മുംബെെയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടന്ന ആനന്ദ് അംബാനി രാധിക മെർച്ചന്റ് വിവാഹത്തിൽ പങ്കെടുത്ത് നടൻ പൃഥ്വിരാജും ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോനും. ബ്ലഷ് പിങ്ക് നിറത്തിലുള്ള കുർത്തയായിരുന്നു പൃഥ്വിരാജിന്റെ വേഷം. അതേ നിറത്തിലുള്ള സാരിയാണ് സുപ്രിയ ധരിച്ചത്.

രാവിലെ പൂജയോടെയാണ് വിവാഹച്ചടങ്ങുകൾ ആരംഭിച്ചത്. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു പൂജ. മുംബൈയിലെ വസതിയായ ആന്റിലിയയിൽ വൈകുന്നേരം നാലുമണിയോടെ ആരംഭിച്ച വിവാഹച്ചടങ്ങുകൾ രാത്രി വൈകുവോളം തുടർന്നു. രാത്രി 10 മണിയോടെയായിരുന്നു വിവാഹമൂഹൂർത്തം.

കേന്ദ്രമന്ത്രിമാരും ഹോളിവുഡ്, ബോളിവുഡ് താരനിരയും ചടങ്ങുകളിൽ പങ്കെടുത്തു. സംഗീതസംവിധായകരായ അമിത് ത്രിവേദി, പ്രീതം എന്നിവർക്കൊപ്പം ഗായകരായ ഹരിഹരൻ, ശങ്കർ മഹാദേവൻ, ശ്രേയാ ഘോഷാൽ, മാമെ ഖാൻ, നീതി മോഹൻ, കവിത സേത്ത് എന്നിവരും പരിപാടികൾ അവതരിപ്പിച്ചു. അന്താരാഷ്ട്ര സംഗീതപ്രതിഭകളായ നാൻ, രമ, ലൂയിസ് ഫോൻസി എന്നിവരും ചടങ്ങിനെത്തി. ചലച്ചിത്രരംഗത്തുനിന്നുള്ള അമിതാഭ് ബച്ചൻ, രജനികാന്ത്, നയൻതാര, സൽമാൻ ഖാൻ, ആമിർ ഖാൻ, കരൺ ജോഹർ, രൺബീർ കപൂർ, ആലിയ ഭട്ട്, അനിൽ കപൂർ, മാധുരി ദീക്ഷിത്, വിദ്യാ ബാലൻ, അമേരിക്കൻ മോഡലുകളും റിയാലിറ്റിഷോ താരങ്ങളുമായ കിം കർദാഷിയാൻ, സഹോദരി ക്ലോയി കർദാഷിയാൻ, അമേരിക്കൻ നടനും ​ഗുസ്തിതാരവുമായ ജോൺ സീന എന്നിവരെക്കൂടാതെ മുൻബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, പ്രിയങ്ക ചോപ്ര, നിക്ക് ജോനാസ്, താരം രാം ചരൺ എന്നിവരും വിവാഹച്ചടങ്ങുകളിൽ പങ്കെടുത്തു.

മൂന്നുദിവസം നീണ്ട വിവാഹാഘോഷപരിപാടികൾ മുൻനിർത്തി ജൂലായ് 12 മുതൽ 15 വരെ ട്രാഫിക് പോലീസ് മുംബൈയിൽ ഗതാഗതനിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. വിവാഹാഘോഷങ്ങളുടെ ഏകദേശച്ചെലവ് 5000 കോടിരൂപയാണ്.