ബിനോയ് എം. ജെ.
നമ്മുടെ സാമൂഹിക ജീവിതത്തിലേക്ക് ഒന്ന് കണ്ണോടിച്ചാൽ സമൂഹം വ്യക്തിയെ ഒട്ടും തന്നെ ബഹുമാനിക്കുന്നില്ല എന്ന് കാണാം . വ്യക്തി സമൂഹത്തിൽ നിന്നും ബഹുമാനം കൊതിക്കുന്നു. എന്നാൽ അവനത് കിട്ടുന്നില്ല. വ്യക്തി സമൂഹത്തെ ഭരിക്കുവാൻ ആഗ്രഹിക്കുന്നു. എന്നാൽ സമൂഹം അവനെ ഭരിക്കുന്നു. സമൂഹത്തിൽ വ്യക്തി സ്വാതന്ത്ര്യം കൊതിക്കുന്നു. എന്നാൽ അവനത് കിട്ടുന്നില്ല. വ്യക്തി സമൂഹത്തെ കാൽചുവട്ടിലാക്കുവാൻ ശ്രമിക്കുന്നു. എന്നാൽ സമൂഹം വ്യക്തിയെ കാൽചുവട്ടിലാക്കുന്നു. എന്തുകൊണ്ട് ഇങ്ങനെ ഒക്കെ സംഭവിക്കുന്നു?എന്തുകൊണ്ട് സമൂഹം വ്യക്തിയെ ചവിട്ടിത്തൂക്കുന്നു? ഇതിന്റെ പിറകിൽ അൽപം യുക്തിയുണ്ട്.
മനുഷ്യ(വ്യക്തി) ജീവിതത്തിന്റെ ആത്യന്തികമായ ലക്ഷ്യം പ്രകൃതിയെ (സമൂഹത്തെ) ജയിക്കുക എന്നതാകുന്നു. ഇവിടെ വ്യക്തി സമൂഹത്തിനും ഉപരിയാണ്. മനുഷ്യൻ ഒരു സാമൂഹിക ജീവിയാണെന്നുള്ളത് ശരിതന്നെ. എന്നാൽ തന്റെ ജീവിതത്തിന് സമൂഹത്തിൽ മാത്രമേ അർത്ഥമുള്ളൂ എന്ന് വ്യക്തി ചിന്തിച്ചാൽ അവൻ സ്വാഭാവികമായും സമൂഹത്തിന്റെ പിറകെ ഓടിത്തുടങ്ങും. കിട്ടിയ അവസരം പാഴാക്കാതെ തന്നിലേക്ക് ഓടിയടുക്കുന്ന വ്യക്തിയെ സമൂഹം അടിമയായി പിടിക്കുന്നു. ഇവിടെ വ്യക്തിയെ സമൂഹം ബലമായി അടിമയാക്കുന്നില്ല എന്നത് ശ്രദ്ധിക്കപ്പെടേണ്ട ഒരു കാര്യമാണ്. മറിച്ച് അവൻ അടിമത്തം സ്വയമേവ വരിക്കുന്നു. വ്യക്തി, വടി കൊടുത്ത് അടി വാങ്ങിക്കുന്നു.
വാസ്തവത്തിൽ സമൂഹം വ്യക്തിക്ക് ദാസ്യവൃത്തി ചെയ്യേണ്ടതാണ്. വ്യക്തിയാണ് വാസ്തവത്തിൽ യജമാനൻ. കാരണം വ്യക്തിയുടെ ഉള്ളിൽ ഈശ്വരൻ വസിക്കുന്നു. സമൂഹം വെറും പ്രകൃതിയാണ്. പ്രകൃതിയെ വ്യക്തിക്കുവേണ്ടിയാണ് ഈശ്വരൻ മെനഞ്ഞിരിക്കുന്നത്. മറിച്ചല്ല! പക്ഷെ വ്യക്തി അവന്റെ ആത്മമഹത്വം അറിയുന്നില്ല. അവൻ സമൂഹത്തെ തന്നെക്കാളും ശ്രേഷ്ഠമായി കരുതുന്നു. സമൂഹമാവട്ടെ കിട്ടിയ അവസരം പാഴാക്കാതെ വിനിയോഗിക്കുന്നു. ഇങ്ങനെയാണ് വ്യക്തിയുടെ കഷ്ടപ്പാടുകളും ദുരിതങ്ങളും ആരംഭിച്ചു തുടങ്ങുന്നത്.
