ബിനോയ് എം. ജെ.

മനുഷ്യന്റെ ക്ലേശങ്ങളുടെയെല്ലാം കാരണമെന്താണ് ? മനുഷ്യന്റെ ക്ലേശങ്ങളുടെയെല്ലാം കാരണം അവൻതന്നെയാണെന്ന് പറയപ്പെടുന്നു . എന്നാൽ ഇത് എല്ലാവർക്കും അറിവുള്ളതും പഴകിയതുമായ ഒരാശയമാണ്. എന്നാൽ ഞാൻ നിങ്ങളോട് പുതിയ ഒരാശയം പങ്കുവെക്കാം. അതനുസരിച്ച് മനുഷ്യന്റെ ക്ലേശങ്ങളുടെയെല്ലാം കാരണം അവൻ ജീവിക്കുന്ന സമൂഹമാണ്. ഒന്നോർത്തുനോക്കുവിൻ നിങ്ങളുടെ ഇന്നേവരയുള്ള എല്ലാ കണ്ണീരുകളുടെയും ദുഃഖങ്ങളുടെയും പിമ്പിലുള്ള ഒരു കക്ഷി സമൂഹം തന്നെയാണെന്ന് കാണാം. പക്ഷേ നിങ്ങളത് ശ്രദ്ധിക്കാതെ പോകുന്നു. നിങ്ങൾ അതിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുന്നതിനാൽ സമൂഹം വിജയകരമായി രക്ഷപെടുന്നു. കഥ തുടരുകയും ചെയ്യുന്നു.

സമൂഹം തെറ്റില്ലാത്ത ഒരു സത്തയാണെന്ന മിഥ്യാസങ്കൽപം ആധുനിക മനശ്ശാസ്ത്രത്തിലും സമൂഹശാസ്ത്രത്തിലും കടന്നുകൂടിയിരിക്കുന്നു. സമൂഹത്തിന്റെ മേൽ കുറ്റാരോപണം നടത്തുവാനുള്ള ശക്തി ആധുനിക മനുഷ്യന് നഷ്ടപ്പെട്ടു പോയിരിക്കുന്നു. പകരം കുറ്റങ്ങളെല്ലാം വ്യക്തിയുടെ മേൽ ആരോപിക്കപ്പെടുന്നു. വ്യക്തിയാവട്ടെ പ്രശ്നങ്ങളുടെ ഭാരം ചുമക്കാനാവാതെ മുടന്തി താഴെ വീഴുകയും ചെയ്യുന്നു. എന്നാൽ സമൂഹമാവട്ടെ യാതൊരു ഉത്തരവാദിത്വവും ഇല്ലാതെ തോന്നുന്ന മാതിരി പോവുകയും ചെയ്യുന്നു. ഇതിനോട് പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അങ്ങനെ ചെയ്യാത്ത പക്ഷം നാം നാശത്തിലേക്കാവും പോവുക! ഈ സമൂഹം എന്താണ് ചെയ്യുന്നത് എന്ന് നമുക്കൊന്ന് സൂക്ഷമപരിശോധന ചെയ്യാം.

നാം പകുതി ചെയ്യുന്നു, സമൂഹം മറ്റേ പകുതി ചെയ്യുന്നു. നാം ചെയ്യുന്നതിന്റെ ബാക്കി സമൂഹം ചെയ്യുന്നു. നമുക്കൽപം ഭയമോ, ഉത്കണ്ഠയോ, കുറ്റബോധമോ മറ്റെന്തെങ്കിലും നിഷേധാത്മക വികാരമോ ഉണ്ടെങ്കിൽ സമൂഹം അതിനെ ആളിക്കത്തിക്കുന്നു. ഇത്തരം വികാരവിചാരങ്ങൾ ചീത്തയാണെന്നുള്ള സന്ദേശം അതിൽ തീർച്ചയായും ഉണ്ട്. എന്നിരുന്നാലും സമൂഹവുമായുള്ള സംഗം നമുക്ക് വിനയായി ഭവിക്കുന്നു. കർമ്മം ചെയ്യുന്നവൻ അതിന്റെ പ്രതിഫലം അനുഭവിച്ചേ തീരൂ. പ്രതിഫലം തരുന്നതാവട്ടെ സമൂഹവും. സമൂഹവുമായുള്ള നമ്മുടെ കൂട്ടുകെട്ട് പ്രതിഫലത്തെയും ശിക്ഷയെയും ക്ഷണിച്ചു വരുത്തുന്നു. ശിക്ഷയെ ഒഴിവാക്കുവാനുള്ള ഏക മാർഗ്ഗം പ്രതിഫലത്തെ ത്യജിക്കുക എന്നതാകുന്നു.

