ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

പ്രസ്റ്റണ്‍: സഭയോടു ചേര്‍ന്നു ചിന്തിക്കുന്നവരും സഭയുടെ കൂട്ടായ്മയില്‍ ദൈവത്തെ കണ്ടെത്തുന്നവരുമാകണം ദൈവമക്കളെന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍. അഭിഷേകാഗ്‌നി കണ്‍വെന്‍ഷന് മുന്നോടിയായുള്ള ഒരുക്ക ധ്യാനത്തില്‍ പ്രസ്റ്റണ്‍ റീജിയണില്‍ ദിവ്യബലിയര്‍പ്പിച്ച് വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. തോമാശ്ലീഹായ്ക്കുവേണ്ടി മാത്രം എന്ന പോലെ രണ്ടാംതവണ ഈശോ പ്രത്യക്ഷപ്പെടുമ്പോഴും എല്ലാ ശിഷ്യന്മാരും ഒരുമിച്ചിരുന്ന അവസരത്തില്‍ തന്നെ വീണ്ടും പ്രത്യേക്ഷപ്പെട്ടത് സഭയുടെ കൂട്ടായ്മയില്‍ ഈശോ സന്നിഹിതനാകുന്നതിന്റെ സൂചനയാണെന്നും മാര്‍ സ്രാമ്പിക്കല്‍ കൂട്ടിച്ചേര്‍ത്തു.

പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന ഏകദിന ഒരുക്കധ്യാനത്തിന്റെ തിരുക്കര്‍മ്മങ്ങള്‍ക്ക് കോര്‍ഡിനേറ്റര്‍ റവ. ഡോ. മാത്യൂ പിണക്കാട് വചന ശുശ്രൂഷകരായ റവ. ഫാ. സോജി ഓലിക്കല്‍, ബ്രദര്‍ റെജി കൊട്ടാരം, ക്രീസ്തീയ സംഗീത സംവിധായകന്‍ പീറ്റര്‍ ചേരാനെല്ലൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സിസ്റ്റേഴ്സും അല്‍മായരുമടക്കം പ്രസ്റ്റണ്‍ റീജിയണു കീഴിലുള്ള വിവിധ വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നായി നൂറുകണക്കിനാളുകള്‍ തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഭൗതിക നന്മകളെക്കാളും രോഗസൗഖ്യങ്ങളെക്കാളും ഈശോയുമായി ഉണ്ടാകുന്ന വ്യക്തിപരമായ ബന്ധത്തിനായാണ് നാം ധ്യാനങ്ങളില്‍ ശ്രദ്ധിക്കേണ്ടതെന്ന് വചന പ്രഘോഷണം നടത്തിയ ബ്രദര്‍ റെജി കൊട്ടാരം ഓര്‍മ്മിപ്പിച്ചു. എസ്തപ്പാനോസിന്റെ സഹനവും സന്മാതൃകയും പൗലോസീനു മാനസാന്തരത്തിനു കാരണമായതുപോലെ മറ്റൊരാള്‍ക്കും വേണ്ടി പ്രാര്‍ത്ഥനയിലൂടെയും സഹനത്തിലൂടെയും നാം മാധ്യസ്ഥ്യം വഹിക്കുന്ന വലിയ നന്മ മറ്റുള്ളവരില്‍ ഉളവാക്കുമെന്ന് മധ്യസ്ഥ പ്രാര്‍ത്ഥനയുടെ ശക്തി ഓര്‍മ്മിപ്പിച്ച് ഫാ. സോജി ഓലിക്കലും പറഞ്ഞു. പീറ്റര്‍ ചേരാനെല്ലൂര്‍ നേതൃത്വം നല്‍കിയ സംഗീതശുശ്രൂഷയും ദൈവാനുഭവം പകര്‍ന്നു.

ഏകദിന ഒരുക്ക കണ്‍വെന്‍ഷന്റെ കവന്‍ട്രി റീജിയണ്‍ ധ്യാനം 19-ാം തീയതി തിങ്കളാഴ്ച Holy Cross & Francis Church, 1 Signal Hayes Road, Walmely, BT6 2Rs -ല്‍ വച്ചു നടക്കുമെന്ന് റീജിയണ്‍ കോര്‍ഡിനേറ്റര്‍ റവ. ഫാ. ജയ്സണ്‍ കരിപ്പായി അറിയിച്ചു. രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്. ഈ അനുഗൃഹീത ദിവസത്തിലേയ്ക്ക് കവന്‍ട്രി റീജിയണു കീഴിലുള്ള വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്ന് എല്ലാ വിശ്വാസികളെയും യേശുനാമത്തില്‍ സ്വാഗതം ചെയ്യുന്നു.