ഇനി ഈ പ്രശ്നത്തിനുള്ള പരിഹാരം എന്തെന്ന് ആലോചിക്കാം. പുറത്തേക്ക് നോക്കുമ്പോൾ വ്യക്തി തന്നേക്കാൾ വലിയ ഒരു സമൂഹത്തെ അവിടെ കാണുകയും ഉള്ളിലുള്ള ഈശ്വരനെ മറക്കുകയും ചെയ്യുന്നു. അവിടെ നിർണ്ണായകമായ ആ അപചയവും പരാജയവും സംഭവിക്കുന്നു. സമൂഹമധ്യത്തിലേക്ക് ഓടുവാനുള്ള തന്റ നൈസർഗ്ഗികമായ വാസനയെ വ്യക്തി ഉപേക്ഷിക്കുക എന്നതാകുന്നു ഈ പ്രശ്നത്തിനുള്ള ഏക പരിഹാരം. പകരം തന്നിലേക്ക് തന്നെ ഓടിത്തുടങ്ങുവിൻ. ഈശ്വരൻ വസിക്കുന്നത് സമൂഹത്തിൽ അല്ലെന്നും മറിച്ച് അത് തന്റെയുള്ളിൽ തന്നെയാണെന്നും തന്റെ ജീവിതത്തിന്റെയർത്ഥം തന്റെയുള്ളിൽ തന്നെ കണ്ടെത്തേണ്ടിയിരിക്കുന്നെന്നും വ്യക്തി മനസ്സിലാക്കിതുടങ്ങുമ്പോൾ പ്രശ്നപരിഹാരത്തിനുള്ള മാനസികമായ സാഹചര്യം സംജാതമാകുന്നു. അവിടെ നിർണ്ണായകമായ ആ മാറ്റം സംഭവിക്കുന്നു.
പുറത്തേക്ക് നോക്കുന്നതിന് പകരം ഉള്ളിലേക്ക് തന്നെ നോക്കേണ്ടിയിരിക്കുന്നു. സമൂഹത്തെ തത്കാലത്തേക്ക് മറന്നുകളയുവിൻ. താൻ ഈശ്വരന്റെ വാസസ്ഥാനമാണെന്നും എല്ലാത്തിന്റയും അർത്ഥം കിടക്കുന്നത് തന്റെയുള്ളിൽ തന്നെയാണെന്നും അറിയുന്നയാൾ പിന്നീട് സമൂഹത്തിന്റെ പിറകെ ഓടുകയില്ല. ഇപ്രകാരം തന്നിലേക്ക് തന്നെ തിരിയുമ്പോൾ അത്ഭുതകരമായി നിങ്ങൾ നിങ്ങളെത്തന്നെ അറിയുകയും കണ്ടെത്തുകയും ചെയ്യുന്നു. ഇതിനെ ആത്മസാക്ഷാത്കാരം എന്ന് വിളിക്കുന്നു. നിങ്ങളുടെ ജീവിതത്തിന്റെ കേന്ദ്രം നിങ്ങൾ തന്നെയാകുന്നുവെന്നും സമൂഹമല്ല എന്നും അറിഞ്ഞുകൊള്ളുവിൻ. നിങ്ങൾക്ക് ദിശാബോധം തരുവാൻ സമൂഹത്തിന് ആവില്ല, മറിച്ച് സമൂഹത്തിന് ദിശാബോധം കൊടുക്കുവാൻ നിങ്ങൾക്കാവും. ലോകത്തെ മാറ്റിമറിച്ചവർ എല്ലാം തന്നെ ഉള്ളിൽനിന്നും അറിവും ശക്തിയും സമ്പാദിച്ചവരാണ്.
ഇപ്രകാരം ഉള്ളിലേക്ക് നോക്കുകയും അവിടെ ഈശ്വരനെ ദർശിക്കുകയും ചെയ്യുന്ന ഒരാളോടുള്ള സമൂഹത്തിന്റെ സമീപനം എന്തായിരിക്കും? ഇവിടെ സമൂഹം അടവൊന്ന് മാറ്റുന്നു. വ്യക്തിയെ ഇനിമേൽ തന്റെ അടിമയായി കിട്ടുകയില്ലെന്ന് അറിയുന്ന സമൂഹം വ്യക്തിക്ക് ദാസ്യവൃത്തി ചെയ്തു തുടങ്ങുന്നു. ഈ സ്ഥിതിയല്ലേ നാമെല്ലാവരും ഉള്ളിന്റെയുള്ളിൽ ആഗ്രഹിക്കുന്നത്? അസ്ഥിത്വവാദികളും ഭാരതീയ തത്വചിന്തകന്മാരും ഈ വാദഗതിയെ ശരിവയ്ക്കുന്നു. ക്ലേശങ്ങളുടെയെല്ലാം ഉറവിടം പാരതന്ത്ര്യവും അടിമത്തവുമാണെന്ന് അൽപം ചിന്തിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ. മനുഷ്യൻ ഒരു സാമൂഹിക ജീവി ആയിരിക്കാം. അതിലുമുപരിയായി അവൻ ഈശ്വരന്റെ വാസഗേഹമാകുന്നു. സ്വന്തം ഈശ്വരഭാവത്തെ മറന്നുകൊണ്ട് സമൂഹത്തിന്റെ പിറകെ ഓടുന്ന പ്രതിഭാസത്തെ ‘ലൗകികത’ എന്ന് വിളിക്കുന്നു. നിഷ്കാമകർമ്മം എന്നത് കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്? സ്വാതന്ത്ര്യത്തോടെയും യജമാനൻ എന്ന ഭാവത്തോടെയും കർമ്മം ചെയ്യുക; അടിമത്തം ഉപേക്ഷിക്കുക. മായാബന്ധനം എന്നാൽ പ്രകൃതിയു(സമൂഹവു)മായുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഉദ്ദേശിക്കുന്നത്. ഇതിൽ നിന്നുമുള്ള മോചനം മോക്ഷവും ആകുന്നു.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
Leave a Reply