ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടീഷുകാരുടെ തീൻമേശയിലെ ഏറ്റവും പ്രിയപ്പെട്ട ചിക്കൻ വിഭവങ്ങൾക്ക് തീപിടിച്ച വില കൊടുക്കേണ്ടി വരുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. വിതരണ ശൃംഖലയിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിച്ചില്ലെങ്കിൽ വില കുതിച്ചുയരുമെന്ന മുന്നറിയിപ്പാണ് കോഴിയിറച്ചി മൊത്ത വിതരണക്കാരുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. ബിസിനസിൽ നേരിടുന്ന അധികചെലവുകൾ പരിഹരിക്കപ്പെട്ടില്ലെങ്കിൽ വില കൂട്ടുകയല്ലാതെ വേറെ പരിഹാരമാർഗമില്ലെന്ന് 2 സിസ്റ്റർ ഫുഡ് ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് റൊണാൾഡ് കെർസ് പറഞ്ഞു . 600 ഫാമുകളും 16 ഫാക്ടറികളുമാണ് 2 സിസ്റ്റർ ഫുഡ് ഗ്രൂപ്പിന് യുകെയിലുടനീളം ഉള്ളത്. നിലവിലെ വിലയിൽ നിന്ന് 10 % വർദ്ധനവ് ചിക്കൻെറ വിലയിൽ ഉണ്ടാവുമെന്ന് 2 സിസ്റ്റേഴ്സ് ഫുഡ് ഗ്രൂപ്പിന്റെ സ്ഥാപകൻ രഞ്ജിത് ബൊപ്പാരൻ ബുധനാഴ്ച പറഞ്ഞിരുന്നു.


ഈ വരുന്ന ക്രിസ്തുമസ് ടർക്കി റോസ്റ്റില്ലാതെ ആഘോഷിക്കേണ്ടി വരുമെന്ന്‌ മലയാളം യുകെ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു . തൊഴിലാളികളുടെ കടുത്ത ക്ഷാമം മൂലം ടർക്കി മാംസം തയ്യാറാക്കാനുള്ള ബുദ്ധിമുട്ടാണ് ഇതിന്റെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് . ക്രിസ്തുമസിലേയ്ക്കായി ടർക്കികൾ റെഡിയാകുന്നുണ്ടെങ്കിലും ഇവയൊന്നും തീൻ മേശയിൽ എത്താൻ സാധ്യതയില്ലെന്ന്‌ ടർക്കി ഫാർമേഴ്സ് അസോസിയേഷൻ നേരത്തെ പറഞ്ഞിരുന്നു . പൗൾട്രി രംഗത്തേയ്ക്കായി മൂന്ന് മാസത്തേയ്ക്ക് 5,500 താത്കാലിക വിസ ഗവൺമെൻറ് അനുവദിച്ചെങ്കിലും ഗവൺമെൻറ് നടപടി വളരെ വൈകി പോയെന്നാണ് ടർക്കി കർഷകരുടെ പരാതി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബ്രിട്ടനിൽ വിതരണശൃംഖലയിലെ പ്രശ്നങ്ങൾ തുടർക്കഥയാവുകയാണ്. രണ്ടാഴ്ചമുമ്പ് ഡ്രൈവർമാരുടെ ക്ഷാമം മൂലം കനത്ത ഇന്ധനക്ഷാമമാണ് രാജ്യം നേരിട്ടത്. കോവിഡ് മഹാമാരി, ബ്രെക്സിറ്റ്‌ , നികുതിയിലുണ്ടായ കുതിച്ചുകയറ്റം തുടങ്ങിയവയാണ് പ്രധാനമായും വിതരണ ശൃംഖലയിലുണ്ടായ പ്രതിസന്ധികൾക്ക് അടിസ്ഥാനകാരണങ്ങളായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. എച്ച്ജിവി വിദേശ ഡ്രൈവർമാർക്ക് അടിയന്തരമായി വിസ നൽകി പ്രശ്നം പരിഹരിക്കാനുള്ള നീക്കം നടത്തിയിരുന്നു. ഇന്ധനക്ഷാമത്തിനു പുറമേ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ വില കുതിച്ചുയരുന്നത് ബോറിസ് സർക്കാരിനെതിരെ ജനരോഷം കുതിച്ചുയരാൻ കാരണമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.