്ദങ്ങൾ ഇത്ര കഴിഞ്ഞിട്ടും വികലമായ ഈ സിദ്ധാന്തത്തെ മനുഷ്യമനസ്സുകളിൽ നിന്നും പിഴുതെറിയുവാൻ കഴിയാത്തത് എന്തുകൊണ്ട്?

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120