നിര്‍ഭയ കേസ് പ്രതി മുകേഷ് സിങ്ങിന്റ ദയാഹര്‍ജി രാഷ്ട്രപതി തള്ളി. ബസ് ഡ്രൈവര്‍ മുകേഷ് കേസിലെ രണ്ടാംപ്രതിയാണ്. ഒന്നാം പ്രതി രാംസിങ്ങിന്റെ സഹോദരനാണ്. ദയാഹര്‍ജിതള്ളണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ശുപാര്‍ശ നൽകിയിരുന്നു. മുകേഷ് സിങ്ങിന്റെ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് ദയാഹര്‍ജി നല്‍കിയത്. വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് മുകേഷ് സിങ് നല്‍കിയ ഹര്‍ജി ഡല്‍ഹി പട്യാല ഹൗസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
അതേസമയം, നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഈ മാസം 22ന് നടപ്പാക്കാനാകില്ലെന്ന് ഡല്‍ഹി പട്യാലാഹൗസ് കോടതി. പ്രതികള്‍ ദയാഹര്‍ജി നല്‍കിയതോടെ ജയില്‍ ചട്ടപ്രകാരം മരണവാറന്‍റ് സ്റ്റേ ചെയ്യപ്പെട്ടതായി കോടതി നിരീക്ഷിച്ചു. മരണവാറന്‍റ് പുറപ്പെടുവിച്ച ശേഷം കേസിലുണ്ടായിട്ടുള്ള പുരോഗിതകള്‍ വിശദീകരിച്ച് ജയില്‍ അധികൃതര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കണം. 22ന് തന്നെ വധശിക്ഷ നടപ്പാക്കണമെന്ന് നിര്‍ഭയയുടെ അമ്മയും വികാരപരമായല്ല നിയമപരമായി വേണം വധശിക്ഷ നടപ്പാക്കാനെന്ന് അമിക്കസ്ക്യൂറി വൃന്ദ ഗ്രോവരും വാദിച്ചു.
ഈ മാസം 22ന് വധശിക്ഷ നടപ്പിലാക്കുന്നതിലുള്ള നിയമതടസ്സങ്ങള്‍ പട്യാലഹൗസ് കോടതിയെ അമിക്കസ് ക്യൂറി വൃന്ദ ഗ്രോവരും തിഹാല്‍ ജയിലധികൃതരുടെ അഭിഭാഷകനും അറിയിച്ചു. ജയില്‍ ചട്ടപ്രകാരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി ദയാഹര്‍ജി നല്‍കിയാല്‍ അത് തള്ളുന്നതു വരെ വധശിക്ഷ നടപ്പാക്കാനാകില്ല. ദയാഹര്‍ജി തള്ളിയതിന് ശേഷം പതിനാല് ദിവസം കഴിഞ്ഞേ ശിക്ഷ നടപ്പാക്കാനാകൂ. അതിനാല്‍ 22ന് വധശിക്ഷ നടപ്പാക്കാനാകില്ലെന്ന് ജയിലധികൃതര്‍ കോടതിയെ അറിയിച്ചു. ഇത് ശരിവച്ചാണ് വധശിക്ഷ നടപ്പാക്കുന്നത് നീളുമെന്ന് സെഷന്‍സ് ജഡ്ജി സതീഷ് അറോറ നിരീക്ഷിച്ചത്. കേസില്‍ പ്രതികള്‍ക്ക് ബാക്കിയുള്ള നിയമനടപടികള്‍ അവയുടെ തല്‍സ്ഥിതി തുങ്ങിയവ വിശദീകരിക്കുന്ന റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കണം. ഇത് പരിഗണിച്ച് പുതിയ മരണവാറന്‍റ് പുറപ്പെടുവിക്കുന്നത് പരിഗണിക്കും.
Leave a Reply