ലീഡ്സ് : സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ കീഴിലുള്ള ലീഡ്സ് റീജൻറ് ബൈബിൾ കൺവെൻഷൻ സെപ്റ്റംബർ 28-ാം തീയതി ശനിയാഴ്ച രാവിലെ 9 .30 മുതൽ ലീഡ്സ് സെൻറ് മേരീസ് ആൻ്റ് സെൻറ് വിൽഫ്രഡ് ദേവാലയത്തിൽ വച്ച് നടത്തപ്പെടും. രാവിലെ 9. 30 ന് വിശുദ്ധ കുർബാനയോടു കൂടിയാണ് ബൈബിൾ കൺവെൻഷൻ ആരംഭിക്കുക. ലീഡ്സ് റീജൺ രൂപീകൃതമായതിനു ശേഷമുള്ള രണ്ടാമത്തെ ബൈബിൾ കൺവെൻഷന് വിപുലമായ ക്രമീകരണങ്ങളാണ് സീറോ മലബാർ സഭയുടെ ലീഡ്സിലെ ഇടവക ദേവാലയമായ സെൻറ് മേരീസ് ആൻ്റ് സെൻറ് വിൽഫ്രഡ് ദേവാലയത്തിൽ നടത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ നടന്ന പ്രഥമ ബൈബിൾ കൺവെൻഷൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.
ശനിയാഴ്ച നടക്കുന്ന ബൈബിൾ കൺവെൻഷനിൽ സീറോ മലബാർ സഭയുടെ തലവനും മേജർ ആർച്ച് ബിഷപ്പുമായ മാർ റാഫേൽ തട്ടിലും ഗ്രേറ്റ് ബ്രിട്ടൻ രൂപതാ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലും പ്രഭാഷണം നടത്തുമെന്ന പ്രത്യേകതയുമുണ്ട്. പ്രമുഖ വചന പ്രഘോഷകനും ധ്യാന ഗുരുവുമായ റവ. ഡോ. ടോം ഓലിക്കാരോട്ട് ആണ് ബൈബിൾ കൺവെൻഷൻ നയിക്കുക. കുട്ടികളുടെ ധ്യാനത്തിനായി പ്രത്യേക ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. ബൈബിൾ കൺവൻഷനിൽ പങ്കെടുക്കുന്നവരുടെ സൗകര്യാർത്ഥം ഉച്ചഭക്ഷണം ഒരുക്കിയിട്ടുണ്ട്.
ലീഡ്സ് റീജന്റെ കീഴിലുള്ള വിശ്വാസ സമൂഹം ബൈബിൾ കൺവെൻഷനിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് കൺവെൻഷന്റെ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്ന റീജൻ്റെ ഡയറക്ടർ ഫാ. ജോജോ പ്ലാപ്പള്ളിയും സെന്റ് മേരീസ് ആൻ്റ് സെൻറ് വിൽഫ്രഡ് ഇടവക വികാരി ഫാ. ജോസ് അന്ത്യാംകുളവും അഭ്യർത്ഥിച്ചു.
Leave a Reply