അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
ലോക്ക്ഡൗണിന് ശേഷമുള്ള പ്രാദേശിക നിയന്ത്രണങ്ങൾ വിജയിപ്പിക്കുന്നതിന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ എംപിമാരുടെ പിന്തുണ അഭ്യർത്ഥിച്ചു. കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാനുള്ള ഗവൺമെൻറ് പ്രവർത്തനങ്ങളെക്കുറിച്ച് നാളെ എംപിമാരുടെ അഭിപ്രായം രേഖപ്പെടുത്താൻ ഇരിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഒറ്റക്കെട്ടായി മുന്നേറാം എന്ന ആഹ്വാനം ചെയ്തത്. അതോടൊപ്പംതന്നെനിയന്ത്രണങ്ങളുടെ ആവശ്യകത ബോധ്യപ്പെടുത്താനായി വൈറസ് വ്യാപനം രാജ്യത്തിൻറെ ആരോഗ്യ, സാമ്പത്തിക, സാമൂഹിക മേഖലകളെ എങ്ങനെ ബാധിച്ചു എന്നതിനെക്കുറിച്ചുള്ള വിശകലനം പ്രസിദ്ധപ്പെടുത്തുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
പുതിയ നിയമങ്ങളെക്കുറിച്ച് വിമർശനമുന്നയിച്ച എഴുപതോളം എംപിമാർക്ക് അയച്ച കത്തിലാണ് പ്രധാനമന്ത്രി വൈറസ് വ്യാപനം തടയാനുള്ള പ്രവർത്തനങ്ങളിൽ പിന്തുണ അഭ്യർത്ഥിച്ചത്. ഇതിനിടെ ലോക്കഡൗണിൽ വൈറസ് വ്യാപനതോത് ഇംഗ്ലണ്ടിൽ 30 ശതമാനമായി കുറഞ്ഞതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇമ്പീരിയൽ കോളേജ് ലണ്ടൻ നടത്തിയ പഠനത്തിൽ ദേശീയതലത്തിൽ ആർ – റേറ്റ് കുറഞ്ഞ് 0.88 ആയതായി കണ്ടെത്തി. അഗസ്റ്റിന് ശേഷം ആദ്യമായാണ് ആർ – റേറ്റ് ഒന്നിൽ താഴെ ആകുന്നത്.
നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിൻെറ ഭാഗമായി വെയിൽസിലെ പബ്ബുകൾ, റസ്റ്റോറന്റുകൾ, കഫേകൾ മുതലായവയിൽ മദ്യ വിതരണം വെള്ളിയാഴ്ച മുതൽ ഉണ്ടാവുകയില്ല എന്ന് മാത്രമല്ല ആറുമണിവരെ ഇവയുടെ പ്രവർത്തനം ഉണ്ടാവുകയുള്ളൂ. ഇതോടൊപ്പം തിയേറ്ററുകൾ, മ്യൂസിയംസ്, ഗ്യാലറി എന്നിവയുടെയും പ്രവർത്തനങ്ങൾക്കും നിയന്ത്രണങ്ങൾ ഉണ്ട്. നിയന്ത്രണങ്ങൾ മൂലം നഷ്ടം നേരിടുന്ന സ്ഥാപനങ്ങളെ സഹായിക്കാനായി വെയിൽസ് 340 മില്യൺ പൗണ്ട് വകയിരുത്തിയിട്ടുണ്ട്.
യുകെയിലുടനീളമുള്ള യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് ക്രിസ്മസിനോടനുബന്ധിച്ച് വീട്ടിലേയ്ക്ക് മടങ്ങുന്നതിന് മുന്നോടിയായിട്ട് കോവിഡ് ടെസ്റ്റ് ആരംഭിച്ചു. എല്ലാ യൂണിവേഴ്സിറ്റികളിലും ആയിരക്കണക്കിന് വിദ്യാർത്ഥികളെ പരിശോധിക്കാനാവശ്യമായ താത്കാലികമായ കോവിഡ് ടെസ്റ്റിങ് സെന്ററുകൾ ആരംഭിച്ചിട്ടുണ്ട്. വീടുകളിലേയ്ക്ക് മടങ്ങുന്നതിന് മുമ്പായി മൂന്നു ദിവസത്തെ ഇടവേളകളിലായി രണ്ട് ടെസ്റ്റ് നടത്താനാണ് എല്ലാ വിദ്യാർത്ഥികളോടും ആവശ്യപ്പെട്ടിരിക്കുന്നത്. വിദ്യാർത്ഥികളുടെ വീടുകളിലേയ്ക്കുള്ള മടക്കം ഡിസംബർ 3 -ന് ആരംഭിക്കും എന്നാണ് കരുതപ്പെടുന്നത്.
Leave a Reply