ന്യൂസ് ഡെസ്ക്, മലയാളം യുകെ

രോഗാണു ബാധിച്ച രക്തം എൻഎച്ച്എസ് ആശുപത്രികളിൽ കൂടി നൽകിയതിനെ തുടർന്ന് ഇരകളായവരോട് പ്രധാന മന്ത്രി ഋഷി സുനക് ഖേദം പ്രകടിപ്പിച്ചു . സംഭവത്തെ പതിറ്റാണ്ടുകൾ നീണ്ട ധാർമിക പരാജയമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. 30,000 പേർക്ക് മലിനമായ രക്തചികിത്സയിലൂടെ രോഗം ബാധിച്ചതിനെ കുറിച്ചുള്ള പൊതു അന്വേഷണ റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രോഗികൾക്ക് എച്ച്ഐവിയും ഹെപ്പറ്റൈറ്റിസും പിടിപെടാൻ ഡോക്ടർമാരും സർക്കാരും എൻഎച്ച്എസും സാഹചര്യമൊരുക്കിയതായി സംഭവത്തെ കുറിച്ച് നടത്തിയ അന്വേഷണ റിപ്പോർട്ട് കുറ്റപ്പെടുത്തി. പരാജയങ്ങളിൽ താൻ ശരിക്കും ഖേദിക്കുന്നുവെന്ന് സുനക് ഹൗസ് ഓഫ് കോമൺസിനോട് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലേബർ പാർട്ടി നേതാവ് സർ കെയർ സ്റ്റാർമറും സംഭവത്തിൽ ക്ഷമാപണം നടത്തി. രാജ്യം കണ്ട ഏറ്റവും വലിയ അനീതികളിലൊന്നായാണ് ഇതിനെ അദ്ദേഹം വിശേഷിപ്പിച്ചത്. എൻഎച്ച്എസ്സിന്റെ ഏറ്റവും വലിയ ചികിത്സാ ദുരന്തമെന്നാണ് രോഗബാധയുള്ള രക്തം അനേകർക്ക് നൽകിയ സംഭവം അറിയപ്പെടുന്നത്. 1970 കളുടെയും 1990 കളുടെയും ഇടയിൽ എൻഎച്ച്എസ് ആശുപത്രികളിൽ നിന്ന് രക്തം സ്വീകരിച്ചതിനെ തുടർന്ന് പതിനായിരക്കണക്കിന് ആളുകൾക്കാണ് എച്ച്ഐവിയും ഹെപ്പറ്റൈറ്റിസും ബാധിച്ചത്. ശസ്ത്രക്രിയയ്ക്കോ പ്രസവാനന്തരമോ ആണ് പലരും ഇത്തരം മലിനമായ രക്തം സ്വീകരിച്ചത് . ഇതിലൂടെ മരണവും രോഗവും പിടിപെട്ടവരുടെ കുടുംബാംഗങ്ങളുടെ നിരന്തരമായ സമരങ്ങൾക്കൊടുവിൽ 2017 ജൂലൈയിൽ മുൻ പ്രധാനമന്ത്രി തെരേസ മേ ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

രോഗം ബാധിച്ച തടവുകാർ ഉൾപ്പെടെയുള്ളവരിൽ നിന്ന് രക്തം സ്വീകരിച്ചതാണ് അപകടകത്തിന്റെ വ്യാപ്തി കൂടിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. യുഎസിൽ നിന്നും സമാന രീതിയിലുള്ള രക്ത ഉത്പന്നങ്ങൾ യുകെ സ്വീകരിച്ചിരുന്നു. എച്ച്ഐവി അപകടസാധ്യത വ്യക്തമാകുന്നത് വരെ ഇറക്കുമതി ചെയ്യുന്ന എല്ലാ യുഎസ് രക്ത ഉൽപന്നങ്ങളും എൻഎച്ച്എസ് ഉപയോഗത്തിൽ നിന്ന് പിൻവലിക്കണമെന്ന് 1983-ൽ യുകെയിലെ പ്രമുഖ പകർച്ചവ്യാധി വിദഗ്ധരിൽ ഒരാളായ ഡോ സ്പെൻസ് ഗാൽബ്രൈത്ത് നൽകിയ മുന്നറിയിപ്പുകൾ സർക്കാർ അവഗണിച്ചു . പ്രശ്നത്തിന്റെ വ്യാപ്തി ഭയങ്കരമാണെന്നും അധികാരികൾ അപകട സാധ്യതകളോട് പ്രതികരിച്ചത് വളരെ മന്ദഗതിയിലായിരുന്നുവെന്നും അന്വേഷണത്തിന് അധ്യക്ഷനായ സർ ബ്രയാൻ ലാങ്സ്റ്റാഫ് പറഞ്ഞു.