തൃശ്ശൂര്‍: പാരാസൈക്കോളജിസ്റ്റ് എന്ന നിലയില്‍ ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് സ്ത്രീകളെ പീഡിപ്പിച്ച സംഭവത്തില്‍ കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടിയ തൃശൂര്‍ നന്ദിപുരം കൊടകര കാരൂക്കാരന്‍ വീട്ടില്‍ പ്രിജോ ആന്റണിയുടെ വേലത്തരങ്ങള്‍ കേട്ടാല്‍ ആരും മൂക്കത്ത് വിരല്‍ വച്ച് പോകും. ചില ഓണ്‍ലൈന്‍ പുലികളെപ്പോലെ ബുദ്ധിജീവി പരാമര്‍ശങ്ങള്‍ നടത്തി ഫേസ്ബുക്കില്‍ വിഹരിക്കുകയായിരുന്നു പ്രിജോ ആന്റണി. ഇപ്പോള്‍ ഇയാളുടെ വേലത്തരങ്ങള്‍ ഓരോന്നായി മറനീക്കി പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. പ്രിജോയുടെ വലയില്‍ വീണ് മാനം പോയ സ്ത്രീകള്‍ എത്ര പേരുണ്ടെന്നേ ഇനി അറിയേണ്ടതുള്ളു. എന്നാല്‍ പ്രിജോയുടെ വശീകരണത്തില്‍ മയങ്ങി സകലതും സമര്‍പ്പിച്ച സത്രീ രത്‌നങ്ങള്‍ ചതിയുടെ കഥകള്‍ പുറത്തു പറയാന്‍ തയ്യാറാകുമോ എന്നാണ് പൊലീസ് സംശയിക്കുന്നത്.
‘പ്രായപൂര്‍ത്തി ആകാത്ത ആണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന സ്ത്രീകളുടെ എണ്ണം കേരളത്തില്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. സ്ത്രീകള്‍ക്ക് സ്‌കൂള്‍ കുട്ടികളെ എത്തിച്ചു കൊടുക്കുന്ന ഒരു സംഘം തന്നെ ഇന്ത്യയിലും കേരളത്തിലും ഉണ്ട്. കൊച്ച് ആണ്‍കുട്ടികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാലോ അവരുടെ ബീജം കുടിച്ചാലോ സൗന്ദര്യം നിലനില്‍ക്കുമെന്ന വിശ്വാസവും, കുട്ടികളുമായുള്ള ബന്ധം സുരക്ഷിതമാണെന്ന തോന്നലും കൂടുതല്‍ സ്ത്രീകളെ ഇതിലേക്ക് പ്രേരിപ്പിക്കുന്നു. നമ്മള്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച കഥകള്‍ മാത്രമേ കേള്‍ക്കുന്നുള്ളൂ. പ്രായപൂര്‍ത്തി ആകുന്നതിന് മുന്‍പ് സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന്റെ കഥകള്‍ പല പുരുഷന്‍മാര്‍ക്കും പറയാനുണ്ടാകും. അതും പീഡനത്തിന്റെ പരിധിയില്‍ വരുന്നതാണ്. ഇന്നലെ ഉണ്ടായ ഒരു അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഞാന്‍ ഇത് എഴുതുന്നത്’ ഇക്കഴിഞ്ഞ ഡിസംബര്‍ 30ന് പ്രിജോ ജന ശ്രദ്ധയാകര്‍ഷിക്കാന്‍ പോസ്റ്റിയതാണിങ്ങനെ. ഡോ. നോഹനമ്പത്ത് എന്നപേരിലാണ് പ്രിജോയുടെ ഫേസ്ബുക്ക് പേജ്. ആളൊരു തികഞ്ഞ സല്‍സ്വഭാവിയും സാമൂഹിക പ്രശ്‌നങ്ങളില്‍ വളരെയധികം ചിന്തിക്കുകയും വ്യാകുലപ്പെടുകയും ചെയ്യുന്നയാളാണ് എന്ന് ആരും വിശ്വസിച്ചു പോകും ഫേസ്ബുക്കിലെ പോസ്റ്റിംഗുകള്‍ കണ്ടാല്‍. ഈ പോസ്റ്റിന് കമന്റിട്ടവര്‍ക്കൊക്കെ തത്സമയം മറുപടിയും കൊടുത്തിട്ടുണ്ട്. സെമിനാരിയില്‍ പോയി പാതിവഴിയില്‍ വൈദികപഠനം അവസാനിപ്പിച്ച കഥയും തന്നോടൊപ്പം കല്ല്യാണമുറപ്പിച്ച പെണ്‍കുട്ടി മനസമ്മതത്തിന്റെ തലേന്ന് മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടിയ കഥയുമൊക്കെ ഇയാള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ഈ മാസം 5ന് ഫേസ്ബുക്ക് എഴുത്തുകാരെക്കുറിച്ചുടുള്ള ഒരു നീണ്ട ലേഖനമായിരുന്നു പോസ്റ്റിയിരുന്നത്. പ്രിജോ അറസ്റ്റിലായതിന്റെ പത്ര കട്ടിംഗ്‌സാണ് ഇപ്പോള്‍ കമന്റുകളുടെ രൂപത്തില്‍ പ്രിജോയുടെ അക്കൗണ്ടിനെ നിറയ്ക്കുന്നത്.
പ്രിജോ ടാര്‍ജറ്റ് ചെയ്യുന്നത് മുപ്പത്തഞ്ചിന് മുകളില്‍ പ്രായമുള്ള വീട്ടമ്മമാരെയാണ്. ഫേസ്ബുക്കിലൂടെ വിവരങ്ങള്‍ മനസ്സിലാക്കി 35 കഴിഞ്ഞ വീട്ടമ്മമാരുമായാണ് ചങ്ങാത്തം കൂടുന്നത്. വിദേശത്തുനിന്ന് പാരാസൈക്കോളജിയില്‍ ബിരുദമെടുത്തയാളെന്നാണ് പ്രിജോ സ്വയം പരിചയപ്പെടുത്തുന്നത്. ഫേസ്ബുക്കിലൂടെ തിരഞ്ഞുപിടിക്കുന്ന സ്ത്രീകളെ നിരന്തര ചാറ്റിംഗിലൂടെ അടുപ്പക്കാരാക്കും. അവരുടെ ഫോണ്‍നമ്പര്‍ കരസ്ഥമാക്കും. പിന്നെ വാട്‌സ് ആപ്പിലൂടെയാവും ചാറ്റിംഗ്. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിച്ചാണ് അവരെ വലയിലാക്കുന്നത്. മറ്റു തൊഴിലിനൊന്നും പോവാതെ മുഴുവന്‍ സമയവും ഫേസ്ബുക്കില്‍ തന്നെ വലവീശിയിരിപ്പായിരുന്നു പ്രിജോയുടെ പ്രധാന പണിയെന്ന് പൊലീസ് പറയുന്നു. മന: ശാസ്ത്രപരമായ കാര്യങ്ങളും തത്വചിന്തകളും സ്ത്രീകള്‍ക്ക് ഉപദേശിച്ച് അവരുടെ മാനസിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിച്ച് ഉറ്റ സുഹൃത്തായി മാറും.
