ബിനോയ് എം. ജെ.
സുമേഷ് എന്ന ചെറുപ്പക്കാരന് സാമാന്യം ഭേദപ്പെട്ട ഒരു ജോലിയും ഒരു കുടുംബവും വാർദ്ധക്യത്തിൽ എത്തിയ മാതാപിതാക്കളും ഉണ്ട്. പിതാവിന് ആസ്മയ്ക്കുള്ള മരുന്ന് വാങ്ങുവാൻ അമ്മ പലതവണ ആവശ്യപ്പെട്ടിട്ടും സുമേഷിന് തിരക്കുമൂലം സാധിക്കാതെ പോകുന്നു. ഈ ചെറുപ്പക്കാരൻ തെറ്റുകാരനാണെന്ന് നാം പ്രഥമ ദൃഷ്ടിയിൽ വിധിയെഴുതിയേക്കാം. സുമേഷ് ആരോഗ്യവാനായിരിക്കാം.എന്നാൽ ആ ആരോഗ്യം തന്നെ അയാളുടെ പ്രശ്നം. എടുക്കാവുന്നതിലധികം ഭാരം അയാൾ തലയിലെടുത്തു വച്ചുകഴിഞ്ഞു. ജോലി, കുട്ടികളുടെ വിദ്യാഭ്യാസം,സാമ്പത്തിക പ്രശ്നങ്ങൾ, ഭാര്യ, മാതാപിതാക്കളുടെ ആരോഗ്യപ്രശ്നങ്ങൾ, സാമൂഹികമായ ഉത്തരവാദിത്വങ്ങൾ, ബന്ധുമിത്രാദികൾ ഇങ്ങനെ പോകുന്നു അയാളുടെ പ്രശ്നങ്ങൾ. ആരോഗ്യം കൂടുന്നതിനൊപ്പിച്ച് നാം കൂടുതൽ കൂടുതൽ പ്രാരാബ്ധങ്ങൾ എടുത്തു തലയിൽ വക്കുകയും ചെയ്യുന്നു. യൗവനം നല്ല കാലമാണെന്ന് എല്ലാവരും പറയുന്നുണ്ട്. വാസ്തവത്തിൽ യൗവനം പ്രാരാബ്ധങ്ങളുടെയും വിരസതയുടെയും കൂടെ കാലമാണ്.
സുമേഷിന്റെ മാതാപിതാക്കൾ വാർദ്ധക്യത്തിൽ എത്തിയവരും അതിനാൽതന്നെ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരുമായിരിക്കാം. എന്നാൽ അതുതന്നെയാണ് അവരുടെ ഏറ്റവും വലിയ അനുഗ്രഹവും. തങ്ങളുടെ പരിമിതികൾ മനസ്സിലാക്കി അവർ വലിയ ഉത്തരവാദിത്വങ്ങളോ ഭാരങ്ങളോ തലയിൽ വലിച്ചു കയറ്റിയിട്ടില്ലെന്ന് മാത്രമല്ല ഉള്ളവയെ ഇറക്കി വക്കുകയും ചെയ്തുകഴിഞ്ഞിരിക്കുന്നു . ആ അർത്ഥത്തിൽ അവർ കൂടുതൽ മന:സ്സമാധാനവും ശാന്തിയും അനുഭവിക്കുന്നവരാണ്. അതിനാൽതന്നെ അവരെ ദു:ഖിതരെന്ന് നാം മുദ്ര കുത്തുമ്പോൾ അതിൽ അൽപം കപടത കടന്നു കൂടുന്നു. ചെറുപ്പക്കരനായ സുമേഷിനെ സുഖിമാനെന്ന് മുദ്രകുത്തുമ്പോൾ അവിടെയും കപടത കടന്നു കൂടുന്നു. ആരാണ് സുഖിമാൻ? ആരാണ് ദു:ഖിതൻ? ഇത് ഉത്തരം പറയുവാൻ ബുദ്ധിമുട്ടുള്ള ചോദ്യമാണ്.
വാർദ്ധക്യത്തിലെത്തുമ്പോഴും മരണത്തോടടുക്കുമ്പോഴും മനുഷ്യർ ദു:ഖിതരാകുന്നുവെന്ന് ആർക്ക് പറയുവാൻ കഴിയും? മരണത്തോടടുക്കുമ്പോൾ മനുഷ്യൻ അനന്തമായ ശാന്തിയിലേക്കും അടുക്കുകയല്ലേ? മരണത്തെ നാമെത്രമാത്രം ചീത്തയായി മുദ്രകുത്തിയാലും അതിന്റെ സൗന്ദര്യത്തിന് എന്തെങ്കിലും കുറവ് സംഭവിക്കുമോ? യൗവനത്തെ നാമെത്രമാത്രം പാടിപ്പുകഴ്ത്തിയാലും അതിലെ വിരസതയ്ക്കും പ്രാരാബ്ധങ്ങൾക്കും എന്തെങ്കിലും കുറവ് സംഭവിക്കുമോ? സ്വന്തം യൗവനത്തെ പിതാവിന് നൽകി പിതാവിന്റെ വാർദ്ധക്യത്തെ സ്വയമേറ്റെടുത്ത മുനികുമാരന്റെ കഥ ഹൈന്ദവ പുരാണങ്ങളിലെവിടെയോ വായിച്ചതായി ഓർമ്മിക്കുന്നു. ആ മുനികുമാരന് അറിവും ബുദ്ധിശക്തിയും വേണ്ടുവോളം ഉണ്ടായിരുന്നു.
നാം സുഖദു:ഖങ്ങളെ നിർവ്വചിക്കുമ്പോൾ അതിൽ എപ്പോഴും കപടതകളും തെറ്റുകളും കടന്നു കൂടുന്നു. ഒരു ജീവിതാവസ്ഥ സുഖമാണോ ദൂ:ഖമാണോ എന്ന് തീരുമാനിക്കേണ്ടത് സമൂഹമല്ല! എല്ലാ ജീവിതസാഹചര്യങ്ങളിലും പ്രതിഫലിക്കപ്പെടുന്ന സുഖദു:ഖങ്ങളിലെ സമത നാമിനിയും കണ്ടെത്തിയിട്ടുണ്ടോ എന്നതാണ് പ്രശ്നം. അത് കണ്ടെത്തുന്നവരൊക്കെ അനന്താനന്ദത്തിലേക്ക് പ്രവേശിക്കുന്നു. സമൂഹം നിങ്ങളെ കബളിപ്പിക്കുകയാണ്. സമൂഹം നിങ്ങളെ ഇട്ടു കുരങ്ങു കളിപ്പിക്കുന്നു. നിങ്ങളോ കുരങ്ങു കളിച്ചുകൊണ്ടും ഇരിക്കുന്നു. ജീവിതനാടകം ഇപ്രകാരം തുടരുകയാണ്. സുഖദു:ഖങ്ങളിലെ കപടതയും ഒരിക്കലും മാറ്റുവാനാവാത്ത ആനന്ദത്തിലെ സമത്വവും നിങ്ങൾ കണ്ടെത്തുമ്പോൾ ഈ നാടകം കളിക്ക് ഒരു തിരശ്ശില വീഴുന്നു. മോക്ഷം എന്നതുകൊണ്ട് അതാണുദ്ദേശിക്കുന്നത്.
Leave a Reply