ബ്രിട്ടീഷ് രാജകുടുംബത്തില്‍ പിറന്ന പുതിയ അനന്തരാവകാശിയുടെ ആദ്യ ചിത്രങ്ങള്‍ പുറത്ത്. രാജകുമാരന്റെ ജനനത്തിനു ശേഷം കേറ്റ് രാജകുമാരിയും വില്യമും കുഞ്ഞുമായി കെന്‍സിംഗ്ടണ്‍ കൊട്ടാരത്തിലേക്ക് തിരികെ പോകുന്നതിനിടെയാണ് രാജകുടുംബത്തിന്റെ ആരാധകര്‍ക്ക് ചിത്രങ്ങള്‍ ലഭിച്ചത്. തിങ്കളാഴ്ച വൈകിട്ട് 6 മണിയോടെയാണ് ഇവര്‍ ആശുപത്രി വിട്ടത്. രാവിലെ 11.01 മണിക്കായിരുന്നു ബ്രിട്ടീഷ് കിരീടാവകാശത്തില്‍ അഞ്ചാം സ്ഥാനക്കാരനായ രാജകുമാരന്‍ പിറന്നത്. വില്യമിന്റെ മക്കളായ പ്രിന്‍സ് ജോര്‍ജും പ്രിന്‍സസ് ഷാര്‍ലറ്റും തങ്ങളുടെ കുഞ്ഞനുജനെ കാണാന്‍ എത്തിയിരുന്നു.

കുഞ്ഞിന്റെ പേര് ഉടന്‍ തന്നെ അറിയിക്കുമെന്ന് വില്യം വ്യക്തമാക്കി. തങ്ങളുടെ മൂന്നാമത്തെ തലവേദനയായി മാറിയിരിക്കുകയാണ് അതെന്നും വില്യം തമാശയായി പറഞ്ഞു. സെന്റ് ജോര്‍ജസ് ഡേയിലാണ് രാജകുമാരന്റെ ജനനം. കുഞ്ഞിന് രാജകുടുംബം ഇടാനുദ്ദേശിക്കുന്ന പേര് സംബന്ധിച്ച് വാതുവെപ്പുകളും സജീവമായിട്ടുണ്ട്. എലിസബത്ത് രാജ്ഞിയുടെയും ഡ്യൂക്ക് ഓഫ് എഡിന്‍ബര്‍ഗ് ഫിലിപ്പ് രാജകുമാരന്റെയും ആറാമത്തെ ഈ അനന്തരാവകാശിക്ക് ആര്‍തര്‍ എന്ന പേരായിരിക്കും നല്‍കുകയെന്നാണ് ഭൂരിപക്ഷവും കരുതുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രിന്‍സ് ഓഫ് കേംബ്രിഡ്ജ് എന്നായിരിക്കും രാജകുമാരന്റ സ്ഥാനപ്പേര്. കുഞ്ഞിന്റെ പേര് ബക്കിംഗ്ഹാം പാലസില്‍ പ്രദര്‍ശിപ്പിക്കുമെന്ന് കെന്‍സിംഗ്ടണ്‍ പാലസ് വക്താവ് അറിയിച്ചു. പ്രധാനമന്ത്രി തെരേസ മേയ്, മറ്റ് പ്രമുഖ നേതാക്കള്‍ എന്നിവര്‍ കുഞ്ഞിന്റെ ജനനത്തില്‍ വില്യമിനും കേറ്റിനും ആശംസകള്‍ അറിയിച്ചു. രാജകുടുംബത്തിന്റെ ആരാധകര്‍ ആശുപത്രിക്കു പുറത്ത് ആഘോഷങ്ങളിലായിരുന്നു. പാഡിംഗ്ടണിലെ സെന്റെ മേരീസ് ആശുപത്രിക്കു പുറത്ത് ടൗണ്‍ ക്രയറുടെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട ഒരു ആരാധകന്‍ കുഞ്ഞിന്റെ ജനനത്തേക്കുറിച്ചുള്ള വിവരം അറിയിച്ചു. മാധ്യമങ്ങളും രാജകുമാരന്റെ വരവ് പ്രതീക്ഷിച്ച് ആശുപത്രിക്ക് മുന്നില്‍ തമ്പടിച്ചിരുന്നു.