ലിസ മാത്യു, മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടൻ :- ഹാരി രാജകുമാരൻ അമ്മയായ ഡയാനയുടെ മരണത്തെപ്പറ്റി മാധ്യമങ്ങൾക്ക് മുൻപിൽ മനസ്സു തുറന്നു. തന്റെ ജീവിതത്തിൽ തന്നെ വേദനിപ്പിക്കുന്ന ഏറ്റവും വലിയ ദുഃഖങ്ങളിൽ ഒന്നാണ് അമ്മയുടെ മരണം എന്ന് അദ്ദേഹം പറഞ്ഞു. എപ്പോൾ ഒരു ക്യാമറ കണ്ടാലും തന്റെ അമ്മയുടെ മുഖമാണ് തന്റെ മുൻപിൽ തെളിഞ്ഞു വരുന്നത് എന്ന് അദ്ദേഹം ഓർമ്മിച്ചു. ഹാരി രാജകുമാരനും, ഭാര്യ മേഗനും കഴിഞ്ഞമാസം തെക്കൻ ആഫ്രിക്കയില്ലേക്ക് നടത്തിയ യാത്രയുടെ ഡോക്യുമെന്ററി ചിത്രീകരിച്ചതിന്റെ ആദ്യ ഭാഗത്താണ് ഹാരി രാജകുമാരൻ മനസ്സു തുറക്കുന്നത്.
യാത്രയ്ക്കിടയിൽ ഭാര്യയെയും കുഞ്ഞിനെയും ആഫ്രിക്കയിൽ ആക്കി, അദ്ദേഹം മലാവി, ബോട്സ്വാന, അംഗോള എന്നിവിടങ്ങൾ സന്ദർശിച്ചു. അവിടെ നിലനിന്നിരുന്ന ഖനനത്തിനെതിരെ തന്റെ അമ്മയുടെ പ്രവർത്തനങ്ങളെ അദ്ദേഹം അനുസ്മരിച്ചു. ഡോക്യുമെന്ററിയിൽ പിന്നീട് അദ്ദേഹം, ഒരു രാജകുടുംബം ആയിരിക്കുമ്പോൾ താൻ അനുഭവിക്കുന്ന മാനസികസമ്മർദ്ദത്തെ പറ്റി പരാമർശിക്കുന്നുണ്ട്. തന്റെ അമ്മ തുടങ്ങിവച്ച പ്രവർത്തനങ്ങളെ പിന്തുടരുവാനാണ് ആഗ്രഹിക്കുന്നത്. തന്റെ ഓരോ പ്രവർത്തിയും അമ്മയെ ഓർമ്മപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
22 വർഷം മുൻപ് തന്റെ അമ്മ നടന്ന പാതയെ ഹാരി രാജകുമാരൻ ഒരിക്കൽകൂടി പിന്തുടർന്നു. ഹാരി രാജകുമാരന് 12 വയസ്സുള്ളപ്പോഴാണ് അമ്മ ഡയാന കാറപകടത്തിൽ കൊല്ലപ്പെട്ടത്. പണ്ട് ഖനനം നടന്ന പ്രദേശങ്ങൾ ഇന്ന് ജനങ്ങൾ താമസിക്കുന്ന പ്രദേശങ്ങളായി രൂപാന്തരപ്പെടുത്തുന്നതിൽ തന്റെ അമ്മയുടെ പങ്ക് രാജകുമാരൻ ഓർമ്മിച്ചു. ഐടിവിയിൽ ഞായറാഴ്ച 9 മണിക്കാണ് ഹാരി രാജകുമാരന് സംബന്ധിക്കുന്ന ഈ ഡോക്യുമെന്ററിയുടെ പ്രക്ഷേപണം.
Leave a Reply