ബ്രെക്‌സിറ്റ് ധാരണയില്‍ പാര്‍ലമെന്റില്‍ നേരിട്ടേക്കുമായിരുന്ന പരാജയം ഒഴിവാക്കിയെങ്കിലും തെരേസ മേയ് രാജി വെക്കണമെന്ന ആവശ്യം ശക്തമാകുന്നു. ടോറി റിബല്‍ എംപിമാരാണ് സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുന്നത്. മേയ്‌ക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ ആവശ്യമായ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് ബ്രെക്‌സിറ്റ് അനുകൂലികളായ ടോറി എംപിമാര്‍ അവകാശപ്പെടുന്നത്. തെരേസ മേയുടെ നേതൃത്വത്തില്‍ അസംതൃപ്തി അറിയിച്ചു കൊണ്ട് 48 എംപിമാര്‍ കത്തു നല്‍കിയാല്‍ അവിശ്വാസം വോട്ടിനിടാനാകും. സ്ഥിരീകരണമില്ലെങ്കിലും മേയ്‌ക്കെതിരെ 48 കത്തുകള്‍ അയച്ചിട്ടുണ്ടെന്നാണ് ഒരു ക്യാബിനറ്റ് മിനിസ്റ്റര്‍ ഉള്‍പ്പെടെയുള്ള ടോറി റിബലുകള്‍ അവകാശപ്പെടുന്നത്.
ബാക്ക്‌ബെഞ്ച് 1922 കമ്മിറ്റിയുടെ അധ്യക്ഷനായ സര്‍ ഗ്രഹാം ബ്രാഡിക്കാണ് എംപിമാര്‍ ഈ കത്തുകള്‍ നല്‍കിയിരിക്കുന്നത്. ഇദ്ദേഹം ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ബ്രാഡി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. ഡൗണിംഗ് സ്ട്രീറ്റും കൂടിക്കാഴ്ച സംബന്ധിച്ച് സ്ഥിരീകരണം നല്‍കിയിട്ടില്ല. യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ച ബ്രെക്‌സിറ്റ് ധാരണയിലാണ് മേയ്‌ക്കെതിരെ ടോറി എംപിമാര്‍ കലാപം തുടങ്ങിയത്. ധാരണയുടെ കരട് രൂപമായപ്പോള്‍ തന്നെ പാര്‍ലമെന്റില്‍ എതിര്‍പ്പുകള്‍ ആരംഭിച്ചിരുന്നു. ബ്രെക്‌സിറ്റ് സെക്രട്ടറിയായിരുന്ന ബോറിസ് ജോണ്‍സണ്‍ ഉള്‍പ്പെടെയുള്ള രാജി പ്രതിഷേധത്തിന്റെ ഭാഗമായാണ് ഉണ്ടായത്.
ബ്രെക്‌സിറ്റിനു ശേഷവും ഏറെക്കാലം യൂറോപ്യന്‍ യൂണിയനുമായുള്ള സഹകരണം തുടരുന്ന വിധത്തിലുള്ള ധാരണയാണ മേയ് തയ്യാറാക്കിയത്. ഇതില്‍ ബ്രെക്‌സിറ്റ് വിരുദ്ധരായ ടോറികള്‍ പോലും അസംതൃപ്തരായിരുന്നുവെന്നാണ് വിവരം. നേതൃത്വത്തില്‍ അവിശ്വാസം അറിയിച്ച് ടോറികള്‍ രംഗത്തു വന്നതു കൂടാതെ മേയ്‌ക്കെതിരെ കോമണ്‍സില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കണമെന്ന് പ്രതിപക്ഷ എംപിമാര്‍ ലേബര്‍ നേതാവ് ജെറമി കോര്‍ബിനോട് ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Leave a Reply