ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- പതിമൂന്നുകാരിയായ പെൺകുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്യുവാൻ സഹായിച്ച പ്രൈമറി സ്കൂൾ ഡെപ്യൂട്ടി അറസ്റ്റിൽ. നാൽപത്തിനാലുകാരിയായ ജൂലി മോറിസിനെയാണ് തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡിൽ ആക്കിയിരിക്കുന്നത്. പത്തു വർഷത്തോളമായി ഇവർ സെന്റ് ജോർജ് സ് സെൻട്രൽ ചർച്ച് ഓഫ് ഇംഗ്ലണ്ട് പ്രൈമറി സ്കൂളിൽ ജോലിചെയ്തുവരികയായിരുന്നു. 13 വയസ്സുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ കൂട്ടുനിന്ന കുറ്റത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അൻപത്തിരണ്ടുകാരനായ ഡേവിഡ് മോറിസ് ആണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത് എന്നാണ് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഡേവിഡിനു വേണ്ട എല്ലാ സഹായവും പിന്തുണയും നൽകിയത് ജൂലി ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. പതിമൂന്നുകാരിയായ ഒരു പെൺകുട്ടിയെ മൂന്നുതവണ പീഡിപ്പിച്ച കുറ്റവും, മറ്റൊരു പെൺകുട്ടിയെ ലൈംഗിക പ്രവർത്തികൾക്ക് പ്രേരിപ്പിച്ച കുറ്റവുമാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.


ഡേവിഡ് മോറിസ് ജൂലിയുടെ ഭർത്താവല്ല എന്നാണ് പോലീസ് നൽകുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇവർ തമ്മിൽ യാതൊരു തരത്തിലുള്ള കുടുംബ ബന്ധങ്ങളും ഇല്ലെന്ന് തന്നെയാണ് പോലീസ് വ്യക്തമാക്കുന്നത്. 340 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിലെ ഒരു ജീവനക്കാരി ഇത്തരത്തിലൊരു സംഭവത്തിൽ ഉൾപ്പെട്ടത് ഞെട്ടിപ്പിക്കുന്നതാണെന്ന് കുട്ടികളുടെ മാതാപിതാക്കൾ പറഞ്ഞു. ജൂലിയെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്തതായി സ്കൂൾ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.


എന്നാൽ സ്കൂളിലെ ജോലിയുമായി ബന്ധപ്പെട്ടല്ല ജൂലിയെ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് മേഴ്‌സിസൈഡ് പോലീസ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. അതിനാൽതന്നെ പീഡിപ്പിക്കപ്പെട്ട പെൺകുട്ടി ഇവർ ജോലി ചെയ്ത സകൂളിൽ നിന്നുള്ളതല്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. തുടർ അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് പോലീസ് അധികൃതർ പറഞ്ഞു.