ബിനോയ് എം. ജെ.

മനുഷ്യനിൽ പലതരം വികാരങ്ങൾ കാണപ്പെടുന്നു. കൂടുതൽ കൃത്യമായി പറഞ്ഞാൽ അവൻ പലതരം വികാരങ്ങളുടെയും അടിമയാണ്. ചില വികാരങ്ങൾക്ക് ഭാവാത്മകമായ ഒരു വശവും നിഷേധാത്മകമായ മറ്റൊരു വശവും ഉണ്ട്. ഉദാഹരണത്തിന് ആശയും നിരാശയും, ഉത്കർഷതയും അപകർഷതയും, ഇഷ്ടവും അനിഷ്ടവും ,സുഖവും ദു:ഖവും തുടങ്ങിയവ. മറ്റുചില വികാരങ്ങളാവട്ടെ പൂർണ്ണമായും നിഷേധാത്മകങ്ങളാണ്. ഉദാഹരണത്തിന് ഉത്കണ്ഠ, ഭയം, വിദ്വേഷം,കോപം തുടങ്ങിയവ. ഈ വികാരങ്ങളാവട്ടെ പരസ്പരം ബന്ധപ്പെട്ടും കിടക്കുന്നു. വികാരം ഭാവാത്മകമാണെങ്കിലും നിഷേധാത്മകമാണെങ്കിലും അത് മനസ്സിന്റെ ശാന്തിയെ തകർക്കുന്നു. മാത്രവുമല്ല ഭാവാത്മക വികാരങ്ങൾ കാലക്രമേണ നിഷേധാത്മക വികാരങ്ങൾക്ക് വഴിമാറുകയും ചെയ്യുന്നു.

വികാരങ്ങളുടെയെല്ലാം ധർമ്മം ആത്മസംരക്ഷണമാകുന്നു. ആത്മസംരക്ഷണമാവട്ടെ സ്വാർത്ഥകവുമാണ്. അതായത് വികാരങ്ങൾ സ്വാർത്ഥതയുടെ ലക്ഷണവും കാരണവും ആകുന്നു. വികാരങ്ങളുടെ പിറകേ പോകുന്നവൻ സ്വാർത്ഥതയുടെ പിറകെ പോകുന്നു. വികാരങ്ങൾ, ഭാവാത്മകമാണെങ്കിലും നിഷേധാത്മകമാണെങ്കിലും ദു:ഖത്തിന്റെ കാരണവുമാകുന്നു. വികാരങ്ങൾ തലക്ക് പിടിച്ച് കഴിഞ്ഞാൽ പിന്നെ തലച്ചോറ് ജോലി ചെയ്യുകയില്ല! അത് കൊണ്ടാണ് അത്തരം സന്ദർഭങ്ങളിൽ നാം മഠയത്തരങ്ങൾ മാത്രം കാട്ടിക്കൂട്ടുന്നത്. കോപം തോന്നുന്നവൻ കൈയിൽ കാണുന്നവയെല്ലാം തച്ചുടക്കുകയും മറ്റുള്ളവരെ ഉപദ്രവിക്കുകയും ചെയ്യുന്നു. നിരാശയും ദു:ഖവും തോന്നുമ്പോൾ നാം ആത്മഹത്യക്ക് മുതിരുന്നു. ഇതിന്റെയൊക്കെ കാരണമെന്താണ്? തലച്ചോർ പ്രവർത്തിക്കുന്നില്ല- അത്രതന്നെ!

