അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
ലണ്ടനിലെ സെന്റ് തോമസ് ഹോസ്പിറ്റലിൽ 56 വയസുള്ള പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഓക്സ്ഫോർഡ്-അസ്ട്രസെനെക കൊറോണ വൈറസിൻെറ ആദ്യ ഡോസ് സ്വീകരിച്ചു. കഴിഞ്ഞ ഏപ്രിലിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് ചികത്സ തേടിയതും സെന്റ് തോമസ് ഹോസ്പിറ്റലിൽ ആയിരുന്നു. ഓക്സ്ഫോർഡ് വാക്സിൻ സ്വീകരിക്കുന്നവരിൽ രക്തം കട്ടപിടിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് സ്വിറ്റ്സർലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഓക്സ്ഫോർഡ് വാക്സിൻ വിതരണം താൽക്കാലികമായി നിർത്തി വച്ചിരുന്നു. പക്ഷേ ഓക്സ്ഫോർഡ് വാക്സിൻ പൂർണമായും സുരക്ഷിതമാണെന്ന് ലോകാരോഗ്യസംഘടനയും യൂറോപ്യൻ മെഡിസിൻ റഗുലേറ്ററും പറഞ്ഞതിനെത്തുടർന്ന് വാക്സിൻ വിതരണം പുനരാരംഭിച്ചെങ്കിലും വാക്സിൻ വിതരണം താൽക്കാലികമായി നിർത്തിവെച്ച സംഭവം ജനങ്ങളിൽ അനാവശ്യ പരിഭ്രാന്തി സൃഷ്ടിച്ചതായി വിലയിരുത്തപ്പെടുന്നു. ഈ അവസരത്തിൽ ജനങ്ങളോട് തോൾചേർന്ന് പ്രധാനമന്ത്രി ഓക്സ്ഫോർഡ് വാക്സിൻ സ്വീകരിച്ചത് രാജ്യത്ത് വാക്സിൻ വിതരണം ത്വരിതഗതിയിൽ ആക്കാനും ജനങ്ങളുടെ അനാവശ്യ ആശങ്കകളും അകറ്റാനും സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. എനിക്ക് ഓക്സ്ഫോർഡ് അസ്ട്രസെനെക്ക വാക്സിൻെറ ആദ്യ ഡോസ് ലഭിച്ചു. ഇതിന് സഹായിച്ച ശാസ്ത്രജ്ഞർക്കും, എൻഎച്ച്എസ് സ്റ്റാഫുകൾക്കും, സന്നദ്ധ പ്രവർത്തകർക്കും നന്ദി അറിയിക്കുന്നു. വാക്‌സിൻ സ്വീകരിച്ചതിന് ശേഷം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ഇന്ത്യയിൽനിന്നുള്ള വാക്‌സിൻ ലഭ്യതയ്ക്ക് കാലതാമസം നേരിടും എന്ന ആശങ്കകൾക്കിടയിലും യുകെയിലെ പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നത് യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. ഇന്നലത്തെ വാക്സിൻ വിതരണം സർവകാലറെക്കോർഡിലെത്തിയത് കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ രാജ്യത്തിന് ആത്മവിശ്വാസം നൽകുന്നതായി. ഇന്നലെ മാത്രം 660,276 പേർക്കാണ് പ്രതിരോധ കുത്തിവെയ്പ്പ് നൽകാനായത്. ഇതിൽ 132,016 പേർക്ക് രണ്ടാംഡോസും 520,260 പേർക്ക് ആദ്യ ഡോസ് പ്രതിരോധ കുത്തിവെയ്പ്പും ആണ് നൽകിയത്. ആരോഗ്യ പ്രവർത്തകരുടെ അക്ഷീണ പരിശ്രമം മൂലമാണ് ഈ നാഴികക്കല്ല് പിന്നിടാനായത് എന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു.
ബ്രിട്ടനിൽ ഏകദേശം 26.2 ദശലക്ഷം ജനങ്ങൾക്ക് പ്രതിരോധ കുത്തിവെയ്പ്പിൻെറ ആദ്യ ഡോസ് ലഭ്യമായി കഴിഞ്ഞു. ഇതിനിടെ ഇന്ത്യയിൽ നിന്നുള്ള വാക്‌സിൻ കയറ്റുമതിയിലുള്ള അനശ്ചിതത്വം കാരണം അടുത്തമാസം വാക്സിൻ വിതരണം താളംതെറ്റിയേക്കുമെന്നുള്ള ആശങ്കൾ പരക്കെ ശക്തമാണ്. വാക്‌സിൻ ലഭ്യതയിലെ അനശ്ചിതത്വം പരിഹരിക്കാനായി ബ്രിട്ടനും ഇന്ത്യയും തമ്മിൽ രഹസ്യ ചർച്ചകൾ ആരംഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വാക്‌സിൻ ലഭ്യതയിൽ കുറവ് നേരിട്ടാൽ അടുത്തമാസം പ്രതിരോധകുത്തിവെയ്പ്പ് ലഭിക്കേണ്ടിയിരുന്ന 40 വയസ്സിനു മുകളിലുള്ളവർക്ക് മെയ് മാസം വരെ കാത്തിരിക്കേണ്ടി വന്നേക്കാം എന്നാണ് കരുതപ്പെടുന്നത്.
Leave a Reply