ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ഡോക്ടറുടെ പ്രിസ്ക്രിപ്ഷനോടെ മാത്രം വാങ്ങുവാൻ അനുവാദമുള്ള മരുന്നുകൾ കൃത്യമായ പരിശോധനകൾ ഇല്ലാതെ ഓൺലൈൻ ഫാർമസികൾ ലഭ്യമാക്കുന്നു എന്ന പുതിയ കണ്ടെത്തൽ ആശങ്കകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. രോഗികളുടെ ജീവന് തന്നെ ഭീഷണിയാണ് ഇത്തരത്തിലുള്ള നടപടികളെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. ബിബിസി ന്യൂസ് നടത്തിയ അന്വേഷണത്തിൽ, ഇരുപതോളം ഓൺലൈൻ ഫാർമസികളാണ് നിയന്ത്രിത മരുന്നുകൾ ജനറൽ പ്രാക്ടീഷണറുടെ പ്രിസ്ക്രിപ്ഷൻ പോലെയുള്ള യാതൊരുവിധ നടപടികളും ഇല്ലാതെ വിൽക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. അന്വേഷണം നടത്തിയവർ ഇത്തരത്തിൽ ഏകദേശം 1600ഓളം മരുന്നുകൾ തെറ്റായ വിവരങ്ങൾ നൽകി വാങ്ങിയതോടെയാണ് സംഭവത്തിന്റെ ഗുരുതരാവസ്ഥ ജനങ്ങളിലേക്ക് എത്തിയത്.
ചില മരുന്നുകൾ ഓൺലൈനായി വിൽക്കുമ്പോൾ അധിക പരിശോധന ആവശ്യമാണെന്ന് ജനറൽ ഫാർമസ്യൂട്ടിക്കൽ കൗൺസിൽ റെഗുലേറ്റർ പറയുന്നു. ബിബിസിയുടെ കണ്ടെത്തലുകൾ തികച്ചും ആശങ്കപ്പെടുത്തുന്നതാണെന്ന് ഫാർമസിസ്റ്റും ആരോഗ്യ അഭിഭാഷകനും റോയൽ ഫാർമസ്യൂട്ടിക്കൽ സൊസൈറ്റിയുടെ മുൻ ചെയർമാനുമായ തോറൺ ഗോവിന്ദ് പറഞ്ഞു. പലരും തങ്ങളുടെ സൗകര്യാർത്ഥം ഓൺലൈൻ ഫാർമസികൾ മരുന്നുകൾ വാങ്ങാനായി തിരഞ്ഞെടുക്കുന്നു. യോഗ്യതയുള്ള ഒരു ഫാർമസിസ്റ്റ് പ്രിസ്‌ക്രൈബറെ മാത്രം നിയമിച്ചാൽ തന്നെ ഈ ബിസിനസുകൾക്ക് കുറിപ്പടി മാത്രമുള്ള മരുന്നുകൾ സൈൻ-ഓഫ് ചെയ്യാൻ കഴിയും. ഇത്തരത്തിൽ ഓൺലൈനിൽ നിന്നും വാങ്ങിയ മരുന്നുകൾ അബദ്ധത്തിൽ അമിതമായി കഴിച്ച് 2020-ൽ കെയ്റ്റി എന്ന യുവതി മരണപ്പെട്ടിരുന്നു. ഇനി ആർക്കും ഇത്തരമൊരു അവസ്ഥ ഉണ്ടാകരുതെന്നും നിയമങ്ങൾ കർശനം ആക്കണമെന്നും മരിച്ച സ്ത്രീയുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടു.
നിലവിലെ മാർഗനിർദ്ദേശങ്ങൾ പ്രകാരം ഓൺലൈനിൽ ഒരു മരുന്ന് ഒരു വ്യക്തിക്ക് ഏറ്റവും അനുയോജ്യവും സുരക്ഷിതവും ആണെന്ന് ഉറപ്പാക്കാൻ ആവശ്യമായ എല്ലാ വിവരങ്ങളും നൽകണമെന്നാണ് നിഷ്കർഷിക്കുന്നത്. ഹൈ റിസ്ക് കാറ്റഗറിയിൽ പെടുന്ന മരുന്നുകൾക്ക് കൂടുതൽ സുരക്ഷ നിയന്ത്രണങ്ങൾ ആവശ്യമാണ്. എന്നാൽ ഇപ്പോഴും അത്തരത്തിലുള്ള മരുന്നുകൾ വളരെ എളുപ്പത്തിൽ ഓൺലൈനിലൂടെ ലഭ്യമാകുന്നതാണ് ആശങ്കകൾക്ക് ഇടയാക്കുന്നത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഒപിയോയിഡുകൾ, സെഡേറ്റീവ്സ് എന്നിവ പോലുള്ള ദുരുപയോഗം, അമിത ഉപയോഗം എന്നിവയ്ക്ക് സാധ്യതയുള്ള മരുന്നുകൾ ഓൺലൈനിൽ വിൽക്കരുതെന്ന കർശന നിർദേശം നൽകിയതായി റോയൽ ഫാർമസ്യൂട്ടിക്കൽ സൊസൈറ്റി അറിയിച്ചു.
Leave a Reply