ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള പോരാട്ടം രൂക്ഷമായതിനെത്തുടർന്ന്, ലെബനനിൽ നിന്നും നിരവധി പേർ പാലായനം തുടരുകയാണ്. ഇത്തരത്തിൽ തിരികെയെത്തിയ ബ്രിട്ടീഷ് യുവതി,അല ഗലായ്‌നി, തന്റെ ഭർത്താവിനെയും കുടുംബ അംഗങ്ങളെയും ഉപേക്ഷിച്ചു പോന്നതിനുള്ള തന്റെ അതിയായ ദുഃഖം ബിബിസിയോട് തുറന്നു പറഞ്ഞു. തനിക്ക് ഇപ്പോഴും ഉറങ്ങാൻ സാധിക്കുന്നില്ലെന്നും, ചെവിയിൽ ഇപ്പോഴും ബോംബുകളുടെ ശബ്ദമാണ് കേൾക്കുന്നതെന്നും അവർ പറഞ്ഞു. യുവതിയുടെ വാക്കുകൾ ലെബനനിലെ അതി രൂക്ഷമായ സാഹചര്യത്തെയാണ് സൂചിപ്പിക്കുന്നത്. 28 കാരിയായ യുവതി ഏകദേശം രണ്ട് മാസത്തോളം ഗർഭിണിയാണ്. ഞായറാഴ്ച രാവിലെ രണ്ട് വലിയ സ്യൂട്ട്കേസുകളുമായി മിഡിൽ ഈസ്റ്റ് എയർലൈൻസ് വിമാനത്തിൽ ലണ്ടനിലെ ഹീത്രൂ എയർപോർട്ടിൽ എത്തിയപ്പോൾ അവൾ തികച്ചും ക്ഷീണിതയായിരുന്നു. തന്റെ ഭർത്താവിനെയും താൻ സ്നേഹിച്ച ജീവിതത്തെയും ഉപേക്ഷിച്ചാണ് തിരികെ എത്തിയതെന്ന് അവൾ പറഞ്ഞു. ഒക്‌ടോബർ ഏഴിന് ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തിന് ശേഷം, ലെബനീസ് അതിർത്തിയിൽ ഇസ്രായേലും ഹിസ്ബുള്ളയും തമ്മിൽ നിരന്തര യുദ്ധം തുടരുകയാണ്. ഗാസയിൽ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുന്നത് വരെ ഇത്തരത്തിൽ യുദ്ധം തുടരുമെന്ന്, ഇറാൻ പിന്തുണയുള്ള മിലിറ്ററി സംഘടനയായ ഹിസ്ബുള്ള വ്യക്തമാക്കിയിട്ടുണ്ട്. തലസ്ഥാനമായ ബെയ്‌റൂട്ട് ഉൾപ്പെടെ ലെബനന്റെ വിവിധ പ്രദേശങ്ങളിലുള്ള ഹിസ്ബുള്ളയുടെ ശക്തി കേന്ദ്ര പ്രദേശങ്ങളിൽ കഴിഞ്ഞ ആഴ്ചകളിൽ ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച, തെക്കൻ ബെയ്‌റൂട്ടിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ള നേതാവ് ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിൽ ഗ്രൂപ്പിലെ മുതിർന്ന 20 അംഗങ്ങൾ കൂടി കൊല്ലപ്പെട്ടതായി ഇസ്രായേൽ അവകാശപ്പെടുന്നുണ്ട്. എന്നാൽ ഈ യുദ്ധം മൂലം പീഡനവും ദുരിതവും അനുഭവിക്കുന്നത് തികച്ചും സാധാരണക്കാരാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ വിവാഹിതയായപ്പോഴാണ് ഗലായ്‌നി വടക്കൻ ലണ്ടനിൽ നിന്ന് ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിലേക്ക് താമസം മാറിയത്. തൻ്റെ ഭർത്താവിനെ എപ്പോൾ കാണാനാകുമെന്നോ, കുഞ്ഞ് ജനിക്കുന്നതിന് മുമ്പ് ലെബനനിലേക്ക് മടങ്ങാൻ കഴിയുമോ എന്നോ തനിക്ക് ഒരു ധാരണയുമില്ലെന്ന് അവർ പറഞ്ഞു. ബെയ്‌റൂട്ടിൽ നിന്ന് പുറപ്പെടുന്ന ഒരേയൊരു വാണിജ്യ എയർലൈൻ മിഡിൽ ഈസ്റ്റ് എയർലൈൻസ് മാത്രമാണെന്നും, തൻ്റെ ഭർത്താവ് കമ്പനിയുടെ പൈലറ്റായതിനാൽ മാത്രമാണ് സീറ്റ് അതിലൊന്നിൽ നേടാനായതെന്നും ഗലായ്നി പറഞ്ഞു. തന്റെ ഭർത്താവിനെ ഉപേക്ഷിച്ചു പോരുവാൻ തനിക്കൊട്ടും ആഗ്രഹമുണ്ടായിരുന്നില്ലെന്നും, എന്നാൽ ജീവനെതിരെയുള്ള ഭീഷണി മൂലം മാത്രമാണ് തിരികെ എത്തിയതെന്നും അവർ ബിബിസി ന്യൂസിനോട് വ്യക്തമാക്കി. വിമാനത്താവളം ആളുകളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും, എങ്ങനെയെങ്കിലും വിമാനത്തിൽ കയറിപ്പറ്റി രക്ഷപ്പെടാനാണ് ആളുകൾ ആഗ്രഹിക്കുന്നതെന്നും അവർ പറഞ്ഞു. ലെബനനിൽ ഇപ്പോഴും ഏകദേശം 4000 മുതൽ 6000 വരെ ബ്രിട്ടീഷ് പൗരന്മാരും അവരുടെ ആശ്രിതരും ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആക്രമണം രൂക്ഷമായതിനെ തുടർന്ന് എത്രയും വേഗം തിരികെ എത്തണമെന്ന് ബ്രിട്ടീഷ് പൗരന്മാരോട് വിദേശകാര്യ ഓഫീസ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.