ബിനോയ് എം. ജെ.
സ്വാമി വിവേകാനന്ദൻ പറയുന്നു “ജീവിതത്തിന്റെ കാതൽ അറിഞ്ഞു കൂടാത്തവർക്ക് ജീവിതയാത്രയിൽ നേതൃത്വം കൊടുക്കുവാനാവില്ല.” എന്താണ് ജീവിതത്തിന്റെ കാതൽ? സുഖം ദു:ഖത്തിന്റെയും ദു:ഖം സുഖത്തിന്റെയും കാരണമാകുന്നു എന്നതാണ് ജീവിതത്തിന്റെ കാതൽ. സുഖവും ദു:ഖവും ഭിന്നങ്ങളല്ലെന്നും അവ രണ്ടും ഒന്നു തന്നെയാണെന്നുമുള്ള അറിവാണ് നമുക്ക് വേണ്ടത്. സുഖമുള്ളടത്ത് ദു:ഖവും ദു:ഖം ഉള്ളടത്ത് സുഖവുമുണ്ട്. അവ രണ്ടും ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ പോലെയാണ്. ദു:ഖം രൂപാന്തരപ്പെട്ടു സുഖവും സുഖം രൂപാന്തരപ്പെട്ടു ദു:ഖവും ഉണ്ടാവുന്നു. അതിനാൽ നിങ്ങൾക്ക് സുഖമാണ് ജീവിതത്തിൽ വേണ്ടതെങ്കിൽ ദു:ഖത്തെ അന്വേഷിച്ചു തുടങ്ങുവിൻ! യേശുക്രിസ്തു പറയുന്നു “ദു:ഖിക്കുന്നവർ ഭാഗ്യവാന്മാർ എന്തുകൊണ്ടെന്നാൽ അവർ സന്തോഷം കണ്ടെത്തുന്നു.”
സുഖവും ദു:ഖവും രണ്ടാണെന്ന ചിന്ത ഒരു വലിയ ആശയക്കുഴപ്പമാണ്. അതാണ് നമ്മെ ബാധിച്ചിരിക്കുന്ന അടിസ്ഥാനപരമായ ആശയക്കുഴപ്പം. അതിനാൽ തന്നെ നാം സുഖത്തെ തേടുകയും ദു:ഖത്തെ ഒഴിവാക്കുവാൻ ശ്രമിക്കുകയും ചെയ്യുന്നു. സുഖത്തെ തേടുന്നവന്റെ പിന്നാലെ ദു:ഖവും ഓടിയടുക്കുന്നു. അതിനാൽ തന്നെ സുഖത്തിന് പിന്നാലെ ദു:ഖവും വന്നുചേരുന്നു. അവ രണ്ടും ഒന്നാണെന്ന് മനസ്സിലാക്കുന്നതുവരെ അവ മാറിമാറി വന്നുകൊണ്ടിരിക്കുന്നു. ആശയക്കുഴപ്പത്തിൽനിന്നും സുഖദു:ഖങ്ങളും സുഖദു:ഖങ്ങളിൽ നിന്നും ആശയക്കുഴപ്പവും മാറിമാറി സംഭവിക്കുന്നു. പ്രസ്തുത അവബോധം എല്ലാ ആശയക്കുഴപ്പങ്ങൾക്കുമുള്ള പരിഹാരവും അതിനാൽതന്നെ സകലദു:ഖനിവാരിണിയുമാകുന്നു.
നാമെല്ലാവരും ആഗ്രഹങ്ങളുടെ പിറകേ പോകുന്നവരാണ്. ആഗ്രഹം സുഖത്തിന് വേണ്ടിയുള്ള ദാഹമാണ്. ഇപ്രകാരം സുഖത്തിന്റെയും ആഗ്രഹത്തിന്റെയും പിറകേയുള്ള ഓട്ടം ദു:ഖത്തെ ക്ഷണിച്ചു വരുത്തുകയേ ഉള്ളൂ. അതുപോലെതന്നെ ദു:ഖത്തെ ഒഴിവാക്കുവാൻ വെമ്പൽ കൂട്ടുന്നവൻ സുഖത്തെയും ഒഴിവാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് നമ്മുടെ മനോഭാവത്തിൽ അടിസ്ഥാനപരമായ ഒരു മാറ്റം സംഭവിക്കേണ്ടിയിരിക്കുന്നു. സുഖത്തെ അന്വേഷിക്കുന്നതിന് പകരം ദു:ഖത്തെ അന്വേഷിച്ചു തുടങ്ങുവിൻ. ദു:ഖത്തെ അന്വേഷിച്ചു തുടങ്ങുന്നവന്റെ ജീവിതത്തിൽ നിന്നും ദു:ഖങ്ങൾ പറപറക്കുന്നു!
ദു:ഖങ്ങൾ എത്രയധികം കഠിനങ്ങളാണോ അത്രമേൽ ഉത്കടങ്ങളായിരിക്കും അവയിൽ നിന്നുടലെടുക്കുന്ന അല്ലെങ്കിൽ അവ ജന്മം കൊടുക്കുന്ന സുഖങ്ങളും.അതുപോലെ തന്നെ അത്യുത്കടങ്ങളായ സുഖങ്ങൾ നമ്മെ അത്രതന്നെ ഗുരുതരങ്ങളായ ദു:ഖങ്ങളിലും കൊണ്ടുവന്ന് ചാടിക്കുന്നു. “കളിയും ചിരിയും വിടരും നാളുകൾ കദനത്തിലേക്കുള്ള യാത്രയല്ലോ” എന്ന് പാടിയ കവിയുടെ പേര് ഞാൻ ഓർമ്മിക്കുന്നില്ല. അത് ഒരു വലിയ കണ്ടെത്തൽ തന്നെയാണ്. സുഖത്തെ അന്വേഷിക്കുന്നവൻ സ്വന്തം ജീവിതത്തിൽ ദു:ഖങ്ങളെ കുന്നു കൂട്ടി വയ്ക്കുന്നു. ദു:ഖങ്ങളെ അന്വേഷിക്കുന്നവനാവട്ടെ സ്വന്തം ജീവിതത്തിൽ സുഖത്തെയും കുന്നു കൂട്ടി വയ്ക്കുന്നു. സുഖത്തോടുള്ള ആസക്തിയും ദു:ഖത്തോടുള്ള വിരക്തിയും തിരോഭവിക്കേണ്ടിയിരിക്കുന്നു. അപ്പോൾ തടിക്ക് കേടുകൂടാതെ നിങ്ങൾക്ക് ഈ സംസാരസാഗരത്തിലൂടെ കടന്നുപോകുവാൻ കഴിയും. അപ്പോൾ നിങ്ങളെ ബാധിക്കുവാൻ ബാഹ്യലോകത്തിന് കഴിയുകയില്ല. യാതൊന്നിനെയും ഭയപ്പെടാതെയും ഇരിക്കുക. അതിനോടൊപ്പം പ്രശ്നങ്ങളിലും പ്രരാബ്ധങ്ങളിലും കഴിയുന്നവരെ ആദരിക്കുകയും ആരാധിക്കുകയും ചെയ്യുവിൻ. അപ്പോൾ നിങ്ങൾ ശ്രഷ്ഠമായ വ്യക്തിത്വത്തിന്റെ ഉടമകളാകുന്നു. ആഗ്രഹങ്ങളുടെ പിറകേ പോകാതിരിക്കുവിൻ.കാരണം ആഗ്രഹമാണ് എല്ലാ ദു:ഖങ്ങളുടെയും കാരണം.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
Leave a Reply