ബിനോയ് എം. ജെ.
ഹിന്ദുമതത്തിൽ പറയുന്നു “അഹം ബ്രഹ്മാസ്മി” . അല്ലെങ്കിൽ ഞാൻ ഈശ്വരൻ തന്നെയാകുന്നു. പക്ഷേ നാമാരും അങ്ങനെ പറയുമെന്ന് തോന്നുന്നില്ല. എല്ലാവരെയും ഉദ്ദേശിച്ചാണല്ലോ യോഗിമാർ അപ്രകാരം പറഞ്ഞത്. അതിന് നാം മാത്രമായി ഒരപവാദം ആകുവാൻ പോകുന്നില്ല. ഞാനും നിങ്ങളും ബ്രഹ്മം തന്നെ. പക്ഷേ നമുക്കങ്ങനെ തോന്നുകയോ അനുഭവപ്പെടുകയോ ചെയ്യുന്നില്ലല്ലോ. എന്താണിതിന്റെ കാരണം? താൻ ഈശ്വരനാണെന്ന് ചിന്തിക്കുവാനുള്ള മന:ക്കരുത്തും ചങ്കൂറ്റവും നമുക്ക് തുടക്കം തൊട്ടേ ഇല്ല. താൻ ആരാണ് എന്ന ചോദ്യത്തിന് നമുക്ക് മറ്റു പല ഉത്തരങ്ങളുമുണ്ട്. ഉദാഹരണത്തിന് ഞാൻ ഒരെഴുത്തുകാരനാണ്, ഞാൻ ഒരു പ്രാസംഗികനാണ്, ഞാൻ ഒരു ചിന്തകനാണ്, ഞാൻ ഒരു പുരുഷൻ ആണ്, ഞാൻ ഒരു വിദ്യാർത്ഥിയാണ് ഇങ്ങനെ പോകുന്നു വിശദീകരണങ്ങൾ. ഇതിനെ അഹം(Ego) എന്ന് വിളിക്കാം.
ഇപ്രകാരം രൂപം കൊള്ളുന്ന അഹം ഒരു പരിധി വരെ സമൂഹത്തിന്റെ സൃഷ്ടിയാണ്. അത് സമൂഹത്തിൽ നാമഭിനയിക്കുന്ന റോളു(role)കളുടെയും നാമേറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്വങ്ങളുടെയും ഒരു ആകെത്തുകയാകുവാനേ വഴിയുള്ളൂ. അത് നൂറു ശതമാനവും സത്യമായിരിക്കണമെന്നുമില്ല. മിക്കപ്പോഴും അത് കപടമാണെന്ന് കാണുവാൻ കഴിയും. ഉദാഹരണത്തിന് ഞാൻ ലോകത്തിലേക്കും ഏറ്റവും വലിയ എഴുത്തുകാരനാണെന്ന് സ്വയം കരുതുന്നുവെന്ന് സങ്കല്പിക്കുക . സമൂഹവും എന്നെ ഏറെക്കുറെയൊക്കെ അപ്രകാരം വിലയിരുത്തുന്നുവെന്നും കരുതുക. ഒരു ദിവസം ഞാൻ സത്യമായും എന്നേക്കാൾ കഴിവുള്ള ഒരെഴുത്തുകാരനെ കണ്ടുമുട്ടുന്നു. അവിടെ എന്നെക്കുറിച്ച് തന്നെയുളള എന്റെ കാഴ്ചപ്പാടുകൾ തെറ്റുന്നു. ഞാൻ ആശയക്കുഴപ്പത്തിലാവുകയും എന്റെ ഈഗോ വ്രണപ്പെടുകയും ചെയ്യുന്നു . ഇപ്രകാരം ഈഗോ വ്രണപ്പെടുമ്പോഴാണ് നമുക്ക് ദുഃഖം ഉണ്ടാകുന്നത്. പ്രകൃതി(സമൂഹം)യാവട്ടെ നമ്മുടെ ഈഗോയെ തകർക്കുവാൻ സദാ വ്യഗ്രത കാട്ടുന്നു . കാരണം അത് തകർന്നാലെ നമുക്ക് ഈശ്വരസാക്ഷാത്ക്കാരവും മോക്ഷവും കിട്ടൂ. നാമാവട്ടെ ഈഗോയെ പ്രോത്സാഹിപ്പിക്കുന്നു. ഇതൊരു വലിയ സംഘർഷം തന്നെ മനുഷ്യജീവിതത്തിൽ സൃഷ്ടിക്കുന്നു.