സമൂഹം എന്നെ പീഡിപ്പിക്കുന്നു എന്ന് പരാതി പറഞ്ഞിട്ടോ സമൂഹത്തെ വെറുത്തിട്ടോ കാര്യമൊന്നുമില്ല. നിങ്ങൾ അനുവദിക്കാതെ നിങ്ങളെ ഒന്ന് സ്പർശിക്കുവാൻ പോലും സമൂഹത്തിന് കഴിയുകയില്ല. നിങ്ങൾ അനുവാദം കൊടുക്കുന്നു. അതുതന്നെ ഇവിടുത്തെ പ്രശ്നം. നിങ്ങൾ സ്വയം നിന്നുകൊടുക്കുന്നു, സമൂഹം പ്രഹരിക്കുകയും ചെയ്യുന്നു. നിങ്ങൾ പ്രതിഫലത്തിനു വേണ്ടി കൈനീട്ടുന്നു, സമൂഹം നിങ്ങളുടെ കയ്യിൽ തുപ്പിവക്കുകയും ചെയ്യുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇങ്ങനെ ഒക്കെ സംഭവിക്കുന്നത് തീർച്ചയായും ഒരു ചീത്തകാര്യം തന്നെയാണ്. നാം സമൂഹത്തിന്റെ അടിമകളാവേണ്ടവരല്ല, മറിച്ച് സമൂഹം നമ്മുടെ അടിമയാവേണ്ടതാണ്. എന്നാൽ നാം സമൂഹത്തിന്റെ അടിമകളായ് തീർന്നിരിക്കുന്നു. ഇതാണ് മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്നം. ഇതിൽനിന്ന് കരകയറിയാൽ നമുക്ക് അനന്താനന്ദം ലഭിക്കും. നമ്മെ ആശയക്കുഴപ്പത്തിലാക്കുന്നത് സമൂഹം തന്നെയാണ്. ആശയക്കുഴപ്പത്തിൽ നിന്നും വ്യഥയും ഉണ്ടാകുന്നു.

നമ്മെ പ്രഹരിക്കുന്നത് സമൂഹത്തിന്റെ കുറ്റമാണെങ്കിൽ ആ സമൂഹത്തെ നമ്മുടെ ജീവിതത്തിലേക്ക് ക്ഷണിച്ചു വരുത്തുന്നത് നമ്മുടെയും കുറ്റമാണ്. സമൂഹമില്ലാത്ത ഒരു ജീവിതത്തെ കുറിച്ച് ചിന്തിക്കുവാൻ പോലും നമുക്ക് സാധിക്കുന്നില്ല. എന്നാൽ സമൂഹമെന്നത് ഇല്ലാത്ത ഒരു സത്തയാണ്. വ്യക്തികൾ മാത്രമേ അവിടെയുള്ളൂ. സമൂഹം മായയാണ്. നിങ്ങൾ സമൂഹത്തെ കാണുന്നുണ്ടെങ്കിൽ നിങ്ങൾ മായാബന്ധനത്തിലാണ്. നിങ്ങൾ അതിന്റെ അടിമയുമാണ്. വ്യക്തികളെ മാത്രമേ നിങ്ങൾ കാണുന്നുള്ളെങ്കിൽ നിങ്ങൾ മായാബന്ധനത്തെ ജയിച്ചുകഴിഞ്ഞിരിക്കുന്നു. പിന്നീട് നിങ്ങളെ ബന്ധിക്കുവാൻ സമൂഹത്തിനാവില്ല! നിങ്ങൾ സ്വാതന്ത്ര്യം പ്രാപിച്ചിരിക്കുന്നു! സ്വാതന്ത്ര്യത്തോടൊപ്പം അനന്താനന്ദവും വന്നുചേരുന്നു.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120