ബിനോയ് എം. ജെ.
സിഗ്മണ്ട് ഫ്റോയ്ഡ്(Sigmund Freud 1856-1939) ആണ് ജീവിതത്തോടുള്ള ആഭിമുഖ്യത്തെ ഇറോസ്(Eros)എന്നും മരണത്തിലേക്കുള്ള ചായ്വിനെ തനാറ്റോസ്(Thanatos) എന്നും നിർവ്വചിച്ചത്. ഇതിൽ തനാറ്റോസിനെ “മരണത്തിലേക്കുള്ള ചായ് വ്” എന്നത് മാറ്റി” മരണത്തോടുള്ള ആഭിമുഖ്യം” എന്ന് പുനർനിവ്വചിക്കുവാൻ ഞാനാഗ്രഹിക്കുന്നു. കാരണം അപ്പോൾ മാത്രമേ അത്തരം ഒരു സങ്കൽപം കൊണ്ടും പദപ്രയോഗം കൊണ്ടും എന്തെങ്കിലും പ്രയോജനവും അർത്ഥവും സിദ്ധിക്കുന്നുള്ളൂ. ഫ്രോയ്ഡ് പറഞ്ഞ മാതിരി മരണത്തോടുള്ള ചായ് വോ ആഭിമുഖ്യമോ നിഷേധാത്മകമായ ഒരു കാര്യമല്ല, മറിച്ച് അത്യന്തം ഭാവാത്മകവും അർത്ഥവ്യത്തും ഉപയോഗപ്രദവും ആണ്. നമുക്കാർക്കും തന്നെ മരണത്തോട് ഭാവാത്മകമായ സമീപനം ഇല്ലെന്ന് മാത്രമല്ല നാം മരണത്തെ വെറുക്കുകയും അതിൽനിന്നും സദാ ഓടിയൊളിക്കുകയും ചെയ്യുന്നു. ഇതാകുന്നു മനുഷ്യന്റെ എല്ലാ ക്ലേശങ്ങളുടെയും പ്രശ്നങ്ങളുടെയും അടിസ്ഥാനപരമായ കാരണം. ജീവിതത്തോട് നാം കാണിക്കുന്ന ആഭിമുഖ്യം എന്തുകൊണ്ട് മരണത്തോടും കാണിക്കുന്നില്ല? മരണത്തെക്കുറിച്ചുള്ള ചിന്ത മനുഷ്യമനസ്സുകളിൽ ശക്തമായി അടിച്ചമർത്തപ്പെട്ടു പോകുന്നതെന്തുകൊണ്ട്?
ജീവിതത്തോട് നാം കാണിക്കുന്ന ആഭിമുഖ്യവും മരണത്തോട് കാണിക്കുന്ന വിരോധവും മനുഷ്യ ജീവിതത്തെ രണ്ടായി കീറിമുറിക്കുന്നു. അവ പരസ്പരവിരുദ്ധങ്ങളായി നമുക്കനുഭവപ്പെടുകയും അവയ്ക്കിടയിൽ വലിയ ഒരു സംഘർഷം(conflict) സദാ നടന്നു വരികയും ചെയ്യുന്നു. ഇവിടെ മനുഷ്യന്റെ അസ്ഥിത്വം തന്നെ രണ്ടായി വിഘടിക്കപ്പെടുകയും മനുഷ്യജീവിതം വികലവും വിരൂപവും വിരസവും ആയി മാറുകയും ചെയ്യുന്നു. ഇപ്രകാരം രൂപപ്പെടുന്ന ദ്വൈതബോധമാണ് ജീവിത്തെ അതായിരിക്കുന്ന അവസ്ഥയിൽ സ്വീകരിക്കുന്നതിൽനിന്നും അതിന്റെ മഹത്വത്തെ ഉൾക്കൊള്ളുന്നതിഉൽനിന്നും നമ്മെ തടയുന്നത്. മനുഷ്യൻ സ്വന്തം ജീവിതത്തൊട് പൊരുത്തപ്പെടുന്നതിൽ പരാജയപ്പടുകയും അവന്റെ ജീവിതം അർത്ഥശൂന്യവും ക്ലേശകരവും ആയി പരിണമിക്കുകയും ചെയ്യുന്നു. ഇപ്രകാരം ചിന്താക്കുഴപ്പവും പ്രക്ഷുബ്ധതയും അവന്റെ ജീവിതത്തിന്റെ പ്രകൃതമായി മാറുകയും ചെയ്യുന്നു.