ഈ സംഘർഷത്തിന്റെ പരിഹാരം എന്താണ്? ഇതിനെ എങ്ങനെ വിജയകരമായി തരണം ചെയ്യാം? ആദ്യമായി പ്രകൃതിയുമായി സ്വരച്ചേർച്ചയിലാവുക. പ്രകൃതി ബാഹ്യമായി നിങ്ങളുടെ ഈഗോയെ തകർക്കുവാൻ ശ്രമിക്കുന്നു. ആന്തരികമായി നിങ്ങളും അതുതന്നെ ചെയ്യുക! ഈഗോയെ ഇല്ലാതാക്കുവാൻ പരിശ്രമിക്കുക. ഒന്നിലും അഭിമാനിക്കാതെയിരിക്കുക. വാസ്തവത്തിൽ നാം എന്തിനേക്കുറിച്ചാണ് സദാ അഭിമാനം കൊള്ളുന്നത്? പരിമിതമായ കാര്യങ്ങളെക്കുറിച്ച്. എനിക്ക് മറ്റുള്ളവർക്കുള്ളതിനേക്കാളും കൂടുതൽ പണമുണ്ട്; അല്ലെങ്കിൽ അധികാരം ഉണ്ട്. താരതമ്യം ചെയ്യുമ്പോൾ നമുക്ക് എന്തെങ്കിലും കൂടുതൽ ഉണ്ടെങ്കിൽ നമ്മുടെ ഈഗോ വളരുന്നു. നാം പിറകിലാണെങ്കിൽ ഈഗോ വ്രണപ്പെടുകയും ചെയ്യുന്നു. ഇപ്രകാരം പരിമിതമായ ഈഗോയെ പ്രകൃതി പ്രോത്സാഹിപ്പിക്കുന്നില്ല. നമ്മുടെ ഈഗോ അഥവാ അഹം അനന്തമാകേണ്ടിയിരിക്കുന്നു! അപ്പോൾ അത് ഉള്ളതും ഇല്ലാത്തതും തമ്മിൽ വ്യത്യാസം ഇല്ലെന്നാവുന്നു . അപരിമിതവും അനന്തവുമായ ഈഗോയെ വ്രണപ്പെടുത്തുവാൻ ബാഹ്യലോകത്തിന് കഴിയില്ല. മാത്രവുമല്ല നിങ്ങളുടെ അഹം അനന്തമാകുമ്പോൾ നിങ്ങൾ പരിപൂർണ്ണ സംതൃപ്തിയിലുമായിരിക്കും. നിങ്ങൾക്ക് പിന്നീട് ആഗ്രഹങ്ങളും ആവശ്യങ്ങളും ഉണ്ടാവില്ല
ഇവിടെയാണ് അഹം ബ്രഹ്മാസ്മി എന്ന തത്വത്തിന്റെ പ്രസക്തി. ഞാൻ ഈശ്വരൻ തന്നെ എന്ന് ചിന്തിക്കുമ്പോൾ നമ്മുടെ അഹം എല്ലാ പരിമിതികളെയും അതിലംഘിക്കുന്നു. നാമാ അനന്തസത്തയായി മാറുന്നു. അവിടെ നമുക്ക് മോക്ഷം കിട്ടുന്നു. മനുഷ്യൻ എന്തുകൊണ്ട് സ്വയം ആ അനന്തസത്തയായി പരിഗണിക്കുന്നില്ല? കാരണം