യുകെയിലെ നഴ്‌സുമാര്‍ക്ക് ബക്കിംങ്ങാം പാലസിന്റെ ആദരം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന 350 നഴ്‌സുമാരാണ് ബക്കിംങ്ങാം പാലസില്‍ നടന്ന പരിപാടിയില്‍ വിശിഷ്ടാഥിതികളായി ക്ഷണിക്കപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഗ്രന്‍ഫെല്‍ ടവര്‍ ദുരന്തത്തില്‍ അകപ്പെട്ടവരെ രക്ഷിക്കുന്നതില്‍ പങ്ക് വഹിച്ച നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള സംഘമായിരുന്നു ബുധനാഴ്ച്ച രാജസദസിലെത്തി ചേര്‍ന്നത്. ആഘോഷ പരിപാടിയില്‍ പ്രിന്‍സ് ചാള്‍സും നഴ്‌സുമാരുടെ ഒപ്പം ചേര്‍ന്നു. നഴ്‌സുമാര്‍ ആരോഗ്യ മേഖലയില്‍ നടത്തുന്ന സേവനത്തെ അദ്ദേഹം അഭിനന്ദിച്ചു. പ്രിന്‍സ് ചാള്‍സിനെ കൂടാതെ വെസക്‌സ് പ്രഭു പത്‌നി സോഫിയയും പരിപാടിയുടെ ഭാഗമായിരുന്നു. ഭീകരമായ അപകടങ്ങളിലൂടെ കടന്നു പോയ പലരില്‍ നിന്നും ആശുപത്രി ജീവിതത്തെക്കുറിച്ച് അമ്പരപ്പിച്ച കഥകള്‍ ഞാന്‍ കേട്ടിട്ടുണ്ട്. പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് പ്രിന്‍സ് ചാള്‍സ് പറഞ്ഞു.
തന്റെ ആശുപത്രി ജീവിതത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുവാനും 69കാരന്‍ പ്രിന്‍സ് ചാള്‍സ് മറന്നില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എനിക്ക് ഒരു ഓപ്പറേഷന്‍ സംബന്ധമായി ആശുപത്രി ജീവിതം നയിക്കേണ്ടി വന്നിട്ടുണ്ട്. അപ്പന്‍ഡിക്‌സ് രോഗം ബാധിച്ച ഞാന്‍ ചികിത്സ തേടിയത് ഗ്രേറ്റ് ഓര്‍മോണ്ട് സ്ട്രീറ്റ് ആശുപത്രിയാലായിരുന്നു. അന്ന് ആശുപത്രിയിലെ നഴ്‌സുമാര്‍ എന്നെ പരിചരിച്ച രീതി എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. അത്രയധികം കരുതലും സ്‌നേഹത്തോടെയുമായിരുന്നു നഴ്‌സുമാരുടെ പെരുമാറ്റം. വിന്റ്‌സോര്‍ കൊട്ടാരത്തിലേക്ക് ചികിത്സ പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ സത്യത്തില്‍ ആശുപത്രി വിട്ടുപോകാന്‍ എനിക്ക് മനസ്സുണ്ടായിരുന്നില്ലെന്നും പ്രിന്‍സ് ചാള്‍സ് പറയുന്നു. പ്രിന്‍സ് ചാള്‍സിനെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഇതൊരു അനുഗ്രഹമാണെന്നും പരിപാടിയില്‍ പങ്കെടുത്ത നഴ്‌സ് മെലേനിയ ഡേവിയസ് അഭിപ്രായപ്പെട്ടു. റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ്‌സ് ഏര്‍പ്പെടുത്തിയിട്ടുള്ള നഴ്‌സ് ഓഫ് ദ ഇയര്‍ പുരസ്‌കാരം 2017ല്‍ കരസ്ഥമാക്കിയത് ഡേവിയസായിരുന്നു.
സാധാരണയായി നഴ്‌സുമാര്‍ വാര്‍ത്തായാകുന്നത് വേതനം സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോഴാണ്. നഴ്‌സുമാര്‍ ഇത്തരത്തില്‍ അംഗീകരിക്കപ്പെടുന്നത് എന്തുകൊണ്ടും നല്ലകാര്യമാണ്. ഞങ്ങള്‍ മികച്ച പ്രവര്‍ത്തനം തന്നെയാണ് കാഴ്ച്ചവെക്കുന്നതെന്നും ഡേവിയസ് കൂട്ടിച്ചേര്‍ത്തു. ഇക്കാലത്ത് വളരെ ചുരുങ്ങിയ ആളുകള്‍ മാത്രമേ നഴ്‌സിംഗ് രംഗത്തേക്ക് കടന്നു വരുന്നുള്ളുവെന്ന് സ്റ്റുഡന്റ് നഴ്‌സ് ഓഫ് ദ ഇയര്‍ പുരസ്‌കാരം കരസ്ഥമാക്കിയ സോയ ബട്ട്‌ലറിനെ അഭിനന്ദിച്ചുകൊണ്ട് പ്രിന്‍സ് ചാള്‍സ് പറഞ്ഞു. നഴ്‌സിംഗ് നിയമനം പ്രതിസന്ധിയിലൂടെ കടന്നുപോയി കൊണ്ടിരിക്കുന്ന സമയത്ത് പുതിയ തലമുറയെ ഇത്തരം പരിപാടിയിലേക്ക് കൊണ്ടുവരുന്നത് വളരെ നല്ലൊരു നീക്കമാണെന്ന് പ്രിന്‍സ് ചാള്‍സ് അഭിപ്രായപ്പെട്ടു. രാജസദസിലേക്ക് എത്താന്‍ കഴിഞ്ഞത് വളരെ വലിയ കാര്യമാണ്. ആര്‍ക്കും ആഗ്രഹം തോന്നാവുന്നൊരു കാര്യമാണ് ഇത്തരം പരിപാടികളില്‍ പങ്കെടുക്കുക എന്നത്. ഞാന്‍ നഴ്‌സിംഗ് ജോലിയില്‍ പ്രവേശിച്ചിട്ട് വെറും ആറ് മാസം തികയുന്നതെയുള്ളു, എന്നിട്ടും കൊട്ടാരത്തിലേക്ക് ക്ഷണിക്കപ്പെട്ടത് വലിയ കാര്യമാണെന്നും ബട്ട്‌ലര്‍ പ്രതികരിച്ചു. കഴിഞ്ഞ ആഴ്ച്ച ഹീത്രൂ വിമാനത്താവളത്തിലെ ടെര്‍മിനല്‍-5 ന്റെ വാര്‍ഷികാഘോഷത്തില്‍ പങ്ക് ചേര്‍ന്ന പ്രിന്‍സ് ചാള്‍സ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
Leave a Reply