ബൈജു പോൾ

ജർമ്മനി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ മലയാളി ഫെഡറേഷൻ സംഘടിപ്പിക്കുന്ന 34-മത് ആഗോള പ്രവാസി സംഗമത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. വിവിധ രാജ്യങ്ങളിൽ നിന്നും എത്തുന്ന പ്രവാസി മലയാളികളുടെ പങ്കാളിത്തത്തോടെ വിപുലമായ ഈ വർഷത്തെ ഗ്ലോബൽ കൺവൻഷൻ ജൂലൈ 26 മുതൽ 30 വരെ ജർമ്മനിയിലെ കൊളോണിലാണ് നടത്തുന്നത്.

കോവിഡ് കാലഘട്ടത്തിന്റെ വിഷമതകൾക്ക് ശേഷം നടത്തുന്ന ഇത്തവണത്തെ ആഗോള പ്രവാസി സംഗമത്തിന് വിവിധ രാജ്യങ്ങളിൽ നിന്നും കലാസാംസ്കാരിക സാമൂഹിക സംഘടനാ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി ആളുകൾ പങ്കെടുക്കുന്നതിനായി ആവേശപൂർവ്വം ഇതിനോടകം തന്നെ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. അഞ്ചുദിവസങ്ങളിലായി നടത്തുന്ന പ്രവാസി സംഗമത്തിൽ ലോകത്തെമ്പാടുമായി ജീവിക്കുന്ന പ്രവാസി മലയാളികൾ നേരിടുന്ന വ്യത്യസ്തമായ പ്രശ്നങ്ങളെക്കുറിച്ചുള്ള സമഗ്രമായ ചർച്ചകളും സംഘടിപ്പിക്കുന്നുണ്ട്.

ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന കലാസാംസ്കാരിക പ്രതിഭകളുടെ നേതൃത്വത്തിൽ സമ്മേളനം നടക്കുന്ന അഞ്ചു ദിവസങ്ങളിലും വൈവിധ്യമാർന്ന നിരവധി കലാപരിപാടികളും സമ്മേളനത്തിന് മിഴിവേകുവാനായി അവതരിപ്പിക്കുന്നതാണ്.

വിവിധ മേഖലകളിലെ സ്തുത്യർഹമായ പ്രവർത്തനങ്ങളെ വിലയിരുത്തി യുകെയിൽ നിന്നുമുള്ള ലോക കേരള സഭാംഗവും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റും യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻസ് (യുക്മ) സാംസ്കാരികവേദി രക്ഷാധികാരിയുമായ സി .എ.ജോസഫിന് ജി എം എഫ് കർമ്മ ശ്രേഷ്ഠ പുരസ്കാരം നൽകി ചടങ്ങിൽ ആദരിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മുൻവർഷങ്ങളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി രാഷ്ട്രീയ സാമൂഹിക കലാ സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന പ്രശസ്തരായ നിരവധി വ്യക്തികൾക്ക് ജി എം എഫ് പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്. കേരളത്തിന്റെ ഇപ്പോഴത്തെ ബഹു. വ്യവസായ വകുപ്പ് മന്ത്രി ശ്രീ പി രാജീവ് ഉൾപ്പെടെ വിവിധ മണ്ഡലങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള പ്രമുഖരായ വ്യക്തികളും ജിഎംഎഫ് പുരസ്കാരത്തിന് അർഹരായിട്ടുണ്ട്.

കോട്ടയം ജില്ലയിലെ അമയന്നൂർ സ്വദേശിയായ ശ്രീ സി എ ജോസഫ് യുകെയിലെ കലാ സാംസ്കാരിക സാമൂഹീക രംഗത്തെ സജീവ സാന്നിദ്ധ്യമാണ്. യുകെയിൽ നിന്നുമുള്ള ലോക കേരളസഭാംഗം, കേരള ഗവൺമെന്റിന്റെ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രസിഡന്റ് , യുക്മ സാംസ്കാരിക വേദിയുടെ രക്ഷാധികാരി എന്നീ നിലകളിലും പ്രവർത്തിക്കുന്ന അദ്ദേഹം ഉജ്ജ്വല വാഗ്മിയും മികച്ച സംഘാടകനുമാണ്. കോവിഡിന്റെ ഫലമായുണ്ടായ ലോക് ഡൗൺ കാലയളവിൽ ലോകമെമ്പാടുമുള്ള ആരോഗ്യപ്രവർത്തകർക്ക് ആദരവർപ്പിച്ച് നാല്‌ മാസത്തോളം നീണ്ടു നിന്ന യുക്മ സാംസ്കാരിക വേദി സംഘടിപ്പിച്ച ഏവരുടെയും പ്രശംസ ആർജ്ജിച്ച ‘Let’s Break It Together’ എന്ന സംഗീത പരിപാടിയുടെ മുഖ്യ ചുമതലയും വഹിച്ച സി എ ജോസഫ് യുക്മയുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന ‘ജ്വാല’ ഇമാഗസിന്റെ എഡിറ്റോറിയൽ ബോർഡ് അംഗം, യുക്മ സാംസ്കാരിക വേദിയുടെ കലാവിഭാഗം കൺവീനർ, ജനറൽ കൺവീനർ, വൈസ് ചെയർമാൻ ലണ്ടൻ മലയാള സാഹിത്യ വേദിയുടെ പ്രോഗ്രാം കോർഡിനേറ്റർ എന്നീ നിലകളിലുംപ്രവർത്തിച്ചിട്ടുണ്ട്. യുകെ മലയാളികളുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ‘സമ്മർ ഇൻ ബ്രിട്ടൻ’ ‘ഓർമ്മകളിൽ സെലിൻ’ എന്നീ ഷോർട്ട് മൂവികളിലും ‘ഒരു ബിലാത്തി പ്രണയം’ എന്ന എന്ന ഫുൾ മൂവിയിലും മുഖ്യ കഥാപാത്രങ്ങളായി അഭിനയിച്ചിട്ടുള്ള ഒരു മികച്ച അഭിനേതാവ് കൂടിയായ സി എ ജോസഫ് ഈയടുത്തനാളിൽ യുകെയിൽ ആരംഭിച്ച നാടക കലാസമിതിയുടെ ആഭിമുഖ്യത്തിൽ അവതരിപ്പിച്ച ‘വെളിച്ചം’എന്ന നാടകത്തിലെ അഭിനയത്തിനും കാണികളുടെ ഒന്നടങ്കം പ്രശംസ ഏറ്റുവാങ്ങിയിരുന്നു. യുകെ മലയാളികളുടേതായി പുറത്തിറങ്ങിയ ഏതാനും സംഗീത ആൽബങ്ങൾക്ക് ഗാനരചനയും നിർവ്വഹിച്ചിട്ടുണ്ട്.