നമ്മുടെ ലൗകികത തന്നെ. നാം ലോകത്തിന്റെ സ്വാധീനത്തിൽ പെട്ടുപോകുന്നു. എന്തുകൊണ്ടോ സമൂഹം അനന്തമായ ഈഗോയെ പ്രത്യക്ഷമായി പ്രോത്സാഹിപ്പിക്കുന്നില്ല. അന്തമായ ഈഗോയുടെ പ്രാധാന്യം സമൂഹത്തിന്. അറിഞ്ഞു കൂടെന്ന് തോന്നുന്നു. അതിനെ തിരുത്തുവാൻ ഒരു ബുദ്ധനോ കൃഷ്ണനോ അവതരിക്കേണ്ടിയിരിക്കുന്നു. സ്വയം ഈശ്വരൻ എന്ന് കരുതുന്നവർക്ക് മതിഭ്രമം ആണെന്നുപോലും ആധുനിക മനശ്ശാസ്ത്രത്തിൽ പറയുന്നു. ഇത് പാശ്ചാത്യരുടെ ഒരു വിവരക്കേടാണ്. വാസ്തവത്തിൽ മതിഭ്രമം സ്വയം മനുഷ്യരെന്ന് കരുതുന്നവരിലാണ് സംഭവിക്കുന്നത്. കാരണം അവിടെ ഒരു ആശയക്കുഴപ്പം (Internal Conflict) ജന്മം കൊള്ളുന്നു. താൻ മനുഷ്യനോ അതോ ഈശ്വരനോ? തനിക്ക് മരണമുണ്ടോ അതോ ഇല്ലയോ? ഉള്ളിന്റെയുള്ളിലെ ആത്മാവ് അഥവാ ഈശ്വരൻ താൻ അമർത്യനാണെന്ന് പറയുമ്പോൾ ഈഗോയുടെ സ്വാധീനത്തിൽ വരുന്ന മനസ്സ് താൻ മരിച്ചു പോകുമോ എന്ന് ഭയപ്പെടുന്നു. ഇത് നമുക്ക് അറിവുള്ള കാര്യമാണ്.
അതിനാൽ ഉള്ളിലുള്ള ആത്മാവുമായും ബാഹ്യപ്രകൃതിയുമായും സ്വരച്ചേർച്ചയിലാവുക. ഞാനാ പരബ്രഹ്മം തന്നെയാണെന്ന് പറയുക. അപ്പോൾ (അപ്പോൾ മാത്രം) നിങ്ങൾ സത്യം പറയുന്നു. അതുവരെ നിങ്ങൾ നുണയന്മാരാണ്. അപ്പോൾ നിങ്ങളുടെ മനസ്സിലെ സംഘർഷങ്ങൾ തിരോഭവിക്കുന്നു. നിങ്ങളുടെ ആശയക്കുഴപ്പങ്ങൾ മാറി പോകുന്നു. അതുവരെ നിങ്ങളുടെ ഈഗോ സത്യത്തെ മറയ്ക്കുകയായിരുന്നു. നിങ്ങൾ ലൗകികമായ ദൃഷ്ടിയിൽ എന്തെങ്കിലും ആണെന്ന് ചിന്തിക്കുമ്പോൾ രൂപം കൊള്ളുന്ന ഈഗോ സത്യത്തിൽ നിങ്ങൾ എന്താണോ അതിനെ മറക്കുന്നു. സത്യത്തിൽ നിങ്ങൾ ബ്രഹ്മം തന്നെയാണ്. ഈ പരമാർത്ഥത്തെ അറിയുന്നവൻ ജീവിതവിജയം കൈവരിക്കുന്നു.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
	
		

      
      



              
              
              




            
Leave a Reply