ലണ്ടന്‍: തന്റെ കാര്‍ അപകടത്തില്‍പ്പെട്ട് മൂന്നാഴ്ച്ചയ്ക്ക് ശേഷം പ്രിന്‍സ് ഫിലിപ്പ് ലൈസന്‍സ് തിരികെ നല്‍കി. നടപടി സ്വമേധയാ എടുത്ത തീരുമാനത്തിന്റെ ഭാഗമെന്ന് ബെക്കിംഗ്ഹാം പാലസ് അറിയിച്ചിട്ടുണ്ട്. അപകടത്തിനു ശേഷം ഫിലിപ്പ് രാജകുമാരന്‍ കാഴ്ച പരിശോധനയ്ക്കും ബ്രെത്തലൈസര്‍ ടെസ്റ്റിനും വിധേയനായിരുന്നു. രണ്ട് പരിശോധനകളിലും അദ്ദേഹം പാസായെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിക്കുകയും ചെയ്തിരുന്നു. അപകടത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന ഫ്രീലാന്‍ഡറിനു പകരം പുതിയ ഒന്ന് 24 മണിക്കൂറിനുള്ളില്‍ രാജകുടുംബത്തിന് ലഭിക്കുകയും ചെയ്തു. അതേസമയം അപകട സമയത്ത് പ്രിന്‍സ് ഫിലിപ്പ് സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്ന വാര്‍ത്തകള്‍ വലിയ ശ്രദ്ധ നേടിയിരുന്നു. പിന്നാലെയാണ് ലൈസന്‍സ് തിരികെ നല്‍കാന്‍ പ്രിന്‍സ് ഫിലിപ്പ് തീരുമാനിച്ചത്.
അപകടത്തില്‍ അദ്ദേഹം സഞ്ചരിച്ചിരുന്ന ലാന്‍ഡ് റോവര്‍ തലകീഴായി മറിഞ്ഞിരുന്നു. തലനാരിഴക്കാണ് വലിയ ദുരന്തം ഒഴിവായതെന്നാണ് ദൃസാക്ഷികള്‍ പോലീസില്‍ മൊഴി നല്‍കിയത്. അതേസമയം ഇപ്പോള്‍ ലൈസന്‍സ് തിരികെ നല്‍കാന്‍ തീരുമാനിച്ചത് പ്രിന്‍സ് ഫിലിപ്പ് സ്വമേധയാ എടുത്ത തീരുമാനത്തിന്റെ ഭാഗമാണ്. നേരത്തെ അദ്ദേഹത്തിന്റെ ലൈസന്‍സ് നിര്‍ബന്ധപൂര്‍വ്വം തിരികെ വാങ്ങാന്‍ പോലീസ് ശ്രമിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇത്തരം നിയമ നടപടികളൊന്നും ഉണ്ടാവില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കണ്ണില്‍ അമിത സൂര്യപ്രകാശം പതിഞ്ഞതാണ് അപകടമുണ്ടാകാന്‍ കാരണമെന്ന് പ്രിന്‍സ് ഫിലിപ്പ് നേരത്തെ പോലീസിനേട് വ്യക്തമാക്കിയിരുന്നു. അന്നത്തെ അപകടത്തില്‍ പ്രിന്‍സ് ഫിലിപ്പ് ഇടിച്ച കാറിലുണ്ടായിരുന്നു 4 പേര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ഇനിയും പൂര്‍ത്തിയായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
അപകടം നടന്നയുടന്‍ ഇരു വാഹനങ്ങളുടെയും ഡ്രൈവര്‍മാരുടെ ശ്വാസ പരിശോധന പോലീസ് പൂര്‍ത്തിയാക്കിയിരുന്നു. ഇരുകൂട്ടരും യാതൊരു ലഹരിയുടെയും സ്വാധീനത്തിലായിരുന്നില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. പ്രിന്‍സ് ഫിലിപ്പിന് കൈയ്യില്‍ നിയമം അനുശാസിക്കുന്ന ലൈസന്‍സ് ഉണ്ടായിരുന്നതായി ബെക്കിംഗ്ഹാം പോലീസ് സ്ഥിരീകരിക്കുകയും ചെയ്തതോടെ മനപൂര്‍വ്വമുള്ള നിയമ ലംഘനങ്ങളൊന്നും നടന്നിട്ടില്ലെന്ന് വ്യക്തമായിരുന്നു. പിന്നീട് നടന്ന അന്വേഷണം അപകടമുണ്ടായതിന്റെ പ്രധാന കാരണങ്ങള്‍ അന്വേഷിച്ചായിരുന്നു. യു.കെയില്‍ 70 വയസിന് മുകളില്‍ പ്രായമുള്ളവര്‍ എല്ലാ മൂന്ന് വര്‍ഷവും ലൈസന്‍സ് പുതുക്കി വാങ്ങേണ്ടതുണ്ട്. ശാരീരികമായ അസ്വാസ്ഥ്യങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ഒരോ മൂന്ന് വര്‍ഷത്തിലും നിരത്തില്‍ ശ്രദ്ധ പതിപ്പിക്കാന്‍ കഴിയുമോയെന്ന് പരിശോധിച്ച ശേഷമാവും ഇവര്‍ക്ക് ലൈസന്‍സ് നല്‍കുക.
Leave a Reply