ന്യൂസ് ഡെസ്ക്, മലയാളം യുകെ
അമേരിക്കൻ ശതകോടീശ്വരനായ ഇലോൺ മസ്കിനെതിരെ രൂക്ഷ വിമർശനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ രംഗത്ത് വന്നു. കുറെ നാളുകളായി ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ ഇടപെടുന്ന ഇലോൺ മസ്കിൻ്റെ നടപടികളെ തുടർന്നാണ് പ്രധാനമന്ത്രിയുടെ നടപടി . പ്രമുഖ സമൂഹ മാധ്യമമായ X – ൻ്റെ ഉടമയായ മസ്ക് നുണകളും തെറ്റായ വിവരങ്ങളും തുടർച്ചയായി പ്രചരിപ്പിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
മസ്കിന്റെ സമീപകാല അഭിപ്രായങ്ങൾ രാജ്യത്തിൻറെ ജനാധിപത്യത്തെ തകർക്കാൻ ലക്ഷ്യമിടുന്നതാണെന്നാണ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ആരോപിച്ചത്. ജൂലൈ 4 – ലെ പൊതു തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി അധികാരത്തിൽ എത്തിയതു മുതൽ തൻറെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ X – ലൂടെ യുകെയിലെ രാഷ്ട്രീയത്തെ കുറിച്ച് നിരവധി വിവാദ പരാമർശങ്ങൾ ആണ് മസ്കിന്റെതായി വന്നത്. ബ്രിട്ടനിലെ ജനങ്ങളെ അവരുടെ സ്വേച്ഛാധിപത്യ സർക്കാരിൽ നിന്ന് അമേരിക്ക മോചിപ്പിക്കണം, കെയർ സ്റ്റാർമറെ ജയിലിലടയ്ക്കണം തുടങ്ങിയ വിവാദ പരാമർശങ്ങളാണ് കെയർ സ്റ്റാർമറിനെ രോക്ഷം കൊള്ളിച്ചത്. തീവ്ര വലതുപക്ഷ പ്രവർത്തകർ കുട്ടികളെ ദുരുപയോഗം ചെയ്തത് കുടിയേറ്റവുമായി ബന്ധപ്പെടുത്തി മസ്ക് പോസ്റ്റുകൾ ഇട്ടിരുന്നു.
2008 നും 2013 നും ഇടയിൽ ഇംഗ്ലണ്ടിന്റെ പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്നപ്പോൾ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിൽ സ്റ്റാർമർ പരാജയപ്പെട്ടെന്ന കടുത്ത ആരോപണങ്ങളും മസ്ക് ഉന്നയിച്ചിരുന്നു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന കേസുകളും ഇവയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നതാണ് മസ്ക് കുറ്റപ്പെടുത്തുന്നത്. നിയുക്ത യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത അനുയായി ആണ് ഇലോൺ മസ്ക്. അതുകൊണ്ടുതന്നെ കെയർ സ്റ്റാർമറും മസ്കും തമ്മിലുള്ള ശീതയുദ്ധം ഡൊണാൾഡ് ട്രംപുമായുള്ള പ്രശ്നമായി വളരുമോ എന്ന് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്ന കാര്യമാണ്. സമീപകാലത്ത് ഇരുവരുടെ ഇടയിലും അസാരസ്യങ്ങൾ ഉടലെടുത്തിരുന്നു. താൻ പ്രസിഡൻറ് ആകാതിരിക്കാൻ ലേബർ പാർട്ടി അനുയായികൾ പ്രചാരണം നടത്തി എന്ന് തിരഞ്ഞെടുപ്പ് വേളയിൽ ഡൊണാൾഡ് ട്രംപ് ആരോപിച്ചിരുന്നു.
Leave a Reply