ന്യൂസ് ഡെസ്ക്, മലയാളം യുകെ
കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനത്തേയ്ക്ക് മത്സരിക്കുമെന്ന് മുൻ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പ്രഖ്യാപിച്ചു. നിലവിൽ കൺസർവേറ്റീവ് പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് 0 സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്ന അഞ്ചാമത്തെ ടോറി എംപിയാണ് പ്രീതി പട്ടേൽ. സമീപകാല തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പാഠം ഉൾക്കൊണ്ട് പാർട്ടിയെ ശക്തിപ്പെടുത്താൻ തനിക്ക് കഴിയുമെന്ന് മുൻ ആഭ്യന്തര സെക്രട്ടറി പറഞ്ഞു. കഴിഞ്ഞ മുപ്പത് വർഷങ്ങളിലായി പാർട്ടിയിലും സർക്കാരിലും ചെയ്ത പ്രവർത്തനങ്ങളുടെ തുടർച്ചയായി നേതൃസ്ഥാനം ഏറ്റെടുത്താൽ അടുത്ത പൊതു തിരഞ്ഞെടുപ്പിൽ പാർട്ടിയെ മുന്നിലെത്തിക്കാൻ സാധിക്കുമെന്ന് അവർ പറഞ്ഞു.
റിഷി സുനകിന് പകരക്കാരനായി നേതൃസ്ഥാനത്തേയ്ക്ക് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്ന ആദ്യ വനിതയാണ് ഡാം പ്രീതി പട്ടേൽ. നിലവിൽ ജെയിംസ് ക്ലെവർലി, റോബർട്ട് ജെൻറിക്ക്, ടോം തുഗെൻധാത്, മെൽ സ്‌ട്രൈഡ് എന്നിവരാണ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരിക്കുന്നത്. 52 കാരിയായ പ്രീതി പട്ടേൽ നേതൃസ്ഥാനത്തേയ്ക്ക് മത്സരിക്കുമെന്ന് നേരത്തെ തന്നെ സൂചനകൾ പുറത്തു വന്നിരുന്നു. ഷാഡോ കമ്മ്യൂണിറ്റി സെക്രട്ടറി കെമി ബാഡെനോക്ക്, മറ്റൊരു മുൻ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ എന്നിവരും മത്സരത്തിന് ഉണ്ടാകുമെന്നാണ് പറഞ്ഞ് കേൾക്കുന്നത്. എന്നാൽ ഇവർ രണ്ടു പേരും ഇതുവരെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിട്ടില്ല.
2022 -ൽ ബോറിസ് ജോൺസൺ മന്ത്രിസഭയിൽ ആഭ്യന്തര സെക്രട്ടറിയായിരുന്നു പ്രീതി പട്ടേൽ . എന്നാൽ അതിനുശേഷം വന്ന രണ്ട് പ്രധാനമന്ത്രിമാരുടെയും മന്ത്രിസഭയിൽ പ്രീതി പട്ടേൽ ഒരു മന്ത്രിസ്ഥാനവും വഹിച്ചിരുന്നില്ല. സമീപകാലത്ത് കൺസർവേറ്റീവ് പാർട്ടിയുടെ നിലവിലെ നേതൃത്വങ്ങളെ പ്രീതി പട്ടേൽ വിമർശിച്ചിരുന്നത് വാർത്തകളിൽ സ്ഥാനം പിടിച്ചിരുന്നു. ക്രമസമാധാനം, കുടിയേറ്റം, ആരോഗ്യം എന്നീ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ പാർട്ടിയുടെ നഷ്ടപ്പെട്ട ജനപ്രീതി തിരിച്ചു കൊണ്ടു വരാൻ സാധിക്കുമെന്ന് പ്രീതി പട്ടേൽ പറഞ്ഞു. പ്രീതി പട്ടേൽ നേതൃസ്ഥാനത്തേയ്ക്ക് വിജയിക്കുകയാണെങ്കിൽ പ്രധാനമന്ത്രി ഋഷി സുനകിന് പകരം ഇന്ത്യൻ വംശജ കൺസർവേറ്റീവ് പാർട്ടിയുടെ നേതാവാകും എന്ന പ്രത്യേകതയും ഉണ്ട്.
Leave a Reply