വികാരങ്ങൾ ബുദ്ധിയെ മറക്കുന്നു. മനുഷ്യൻ അനന്തമായ ബുദ്ധിശക്തിയുടെയും അറിവിന്റെയും ഉടമയാണ്. ആ അറിവും ബുദ്ധിശക്തിയും നമുക്കെങ്ങനെ കൈമോശം വന്നുപോകുന്നു? വികാരമാണ് ഇവിടുത്തെ വില്ലൻ! ഈ കാലങ്ങളിൽ നാം വൈകാരിക ബുദ്ധിശക്തി(Emotional Intelligence)യെക്കുറിച്ച് കേൾക്കുന്നു. ഇതൊരു മഠയത്തരമാകുവാനേ വഴിയുള്ളൂ. കാരണം വികാരമുള്ളിടത്ത് ബുദ്ധിശക്തിയില്ല; ബുദ്ധിശക്തിയുള്ളിടത്ത് വികാരവുമില്ല. വികാരം ബുദ്ധിശക്തിയെ പരിപോഷിപ്പിക്കുന്നില്ല, മന്ദീഭവിപ്പിക്കുകയേ ചെയ്യുന്നുള്ളൂ. നിങ്ങൾക്ക് ബുദ്ധിശക്തിയിൽ പുരോഗതി ഉണ്ടാവണമെങ്കിൽ നിങ്ങളുടെ വികാരങ്ങളെ അടക്കുവിൻ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആത്മസംരക്ഷണ(Self-Preservation)ത്തിന്റെ തത്വശാസ്ത്രം പഠിച്ചാൽ, അതിനു വേണ്ടിയുള്ള ഓരോ പരിശ്രമവും അതിനെ നഷ്ടപ്പെടുത്തി കളയുന്നതായി കാണുവാൻ സാധിക്കും. ആത്മ സംരക്ഷണത്തിനുള്ള ശ്രമം ഉപേക്ഷിക്കുന്നയാൾ അതിൽ വിജയിക്കുകയും ചെയ്യുന്നു. സ്വന്തം പരിരക്ഷയ്ക്ക് വേണ്ടി നാം വികാരം കൊള്ളുമ്പോൾ നമ്മിലെ അനന്തമായ ബുദ്ധിശക്തി മറക്കപ്പെടുകയും സ്വന്തം പരിരക്ഷ അപകടത്തിലാവുകയും ചെയ്യുന്നു. ഉദാഹരണത്തിന് നിങ്ങൾ ഭാവിയെകുറിച്ച് ആധി പിടിക്കുമ്പോൾ നിങ്ങളുടെ ഭാവി അപകടത്തിലാവുന്നു.ഇനിയും നിങ്ങൾ ഇപ്പോൾ തന്നെ ഈശ്വരനാണെങ്കിൽ ആത്മപരിരക്ഷയുടെ ആവശ്യമെന്ത്? വികാരം മൂഢവും അന്ധവുമാണ്. വികാരം കൊള്ളുമ്പോൾ നമ്മിലെ ഈശ്വരഭാവം മറക്കപ്പെടുകയും നാം മനുഷ്യരായി മാറുകയും ചെയ്യുന്നു. അതിനാൽ തന്നെ വികാരനിയന്ത്രണം സാധനയുടെ അനുപേക്ഷണീയമയ ഭാഗമാണ്.

ഈ കാലങ്ങളിൽ മന:ശ്ശാസ്ത്രജ്ഞന്മാർ പോലും വികാരപ്രകടനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് കാണുമ്പോൾ ദു:ഖം തോന്നുന്നു. ജീവിതം ഒരു വികാരപ്രകടനമായി അധ:പതിക്കുവാൻ പാടില്ല. ചുറ്റും നോക്കുവിൻ, നാമെന്താണ് കാണുന്നത്? പ്രണയത്തിൽ വീഴുന്നവർക്ക് ഭ്രാന്ത് പിടിച്ചതുപോലെയാണ്. അവരുടെ ജീവിതം തന്നെ അപകടത്തിലാണ്. വിവാഹം കഴിക്കുന്നവരുടെ കഴിവ് നേർ പകുതിയായി കുറയുകയും കടമകൾ നാലിരട്ടിയായി വർദ്ധിക്കുകയും ചെയ്യുന്നു. അതായത് തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റുവാൻ അവർക്ക് ബുദ്ധിമുട്ടാണെന്ന് സാരം. ഇത്തരം കാര്യങ്ങളെക്കുറിച്ച് സമൂഹം ആഴത്തിൽ ചിന്തിക്കേണ്ടിയിരിക്കുന്നു. ജീവിതം നാം കരുതുന്നതുപോലെയല്ല.നാമറിഞ്ഞുകൊണ്ട് നമ്മുടെ ജീവിതത്തെ പരാജയത്തിലെക്ക് തള്ളിവിടരുത്.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120