നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരായ ബലാത്സംഗ കേസിൽ കൂടുതൽ സാക്ഷികളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. സിനിമാ മേഖലയിലുള്ളവരുടെയടക്കം എട്ടു പേരുടെ മൊഴിയെടുത്തിട്ടുണ്ട്. ഇവരിൽ നിന്ന് നടിയുടെ പരാതിയെ സാധൂകരിക്കുന്ന തെളിവുകൾ കിട്ടി.
മുൻകൂർ ജാമ്യം തേടി വിജയ് ബാബു ഇന്ന് ഹൈക്കോടതിയെ സമീപിക്കും. 2022 മാർച്ച് 13 മുതൽ ഏപ്രിൽ 14 വരെ കൊച്ചിയിലെ ഫ്ളാറ്റിലും ആഡംബര ഹോട്ടലിലുമായി വിജയ് ബാബു പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്നും ശാരീരികമായി ആക്രമിച്ചെന്നുമാണ് നടിയുടെ പരാതി.
വിജയ് ബാബുവിനെതിരെ ഇന്നലെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഈ മാസം 22 നാണ് നടി പരാതി നൽകിയത്. പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് നടൻ വിദേശത്തേക്ക് കടന്നത്. പ്രതിയുടെ പാസ്‌പോർട്ട് കണ്ടുകെട്ടുന്നതടക്കമുള്ള നടപടികൾ അന്വേഷണ ഉദ്യോഗസ്ഥർ ആലോചിക്കുന്നുണ്ട്. നടന്റെ കൊച്ചിയിലെ ഫ്ലാറ്റിലും ആഡംബര ഹോട്ടലിലും അന്വേഷണ സംഘം തെളിവെടുത്തിരുന്നു.
പരാതിക്കാരിയായ നടിയോടൊപ്പം വിജയ് ബാബു ആഡംബര ഹോട്ടലിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.വിജയ് ബാബുവും പരാതിക്കാരിയും കടവന്ത്രയിലെ ഹോട്ടലിലും ഫ്ലാറ്റുകളിലും എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. ഹോട്ടലിലെ ജീവനക്കാരുടെ മൊഴിയെടുത്തു. അഞ്ചിടങ്ങളിൽ പീഡനം നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഈ സ്ഥലങ്ങളിലെല്ലാം വിജയ് ബാബു എത്തിയതിന്റെ തെളിവുകൾ പൊലീസിന് കിട്ടി.
ചലച്ചിത്ര പ്രവർത്തകരടക്കം എട്ടു സാക്ഷികളുടെ മൊഴിയാണ് ഇതുവരെ രേഖപ്പെടുത്തിയത്. ഇതിൽ നിന്ന് നടിയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകൾ ലഭിച്ചു. സിനിമയിൽ അവസരങ്ങൾ വാഗ്ദ്ധാനം ചെയ്ത് നിരവധി തവണ വിജയ് ബാബു ബലാത്സംഗം ചെയ്തെന്നാരോപിച്ച് ഈ മാസം 22നാണ് യുവതി പൊലീസിൽ പരാതി നൽകിയത്.പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ കേസെടുത്തിട്ടുണ്ട്. നടനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു ഇന്നലെ പ്രതികരിച്ചിരുന്നു.
Leave a Reply