മരിച്ച ആത്മാക്കളുമായി ഓജോ ബോര്‍ഡിന്റെ സഹായത്തോടെ സംസാരിക്കാന്‍ അവസരമൊരുക്കുമെന്ന് പറഞ്ഞ് പ്രലോഭിപ്പിക്കും. ഇത് വിശ്വസിക്കുന്ന സ്ത്രീകളെ ഏതെങ്കിലും ഹോട്ടലിലോ മറ്റു സുരക്ഷിത കേന്ദ്രത്തിലോ ക്ഷണിച്ചു വരുത്തും. അവിടെ എത്തിയാല്‍ ആദ്യം പല പൂജകളും നടത്തും. ചികിത്സയുടെ ഭാഗമെന്ന നിലയില്‍ നഗ്നപൂജയ്ക്ക് നിര്‍ബന്ധിക്കും. തുടര്‍ന്ന് സ്ത്രീകളെ ലൈംഗിക ചൂഷണത്തിനിരയാക്കും. കെണിയില്‍ വീണ സ്ത്രീകളില്‍ നിന്ന് പണവും ഈടാക്കിയിരുന്നതായി സംശയിക്കുന്നുണ്ട്. പ്രശ്‌നപരിഹാരത്തിന് ബന്ധപ്പെടുന്ന സ്ത്രീകളോട് ആദ്യം അവരുടെ കൈകാലുകളുടെയും മുഖത്തിന്റെയും ചിത്രങ്ങളാണ് ചികിത്സയുടെ ഭാഗമായി അയച്ചുതരാന്‍ ആവശ്യപ്പെടുന്നത്. തുടര്‍ന്ന് ഓരോ ശരീരഭാഗത്തിന്റെയും ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി വാട്‌സാപ്പിലൂടെ നല്‍കാന്‍ നിര്‍ബ്ബന്ധിക്കും. അതില്‍ ലൈംഗിക ചോദന ഉണര്‍ത്തുന്ന അവരുടെ ശരീര ഭാഗങ്ങളും ഉള്‍പ്പെടും. ഇങ്ങനെ അയച്ചുകൊടുത്ത ധാരാളം സ്ത്രീകളുടെ നഗ്‌നചിത്രങ്ങള്‍ പ്രിജോയുടെ മൊബൈലില്‍ പൊലീസ് കണ്ടെത്തി. ഒന്നിലധികം സിംകാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഒരു പെന്‍െ്രെഡവ് ഡിലീറ്റ് ചെയ്തതായും കണ്ടെത്തി. ഇതിലെ ചിത്രങ്ങള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ വീണ്ടെടുക്കാന്‍ പൊലീസ് ശ്രമിക്കുന്നുണ്ട്.
കൊല്ലം സ്വദേശിനിയായ യുവതിയെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രിജോയെ പൊലീസ് സമര്‍ത്ഥമായി കുടുക്കിയത്. യുവതിയുടെ ഭര്‍ത്താവാണ് പ്രിജോയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. പൊലീസിന്റെ നിര്‍ദ്ദേശപ്രകാരം പ്രിജോയോട് കൊല്ലത്ത് വരാന്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ തിരുവനന്തപുരത്ത് വരാമെന്നായിരുന്നു പ്രിജോയുടെ മറുപടി. കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ വന്നാല്‍ അവിടെ നിന്ന് ഒരുമിച്ച് തിരുവനന്തപുരത്തേക്ക് പോകാമെന്ന് യുവതി അറിയിച്ചു ഇതനുസരിച്ച് വെള്ളിയാഴ്ച രാവിലെ കൊല്ലം സ്‌റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങിയ പ്രിജോയെ പൊലീസ് തന്ത്രപൂര്‍വം കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊല്ലത്ത് ഈയൊരു കേസല്ലാതെ മറ്റൊന്നും ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് പൊലീസ് പറയുമ്പോള്‍ ഇയാളുടെ വലയില്‍ വീണവര്‍ മാനഹാനി ഭയന്ന് പുറത്ത് പറയാത്തതാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. എന്നാല്‍ തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ കൂടുതല്‍ പേര്‍ ഇയാളുടെ വലയില്‍ പെട്ടതിന്റെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ തട്ടിപ്പിന്റെയും പീഡനങ്ങളുടെയും വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പൊലീസിന്റെ കണക്ക്കൂട്ടല്‍.