ന്യൂസ് ഡെസ്ക് മലയാളം യുകെ

ബെർക്ക്‌ഷെയർ : വിദ്യാർത്ഥികളുടെ മാതാപിതാക്കളെ പരിഹസിക്കുകയും സഹപ്രവർത്തകരെ അപമാനിക്കുകയും ചെയ്ത പ്രൈമറി സ്കൂൾ അധ്യാപികയെ പിരിച്ചുവിട്ട നടപടി ഉചിതമെന്ന് എംപ്ലോയ്മെന്റ് ട്രിബ്യൂണൽ. ബെർക്ക്‌ഷെയറിലെ റീഡിംഗിലുള്ള ന്യൂ ക്രൈസ്റ്റ് ചർച്ച് പ്രൈമറി സ്‌കൂൾ അധ്യാപികയായ ഇഖ്ബാൽ ഖാനെം വംശീയാധിക്ഷേപം നടത്തിയെന്നാണ് പരാതി. സഹപ്രവർത്തകരെ ‘ബ്ലഡി ലെസ്ബിയൻസ്’ എന്ന് വിളിച്ചു. കൂടാതെ ക്ലാസ്സിലെ മറ്റു കുട്ടികളുടെ മുൻപിൽ വെച്ച് ഒരു വിദ്യാർത്ഥിയോട് വസ്ത്രം മാറാൻ ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് ഖാനെം അച്ചടക്ക നടപടിക്ക് വിധേയയായിരുന്നു.

അഞ്ചുവയസ്സുള്ള കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപികയിൽ നിന്നാണ് ഇത്തരം പെരുമാറ്റം ഉണ്ടായത്. സഹപ്രവർത്തകരോടുള്ള തന്റെ ഭാഷ വെറും പരിഹാസം മാത്രമാണെന്നാണ് അധ്യാപികയുടെ വാദം. എന്നാൽ 2019 മെയ് മാസത്തിൽ മോശമായ പെരുമാറ്റത്തിന്റെ പേരിൽ ഖാനെമിനെ സ്കൂൾ പിരിച്ചുവിട്ടു. തനിക്ക് 50 വയസ്സിനു മുകളിലുള്ളതിനാലും ഉയർന്ന ശമ്പളം ഉള്ളതിനാലും സ്കൂൾ അധികാരികൾ തന്നെ ലക്ഷ്യം വെച്ചുവെന്നാരോപിച്ച് ഖാനെം സ്‌കൂളിനെതിരെ കേസെടുക്കാൻ ശ്രമിച്ചു. എന്നാൽ റീഡിംഗിലെ എംപ്ലോയ്മെന്റ് ട്രിബ്യൂണൽ കേസ് തള്ളിക്കളയുകയും അവരുടെ പെരുമാറ്റത്തെ വിമർശിക്കുകയും ചെയ്തു.

2014 ഫെബ്രുവരി മുതൽ 2019 മെയ് മാസത്തിൽ പിരിച്ചുവിടുന്നത് വരെ ഖാനം സ്‌കൂളിൽ ജോലി ചെയ്തിരുന്നതായി ട്രിബ്യൂണൽ പറഞ്ഞു. മാതാപിതാക്കളുടെ ഏഷ്യൻ ഉച്ചാരണങ്ങളെ അനുകരിച്ച് വിദ്യാർത്ഥികളെ പരിഹസിച്ചതിന് വ്യക്തമായ തെളിവുകൾ ഉണ്ടായിരുന്നു. ഇത് അസ്വീകാര്യമായ പെരുമാറ്റമാണെന്ന് ട്രിബ്യൂണൽ വ്യക്തമാക്കി. ‘അച്ചടക്ക നടപടിയിൽ ശേഖരിച്ച തെളിവുകളാണ് പിരിച്ചുവിടലിന്റെ യഥാർത്ഥ കാരണം. പ്രായത്തിന് അതുമായി ഒരു ബന്ധവുമില്ല. തന്റെ പെരുമാറ്റം വളരെ മോശമായിരുന്നുവെന്ന് അധ്യാപിക തിരിച്ചറിയണം’ – ട്രിബ്യൂണൽ അറിയിച്ചു.