ബിനോയ് എം. ജെ.
മനുഷ്യന്റെ പ്രശ്നങ്ങൾ ആന്തരികമോ ബാഹ്യമോ? അത് ബാഹ്യലോകത്താണെന്ന് കരുതി ബാഹ്യലോകത്തെ തിരുത്തുവാൻ നാം ശ്രമിക്കുന്നു. ഈ പരിശ്രമത്തിലൂടെയാണ് മനുഷ്യന്റെ സംസ്കാരം തന്നെ വളർന്നു വന്നിരിക്കുന്നത്? എന്നാൽ ബാഹ്യലോകത്തെ തിരുത്തിക്കൊണ്ട് സ്വന്തം പ്രശ്നങ്ങളെ പരിഹരിക്കുന്നതിൽ അവൻ വിജയിക്കുന്നുണ്ടോ? അവൻ പണ്ടത്തെപോലെ ഇന്നും പ്രരാബ്ധങ്ങളിൽ തന്നെ കഴിയുന്നു. ബാഹ്യലോകത്തെ എത്രതന്നെ തൂത്തു മിനുക്കിയാലും അവന് ആന്തരികസന്തോഷം കിട്ടുവാൻ പോകുന്നില്ല. പഴയ പ്രശ്നങ്ങൾ മാറുമ്പോൾ പുതിയവ രംഗപ്രവേശം ചെയ്യുന്നു. കാരണം മനുഷ്യന്റെ പ്രശ്നങ്ങൾ ബാഹ്യമല്ല, അവ ആന്തരികമാണ്.
മനുഷ്യന്റെ അടിസ്ഥാനപരമായ പ്രശ്നം അവന്റെ ഉള്ളിലെ നിഷേധാത്മക ചിന്തകളാണ്. ഇത് ഭാരതീയ ആചാര്യന്മാർക്ക് തുടക്കം മുതൽ അറിയാമായിരുന്നു. അതുകൊണ്ടാണ് അവർ ബാഹ്യലോകത്തെ അധികം തൂത്തു മിനുക്കുവാൻ ഇറങ്ങി തിരിക്കാഞ്ഞത്. എന്നാൽ ഈ തത്വം ആധുനിക മനുഷ്യന് ഇനിയും മനസ്സിലായിട്ടില്ല എന്ന് വ്യക്തം. അവന്റെ ഇന്ദ്രിയങ്ങളും അവന്റെ ശ്രദ്ധയും ബാഹ്യലോകത്തിലേക്ക് തുറക്കുന്നതിനാൽ ആന്തരികമായ പ്രശ്നത്തെക്കുറിച്ച് അവന് അവബോധമില്ല. അതിനാൽതന്നെ അതിന് പരിഹാരം കണ്ടെത്തുന്നതിൽ അവൻ പരാജയപ്പടുകയും ചെയ്യുന്നു. ഈ നിഷേധാത്മക ചിന്തകളെ കുറിച്ച് അവന് ബോധമില്ലാത്തതിനാൽ അവ അവന്റെ അബോധമനസ്സിലാണ് കിടക്കുന്നത് എന്ന് പറയാം.
ഇപ്രകാരം മനുഷ്യന്റെ പ്രശ്നങ്ങളുടെയെല്ലാം കാരണം അവന്റെ ഉള്ളിലാണ് കിടക്കുന്നതെങ്കിൽ ആന്തരിക ലോകത്തെ തിരുത്തികൊണ്ട് അവന് എല്ലാ പ്രശ്നങ്ങളിൽനിന്നും മോചനം നേടുവാൻ സാധിക്കും. ഒരു വ്യക്തി ഇതിന് പരിശ്രമിച്ച് തുടങ്ങുമ്പോൾ അവന്റെ ജീവിതത്തിൽ ‘സാധന’ ആരംഭിക്കുന്നു. സാധന ചെയ്യുന്ന വ്യക്തിക്ക് തന്റെ പ്രശ്നങ്ങളുടെ ആന്തരികമായ കാരണം വ്യക്തമായി അറിഞ്ഞുകൂടെങ്കിലും ആ കാരണം തന്റെ ഉള്ളിൽ തന്നെയാണെന്നും, പുറത്തല്ലെന്നും നന്നായി അറിയാം. അതിനാൽതന്നെ അവന്റെ നിഷേധാത്മക ചിന്തകൾ അബോധമനസ്സിൽ നിന്നും ഉപബോധ മനസ്സിലേക്ക് പ്രവേശിക്കുന്നു. ഇവിടെ വ്യക്തി കൂടുതൽ സന്തോഷവും സമാധാനവും അനുഭവിക്കുന്നു. അയാളുടെ ജീവിതത്തിൽ പ്രതീക്ഷയ്ക്ക് വകയുണ്ട്.
ഇനി, സാധന ചെയ്യുന്ന വ്യക്തി ഒടുവിൽ തന്റെ പ്രശ്നങ്ങളുടെയെല്ലാം അടിസ്ഥാനപരമായ കാരണം തന്റെ തന്നെ നിഷേധാത്മക ചിന്തകളാണെന്ന് കണ്ടെത്തുന്നു. ഇവിടെ പ്രശ്നം ഉപബോധമനസ്സിൽ നിന്നും ബോധമനസ്സിലേക്ക് പ്രവേശിക്കുന്നു. ബോധമനസ്സിൽ വച്ച് പ്രശ്നം ശാസ്ത്രീയമായി അപഗ്രധിക്കപ്പെടുകയും അതിനുള്ള പരിഹാരം കണ്ടുപിടിക്കപ്പെടുകയും ചെയ്യുന്നു. പരിഹാരമില്ലാത്ത ഒരു പ്രശ്നവും ഈ പ്രകൃതിയിലില്ല. പരിഹാരം അന്വേഷിക്കേണ്ടിടത്ത് അന്വേഷിക്കണമെന്ന് മാത്രം. മൂഢനായ മനുഷ്യൻ തന്റെ ആന്തരിക പ്രശ്നത്തെ ബാഹ്യലോകത്തിലേക്ക് വിക്ഷേപിക്കുന്നു. ഇവിടെ അവന്റെ പരാജയവും ആരംഭിച്ചുതുടങ്ങുന്നു. ഒരായിരം സംവത്സരങ്ങൾ പരിശ്രമിച്ചാലും ബാഹ്യലോകത്തിൽ നിങ്ങളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം കണ്ടെത്തുവാനാവില്ല. ഇപ്രകാരം മാനവരാശി സഹസ്രാബ്ദങ്ങൾ തന്നെ പാഴാക്കിക്കളഞ്ഞിരിക്കുന്നു. ഇനിയെങ്കിലും നമുക്കാ തിരിച്ചറിവ് ഉണ്ടാവട്ടെ.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
Leave a Reply