ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ഹാരി രാജകുമാരന്റെ ഓർമ്മക്കുറിപ്പുകൾ ‘സ്പെയർ’ എന്ന തലക്കെട്ടിൽ ജനുവരിയിൽ തന്നെ പുറത്തിറങ്ങുമെന്ന് അറിയിച്ചിരിക്കുകയാണ് പെൻഗ്വിൻ പബ്ലിഷേഴ്സ്. തികച്ചും സത്യസന്ധമായ രീതിയിൽ എഴുതപ്പെട്ട ഈ പുസ്തകം അടുത്തവർഷം ജനുവരി പത്തോടെ വിപണിയിൽ ഉണ്ടാകും. എന്നാൽ ഈ പുസ്തകം നിരവധി വിവാദങ്ങൾക്ക് വഴി തെളിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

രാജകുടുംബത്തോടുള്ള അനാദരവായാണ് ഈ പുസ്തകത്തെ രാജകുടുംബം വീക്ഷിക്കുന്നതെന്ന് അടുത്ത വൃത്തങ്ങൾ സൂചന നൽകി കഴിഞ്ഞു. വിവാദപരമായ വിവിധ വിഷയങ്ങളിലുള്ള തന്റെ നിലപാടും യഥാർത്ഥ സംഭവങ്ങളുമെല്ലാം തന്നെ ഹാരി ഈ പുസ്തകത്തിൽ തുറന്നെഴുതിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്ഞിയുടെ മരണദിവസം ഹാരി നേരിട്ടത് എന്തൊക്കെ, കാമിലയുമായുള്ള ഹാരിയുടെ ബന്ധത്തിലുള്ള വിടവ്, വില്യമുമായുള്ള ഭിന്നതകൾ തുടങ്ങിയ വിവാദപരമായ വിഷയങ്ങൾ സംബന്ധിച്ച് തുറന്നുപറച്ചിലുകൾ ഉണ്ടാകും എന്നാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്.


മുൻപ് ഓപ്ര വിൻഫ്രിയുമായി നടന്ന അഭിമുഖത്തിൽ രാജകുടുംബത്തിൽ നിന്ന് തന്നെ തനിക്ക് വംശീയ വിവേചനം അനുഭവപ്പെട്ടതായുള്ള ദമ്പതികളുടെ തുറന്നുപറച്ചിൽ വൻ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. തന്റെ മകൻ ആർച്ചിയുടെ തൊലിയുടെ നിറത്തെ സംബന്ധിച്ചു വരെ രാജകുടുംബത്തിൽ വിവാദപരമായ ചർച്ചകൾ നടന്നതായി ഇരുവരും അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇരുവരും തങ്ങൾക്ക് എപ്പോഴും പ്രിയപ്പെട്ടവരാണ് എന്നായിരുന്നു ഈ അഭിമുഖത്തോടുള്ള വില്യമിന്റെ പ്രതികരണം. നിലവിലെ സാഹചര്യത്തിൽ ഈ പുസ്തകം ഇരുവർക്കും രാജകുടുംബവുമായുള്ള ബന്ധം കൂടുതൽ വഷളാക്കും എന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.