ന്യൂസ് ഡെസ്ക് , മലയാളം യുകെ

രാജ്യത്തെ രോഗപ്രതിരോധ സംവിധാനങ്ങളെ എല്ലാം വെല്ലുവിളിച്ച് കുതിച്ചുയരുന്ന കൊറോണ വൈറസ് ബാധയെ തടയാൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ രണ്ടാം ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. എൻ എച്ച് എസിന് നേരിടേണ്ടി വന്നേക്കാവുന്ന അനാരോഗ്യകരവും ധാർമികവുമായ ദുരന്തം ഒഴിവാക്കാനായി ആണ് രണ്ടാം ഘട്ട ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് പ്രധാനമന്ത്രി പറഞ്ഞു. “ഇക്കൊല്ലത്തെ ക്രിസ്മസ് വളരെ വ്യത്യസ്തമായിരിക്കും” പക്ഷേ ഇപ്പോൾ നാലാഴ്ച രാജ്യം പൂർണമായി അടച്ചിടുന്നത് കൊണ്ട് ക്രിസ്മസിന് ഒരുപക്ഷേ കുടുംബങ്ങൾക്ക് പരസ്പരം ഒത്തുചേരാനായേക്കാം. വ്യാഴാഴ്ച തുടങ്ങി പബ്ബുകൾ റസ്റ്റോറന്റുകൾ ജിമ്മുകൾ, അത്യാവശ്യ സാധനങ്ങൾ വിൽക്കുന്നതല്ലാത്ത കടകൾ എന്നിവ അടച്ചിടണം. പക്ഷേ മുൻപത്തെ ലോക്ക്ഡൗണിൽ നിന്ന് വ്യത്യസ്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങളായ സ്കൂളുകൾ, കോളേജുകൾ, യൂണിവേഴ്സിറ്റികൾ എന്നിവ തുറന്നു പ്രവർത്തിക്കും. ഡിസംബർ 2 നു ശേഷം കർശനമായ നടപടികൾ പിൻവലിക്കുമെന്നും പ്രദേശങ്ങൾ ടയർ സമ്പ്രദായത്തിലേക്ക് തിരിച്ചു പോകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

രണ്ടാമത്തെ ലോക്ക്ഡൗൺ ബിസിനസ് മേഖലയിൽ ഉണ്ടാക്കാവുന്ന ആഘാതത്തെ കുറിച്ച് തനിക്ക് ബോധ്യമുണ്ടെന്നും താൻ ക്ഷമചോദിക്കുന്നു എന്നും ജോൺസൺ പറഞ്ഞു. എന്നാൽ നവംബർ അവസാനം വരെ 80 ശതമാനം വേതനം തൊഴിലാളികൾക്ക് നൽകുന്ന ഫർലോഗ് സിസ്റ്റം നടപ്പാക്കുന്നതായിരിക്കും. കഴിഞ്ഞ ഏപ്രിലിൽ കണ്ടതിനേക്കാൾ വളരെ ഉയർന്ന മരണനിരക്കും, രോഗവ്യാപനവുമാണ് കണ്ടു വരുന്നതെന്ന് പ്രധാനമന്ത്രി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. താരതമ്യേന കുറവ് രോഗികളെ അഡ്മിറ്റ് ചെയ്തിട്ടുള്ള സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ആശുപത്രികളിൽ പോലും സൗകര്യങ്ങൾ കുറഞ്ഞുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഇനിയങ്ങോട്ട് രോഗികളുടെ എണ്ണം വർദ്ധിച്ചു വന്നാൽ ഡോക്ടർമാർക്കും നഴ്സുമാർക്കും നമ്മുടെ ആരോഗ്യ സംവിധാനത്തിനും ഇതിനെ നേരിടാൻ കഴിയുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

പുതിയ ലോക്ക്ഡൗൺ നിബന്ധനകൾ ഇങ്ങനെ

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വീട്ടിലിരുന്ന് ജോലിയും പഠനവും ചെയ്യാൻ കഴിയാത്തവർക്ക് മാത്രമേ പുറത്തിറങ്ങാൻ പാടുള്ളൂ. അത്യാവശ്യ സാധനങ്ങൾ, മരുന്നുകൾ, ഭക്ഷണം എന്നിവ വാങ്ങാൻ പുറത്തുപോകാം. മറ്റുള്ളവരെ സഹായിക്കാനോ വോളണ്ടിയർ ആയോ പുറത്തുപോകാം, ഭക്ഷണം പാഴ്സൽ നൽകുന്ന ഇടങ്ങൾ,ക്ലിക് ആൻഡ് കളക്ട് ഷോപ്പിങ് സെന്ററുകൾ എന്നിവ തുറന്നു പ്രവർത്തിക്കാം. വിനോദ കേന്ദ്രങ്ങൾ എല്ലാം അടച്ചിടും. രോഗപ്രതിരോധ ശേഷി കുറവുള്ളവരോ പെട്ടെന്ന് രോഗബാധ ഏൽക്കാൻ സാധ്യതയുള്ളവരോ ആയ വ്യക്തികൾ കൂടുതൽ ശ്രദ്ധിക്കണം.

ഇംഗ്ലണ്ടിനെ പോലെ തന്നെ ഫ്രാൻസിലും ജർമനിയിലും ഉയർന്ന കേസുകളാണ് അനുദിനം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ലോക്ക്ഡൗൺ എന്ന തീരുമാനം ആഴ്ചകൾക്ക് മുൻപേ തന്നെ എടുക്കേണ്ടതായിരുന്നു എന്നാണ് ലേബർ പാർട്ടി നേതാക്കൾ അഭിപ്രായപ്പെട്ടത്.

വരും ദിനങ്ങളിൽ ഏകദേശം നാലായിരത്തോളം പേർ ദിനംപ്രതി രോഗബാധിതരാവാനുള്ള സാഹചര്യമുണ്ട്. ഇത് പരമാവധി ഒഴിവാക്കാൻ പൗരൻമാർക്ക് മാത്രമേ സാധിക്കുകയുള്ളൂ. അതേസമയം സ്കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നതിൽ പല വിദഗ്ധരും എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. വൈറസ് ഇത്രപെട്ടെന്ന് രാജ്യത്തെമ്പാടും വ്യാപിക്കാൻ സ്കൂളുകൾ കാരണമായത് മറക്കരുതെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു. അതേസമയം വിദ്യാഭ്യാസസ്ഥാപനങ്ങൾ അടച്ചിടുന്നത് രാജ്യത്തോടും,പുതിയ തലമുറയോടും ചെയ്യുന്ന ദ്രോഹം ആണെന്ന് അഭിപ്രായവും ഉയർന്നു വരുന്നുണ്ട്. 11,000 ആൾക്കാർ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നുണ്ട്, അതിൽ 978 പേർ വെന്റിലേറ്ററുകളിലാണ്. യുകെയിൽ ഇതുവരെ രോഗബാധിതരായവരുടെ എണ്ണം 1,011,660 കടന്നു.