ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- ബ്രിട്ടനിലെ രാജകുടുംബവും പത്ര മാധ്യമങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നതിന്റെ സൂചനയായി, ബ്രിട്ടീഷ് പത്രങ്ങളായ സൺ, മിററർ എന്നിവയ്ക്കെതിരെ ഹാരി രാജകുമാരൻ, തങ്ങളുടെ സ്വകാര്യത ലംഘിച്ച് ഫോൺ ചോർത്തിയതിന് നിയമനടപടികളുമായി മുന്നോട്ടു പോവുകയാണ്. ഇതിന്റെ മുന്നോടിയായി തന്റെ ഭാര്യ മേഗനോടുള്ള ബ്രിട്ടീഷ് മാധ്യമങ്ങളുടെ മോശമായ ഇടപെടലിനെ കുറിച്ച് ഹാരി രാജകുമാരൻ ശക്തമായി പ്രതികരിച്ചിരുന്നു. ഹൈക്കോടതിയിൽ കേസ് നൽകിയെന്ന പ്രസ്താവനയെ ശരിവയ്ക്കുന്നതായായിരുന്നു ബക്കിങ്ഹാം കൊട്ടാരത്തിന്റെ പ്രതികരണം.


മാധ്യമങ്ങൾ ജനശ്രദ്ധ ആകർഷിക്കുന്നതിനായും, പുതിയ ന്യൂസ് സ്റ്റോറികൾ ഉണ്ടാക്കുന്നതിനായും പ്രശസ്തരായവരുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നു കയറുന്നു എന്ന ആരോപണമാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത്. ക്ലിന്റൺസ് എന്ന നിയമ സ്ഥാപനമാണ് പരാതിയുമായി മുന്നോട്ടു പോയിരിക്കുന്നത്. ഇത്തരത്തിൽ മുൻപും അവർ സ്വകാര്യത ലംഘനത്തിന് പരാതി നൽകുകയും, നഷ്ടപരിഹാരം നേടുകയും ചെയ്തിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിനോടൊപ്പം തന്നെ ഹാരി രാജകുമാരന്റെ ഭാര്യ മേഗൻ, ബ്രിട്ടീഷ് പത്രമായ മെയിലിനെതിരെ സ്വകാര്യത ലംഘനത്തിന് പരാതി നൽകിയിരുന്നു. തന്റെ ഉപേക്ഷിക്കപ്പെട്ട പിതാവിന് മേഗൻ അയച്ച കത്ത് അവർ പ്രസിദ്ധീകരിച്ചു എന്നതായിരുന്നു കാരണം. വ്യക്തികൾക്ക് നേരെ എന്ത് ആരോപണവും ഉന്നയിക്കാം എന്ന അവസ്ഥയിലേക്ക് മാധ്യമങ്ങൾ എത്തിയിരിക്കുകയാണെന്ന് ഹാരി രാജകുമാരൻ കുറ്റപ്പെടുത്തി. മാധ്യമങ്ങൾ തങ്ങളുടെ എല്ലാ മൂല്യങ്ങളും നഷ്ട്ടപെടുത്തിയിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യം   തൻെറ അമ്മയും, ഇപ്പോൾ   ഭാര്യയും മാധ്യമങ്ങളുടെ ഇരകളായി തീർന്നിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.