യുകെയിലെ കലാസാംസ്കാരിക രംഗത്തെ മികച്ച പ്രവർത്തനങ്ങളെ മാനിച്ച് ലണ്ടനിലെ പ്രമുഖ സാംസ്കാരിക സംഘടന ഏർപ്പെടുത്തിയ ‘കേളി’ പുരസ്കാരവും യൂണിയൻ ഓഫ് യു കെ മലയാളി അസോസിയേഷന്റെ ‘സ്പെഷ്യൽ റെക്കഗ്നിഷൻ അവാർഡും ലഭിച്ചിട്ടുണ്ട്. മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രസിഡന്റ് എന്ന നിലയിൽ സി എ ജോസഫിന്റെ നേതൃത്വത്തിലുള്ള മലയാളം മിഷൻ യു കെ ചാപ്റ്ററിന്റെ 2021ലെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്കാണ് കേരള ഗവൺമെന്റിന്റെ പ്രഥമ ‘കണിക്കൊന്ന’ പുരസ്കാരം ലഭിച്ചത് എന്നതും സി എ ജോസഫിന്റെ മികവാർന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായും വിലയിരുത്തപ്പെടുന്നു.

സൗദി അറേബ്യയിലെ കമ്മീസ് മുഷയത്തിൽ പ്രവർത്തിച്ചിരുന്ന കമ്മീസ് ഇന്റർനാഷണൽ സ്കൂളിന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം സൗദിയിലെ കലാ സാംസ്കാരിക മേഖലകളിലും സജീവമായിരുന്നു. സൗദി അറേബ്യയിലെ 15 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം 2006ൽ യുകെയിലെത്തിയ സി എ ജോസഫ് ലണ്ടനടുത്തുള്ള ബേസിംഗ്സ്റ്റോക്കിലാണ് കുടുംബസമേതം ഇപ്പോൾ താമസിക്കുന്നത്.

ജൂലൈ 26 ബുധനാഴ്ച ആരംഭിക്കുന്ന ആഗോള പ്രവാസി സംഗമത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ജിഎംഎഫ് ഗ്ലോബൽ ചെയർമാനും ലോക കേരളസഭ അംഗവുമായ ശ്രീ പോൾ ഗോപുരത്തിങ്കൽ നിർവ്വഹിക്കുന്നതാണ്. ഇന്ന് മുതൽ അഞ്ചു ദിവസങ്ങളിലായി ജർമ്മനിയിൽ നടക്കുന്ന ഗ്ലോബൽ മലയാളി ഫെഡറേഷന്റെ ആഗോള പ്രവാസി സംഗമത്തിന്റെ സമ്പൂർണ്ണ വിജയത്തിനായി ജിഎംഎഫ് ഗ്ലോബൽ ചെയർമാൻ പോൾ ഗോപുരത്തിങ്കൽ, സെക്രട്ടറി അഡ്വ സേവ്യർ ജൂലപ്പൻ, ട്രഷറർ വർഗീസ് ചന്ദ്രത്തിൽ, പി ആർ ഒ ബൈജു പോൾ, ജിഎംഎഫ് ജർമ്മൻ പ്രോവിൻസ് പ്രസിഡന്റ് സണ്ണി വേലുക്കാരൻ, ജിഎംഎഫ് സംഘാടകസമിതി അംഗങ്ങളായ ജെമ്മ ഗോപുരത്തിങ്കൽ, സിറിയക്ക് ചെറുകാട്, മേരി ക്രെയ്ഗർ, എൽസി വേലുക്കാരൻ, ലില്ലി ചാക്യാത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികളുടെ മികവാർന്ന പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. എല്ലാവരുടെയും സാന്നിധ്യ സഹായസഹകരണങ്ങൾ നൽകി ആഗോള പ്രവാസി സംഗമം വിജയിപ്പിക്കണമെന്നും സംഘാടകസമിതി അറിയിച്ചു.