മനുഷ്യജീവിതത്തെ അതിന്റെ നൈസർഗ്ഗികമായ അനന്താനന്ദത്തിലേക്കും അനന്ത ജ്ഞാനത്തിലേക്കും കൊണ്ടുവരുവാൻ നാമെന്താണ് ചെയ്യേണ്ടത്? മനുഷ്യമനസ്സുകളിൽ തുടക്കം മുതലേ രൂപം കൊള്ളുന്ന സുഖദു:ഖങ്ങളിൽ നിന്നും കരകയറി അനന്തശാന്തിയിലേക്കും അനന്തശക്തിയിലേക്കും എങ്ങനെ പ്രവേശിക്കാം? ഉത്തരം ലളിതമാണ്. മരണത്തോടുള്ള ആഭിമുഖ്യത്തെ (Thanatos)വളർത്തിയെടുക്കുക. ഇപ്പോഴുള്ള ദ്വൈതഭാവം മാറി അവിടെ അദ്വൈത ഭാവം പ്രകാശിക്കട്ടെ! ജീവിതവും മരണവും രണ്ടല്ലെന്നും അവ ഒരിക്കലും വേർപെടുത്തുവാനാവാത്ത ഏക സത്തയുടെ രണ്ട് വശങ്ങൾ മാത്രമാണെന്നും ഒന്നിനെ സ്വീകരിക്കുന്നവൻ രണ്ടാമത്തതിനെയും സ്വീകരിച്ചേ തീരുവെന്നും അപ്പോൾ മാത്രമേ ജീവിതം ധന്യമാകുന്നുള്ളുവെന്നുമുള്ള നഗ്നസത്യത്തെ അംഗീകരിച്ചുകൊണ്ട് സുധീരം മുന്നോട്ട് നീങ്ങുന്നവനുമാത്രമേ ജീവിതവിജയം ഉള്ളൂ. ഇത് മനസ്സിലാക്കി ജീവിതത്തെ കുറിച്ച് ധ്യാനിക്കുന്നതുപോലെ തന്നെ മരണത്തെക്കുറിച്ചും ധ്യാനിച്ചു തുടങ്ങുമ്പോൾ നമ്മിലെ അദ്വൈതഭാവം പ്രകാശിച്ചുതുടങ്ങുന്നു. ജീവിതത്തിൽ നാമെപ്രകാരമാണോ അനന്താനന്ദം കണ്ടെത്താൻ ശ്രമിക്കുന്നത് അപ്രകാരം തന്നെ മരണത്തിലും അനന്താനന്ദം കണ്ടെത്താൻ ശ്രമിക്കുമ്പോൾ അവരണ്ടും ഒരേ സത്തയുടെ രണ്ടു ഭാവങ്ങൾ മാത്രമാണെന്ന് നാം തിരിച്ചറിയുന്നു.
ഇത്തരം ശാസ്ത്രീയമായ ഒരു ജീവിതവീക്ഷണത്തിന്റെ അഭാവത്തിൽ, ജീവിതവും മരണവും സംതുലിതമായി നിൽക്കുന്നതിന് പകരം ജീവിതം മരണത്തേക്കാൾ കൂടുതൽ ശ്രേഷ്ഠവും അഭിലഷണീയവും ആയി തോന്നുകയും മനുഷ്യമനസ്സുകളിൽ ജീവിതത്തിന് വേണ്ടിയുള്ള ആഗ്രഹം ജനിക്കുകയും ചെയ്യുന്നു. ഇങ്ങനെ ഉണ്ടാവുന്ന “ആഗ്രഹം” ആകുന്നു മനുഷ്യന്റെ എല്ലാ ദുഃഖങ്ങളുടെയും കാരണം. ആഗ്രഹങ്ങൾ ജീവിതത്തെ ഭാഗികമായി മാത്രം ഉൾക്കൊള്ളുന്ന പ്രക്രിയ ആയതിനാൽ മരണവും അതുമായി ബന്ധപ്പെട്ട ചിന്തകളും ശക്തമായി അടിച്ചമർത്തപ്പെടുകയും അബോധമനസ്സ് രൂപപ്പെടുകയും ചെയ്യുന്നു. ജീവിതത്തെയും മരണത്തെയും പൂർണ്ണമായി ഉൾക്കൊള്ളുന്ന ‘യോഗി’ മാരിൽ അബോധമനസ്സ് തിരോഭവിക്കുകയും മനസ്സ് പൂർണ്ണമായും സുതാര്യമാവുകയും ചെയ്യുന്നു. ഇപ്രകാരം സുതാര്യമായിത്തീരുന്ന മനസ്സിലൂടെ ഉള്ളിൽ വസിക്കുന്ന ആത്മാവിനെ എളുപ്പത്തിൽ നോക്കി കാണുവാൻ ആവുകയും ആത്മാവിന്റെ (ഈശ്വരന്റെ) എല്ലാ ഗുണങ്ങളും അയാൾക്ക് സിദ്ധിക്കുകയും ചെയ്യുന്നു.
അതിനാൽ തനാറ്റോസിനെ പ്രോത്സാഹിപ്പിച്ചു തുടങ്ങുവിൻ! മരണത്തെക്കുറിച്ച് സദാ ധ്യാനിക്കുവിൻ! കാലക്രമത്തിൽ മരണം നമുക്ക് ആസ്വാദ്യകരവും മധുരവുമായി മാറിത്തുടങ്ങും. ക്രമേണ മരണം അനന്താനന്ദത്തിലേക്കുള്ള പ്രവേശനകവാടവും അതിനാൽതന്നെ ജീവിതത്തെക്കാൾ അഭിലഷണീയവും ആയിത്തീരുന്നു. ഇങ്ങനെ മരണം ജീവിതത്തിനും ഉപരിയാവുകയും യോഗി ജീവിതത്തെ വലിച്ചെറിയുകയും ചെയ്യുന്നു. ഇപ്രകാരം ജീവിതത്തെ വലിച്ചെറിയുന്ന പ്രക്രിയയെ നിർവ്വാണമെന്നും മോക്ഷപ്രാപ്തിയെന്നും വിളിക്കാം.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
Leave a Reply