ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- ബ്രിട്ടനെ ശാസ്ത്ര ശക്തിയായി വളർത്തുക എന്ന ലക്ഷ്യത്തോടെ കൂടുതൽ പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഗവേഷണങ്ങൾക്ക് കൂടുതൽ ബഡ് ജറ്റ് തുക നീക്കി വയ്ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം തന്നെ പുതിയതായി രൂപപ്പെടുത്തുന്ന നാഷണൽ സയൻസ് ആൻഡ് ടെക്നോളജി കൗൺസിലിന് അദ്ദേഹം നേതൃത്വം വഹിക്കുകയും ചെയ്യും. ജനനന്മയ്ക്ക് പ്രയോജനപ്പെടുത്തുന്നതിനായി ഗവേഷണങ്ങൾക്ക് ദിശാബോധം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ കൗൺസിൽ രൂപപ്പെടുത്തിയിരിക്കുന്നത്. നിലവിലെ ചീഫ് സയന്റിഫിക് അഡ്വൈസർ ആയിരിക്കുന്ന സർ പാട്രിക് വാലൻസ്, ഇനിമുതൽ നാഷണൽ ടെക്നോളജി അഡ്വൈസർ എന്ന നിലയിലും സേവനമനുഷ്ഠിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM

നിലവിലെ വാക്സിനേഷൻ പ്രോഗ്രാമിൽ ബ്രിട്ടൻ നേടിയിരിക്കുന്ന വിജയം മറ്റു മേഖലകളിലും എത്രത്തോളം ബ്രിട്ടന് മുന്നേറാൻ സാധിക്കും എന്നതിന് തെളിവാണ് എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ബ്രിട്ടനിലെയും അതോടൊപ്പം തന്നെ ലോകമെമ്പാടുമുള്ള ജനങ്ങളുടെയും ജീവിതത്തിൽ കൂടുതൽ പ്രയോജനപ്പെടുത്തുന്ന ശാസ്ത്ര സാങ്കേതിക കണ്ടുപിടുത്തങ്ങൾ നടത്തുവാൻ ബ്രിട്ടനു സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി ശരിയായ ദിശാബോധം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കൗൺസിലുകളും മറ്റും രൂപപ്പെടുത്തിയിരിക്കുന്നത്. ലോക ശാസ്ത്ര ശക്തി എന്ന നിലയിലുള്ള ബ്രിട്ടന്റെ സ്ഥാനത്തെ കൂടുതൽ ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതികൾ തീരുമാനിച്ചിരിക്കുന്നത്. 2025 ഓടുകൂടി ഗവേഷണ മേഖലയ്ക്കായി 22 ബില്യൺ പൗണ്ട് തുകയോളം വകയിരുത്തും. കാലാവസ്ഥാവ്യതിയാനം തരണം ചെയ്യുന്നതിനുള്ള മാർഗങ്ങളും മറ്റും ആലോചിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പുതിയതായി രൂപപ്പെടുത്തിയ ഓഫീസ് ഫോർ സയൻസ് ആൻഡ് ടെക്നോളജി സ്ട്രാറ്റജി പുതിയ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.