ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : തന്റെ പേരിലുള്ള ലൈംഗികാതിക്രമ കേസ് ഒത്തുതീർപ്പാക്കി ആൻഡ്രൂ രാജകുമാരൻ. യുഎസ് കോടതിയിൽ ആൻഡ്രൂ രാജകുമാരനെതിരെ വിർജീനിയ ജിയുഫ്രെ കൊണ്ടുവന്ന ലൈംഗികാതിക്രമ കേസ് തീർപ്പാക്കിയതായി കോടതി രേഖകൾ വ്യക്തമാക്കുന്നു. ഇന്നലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിൽ സമർപ്പിച്ച കത്തിൽ ആൻഡ്രൂവും ജിയുഫ്രെയും കോടതിക്ക് പുറത്ത് ഒത്തുതീർപ്പിലെത്തിയതായി പറയുന്നു. കേസ് പിൻവലിക്കാനായി ആൻഡ്രൂ രാജകുമാരൻ 12 മില്യൺ പൗണ്ട് നൽകും. യുഎസ് ജഡ് ജി ലൂയിസ് എ കപ്ലാന് അയച്ച കത്തിൽ, ജിയുഫ്രെയുടെ അഭിഭാഷകൻ ഡേവിഡ് ബോയ് സ് ആൻഡ്രൂ രാജകുമാരന്റെ അഭിഭാഷകരുമായി ഒത്തുതീർപ്പിലെത്തിയതായി അറിയിച്ചു.

ജിയുഫ്രെയ്ക്കും അവരുടെ ചാരിറ്റിക്കുമായി 12 മില്യൺ പൗണ്ട് നൽകുമെന്ന് ടെലിഗ്രാഫ് റിപ്പോർട്ട്‌ ചെയ്തു. ഇപ്പോഴത്തെ കരാറിൽ ആൻഡ്രൂവിന് നിയമപരമായ ബാധ്യത ഉണ്ടാവില്ല. എന്നാൽ വിർജീനിയ ജിയുഫ്രെ ഇരയായിരുന്നുവെന്ന് ആൻഡ്രൂ സമ്മതിക്കും. ഒപ്പം എപ്സ്റ്റീനുമായുള്ള ബന്ധത്തിൽ പശ്ചാത്താപം രേഖപ്പെടുത്തും. അതേസമയം, തന്റെ പേരിലുള്ള ലൈംഗികാതിക്രമ ആരോപണം ആൻഡ്രൂ വീണ്ടും നിഷേധിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തനിക്ക് പതിനേഴ് വയസ് പ്രായമുള്ളപ്പോൾ ആൻഡ്രൂ രാജകുമാരൻ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് വിർജീനിയ ജിയുഫ്രെ കോടതിയെ സമീപിച്ചിരുന്നു. വിർജീനിയയുടെ സിവിൽ സ്യുട്ടിനു ന്യൂയോർക്ക് കോടതി അനുമതി നൽകിയതിന് തൊട്ടു പിന്നാലെയാണ് രാജകുമാരന്റെ അധികാരങ്ങൾ കൊട്ടാരം നീക്കം ചെയ്തത്. തന്റെ നിരപരാധിത്വം തെളിയിക്കാൻ ഒരു സാധാരണ പൗരനെന്ന നിലയിൽ കേസ് വാദിക്കാമെന്നായിരുന്നെങ്കിലും ഇനി അത് വേണ്ടിവരില്ല. ഒപ്പം ജയിൽവാസം കൂടിയാണ് ഒഴിവാകുന്നത്.

യുഎസ് ഫിനാന്‍സറായ എപ്‌സ്റ്റൈൻ ഉള്‍പ്പെട്ട ലൈംഗികാതിക്രമ വിവാദം പുറത്തുവന്നതോടെയാണ് ആന്‍ഡ്രൂ രാജകുമാരന്‍ പ്രതിരോധത്തിലായത്. രാജകുമാരന്‍റെ അടുത്ത സുഹൃത്താണ് എപ്‌സ്റ്റൈൻ. പതിനേഴ് വയസുള്ളപ്പോൾ എപ്‌സ്റ്റൈൻ തന്നെ രാജകുമാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിതയാക്കിയെന്ന വിർജീനിയയുടെ ആരോപണം വലിയ വിവാദങ്ങൾക്ക് കാരണമായി. ലണ്ടനിലെ ഗിസ്‌ലെയ്‌ൻ മാക്‌സ്‌വെല്ലിന്റെ വീട്ടിലും ന്യൂയോർക്കിലെ എപ്‌സ്റ്റൈന്റെ മാളികയിലും യു.എസ് വിർജിൻ ഐലൻഡിലെ എപ്‌സ്റ്റൈന്റെ സ്വകാര്യ ദ്വീപിലും വെച്ച് ആൻഡ്രൂ രാജകുമാരൻ തന്നെ മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചതായി ജിയുഫ്രെ വെളിപ്പെടുത്തിയിരുന്നു. എലിസബത്ത് രാജ്ഞിയെയും കൊട്ടാരത്തെയും സമ്മർദ്ദത്തിലാക്കിയ ഒരു കേസാണ് ഇപ്പോൾ ഒത്തുതീർപ്പിലെത്തിയത്.