ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ എൻഎച്ച്എസ് ആശുപത്രികളിലെ നീണ്ട കാത്തിരിപ്പ് സമയം ഇപ്പോൾ വാർത്തയല്ലാതായിരിക്കുന്നു .കോവിഡും വിവിധ മേഖലകളിലെ ജീവനക്കാരുടെ സമരവും ആണ് വെയിറ്റിംഗ് ലിസ്റ്റ് ഇത്ര ഉയരാൻ കാരണം എന്ന് പറയുമ്പോഴും രാഷ്ട്രീയ കെടുകാര്യസ്ഥതയും ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. മതിയായ ജീവനക്കാർ വിവിധ മേഖലകളിൽ ഇല്ലാത്തത് രോഗികളുടെ കാത്തിരിപ്പ് സമയം കൂടുന്നതിന് കാരണമാണ് . പലരും മെച്ചപ്പെട്ട ശമ്പളത്തിനും ആനുകൂല്യങ്ങൾക്കുമായി എൻഎച്ച്എസ്സിലെ ജോലി ഉപേക്ഷിക്കുന്ന സാഹചര്യവും നിലവിലുണ്ട്.

എൻഎച്ച്എസിലെ കുതിക്കുന്ന വെയിറ്റിംഗ് ലിസ്റ്റ് സ്വകാര്യമേഖലയ്ക്ക് ചാകരയാകുന്നതിന്റെ റിപ്പോർട്ടുകൾ പുറത്തു വന്നു തുടങ്ങി. ചികിത്സ കിട്ടാനുള്ള നീണ്ട കാത്തിരിപ്പ് സമയത്തിൽ നിരാശരായ രോഗികളിൽ പലരും സ്വകാര്യമേഖലയെ ആശ്രയിക്കേണ്ടി വന്നതിന്റെ കണക്കുകൾ ആണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. 2023 -ൽ എൻ എച്ച് എസ് ഇംഗ്ലണ്ടിൽ നടത്തേണ്ടിയിരുന്ന പല പ്രധാന ശാസ്ത്രക്രിയകളും സ്വകാര്യ മേഖലയിൽ നടത്തേണ്ടി വന്നതിന്റെ കണക്കുകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വർഷം മാത്രം ഏകദേശം 10% ഓപ്പറേഷൻ ആണ് സ്വകാര്യ മേഖലയിൽ നടത്തിയത്. കോവിഡിന് മുമ്പുള്ളതിനേക്കാൾ ഈ അനുപാതം ഏകദേശം 50% വർദ്ധിച്ചതായി ഇൻഡിപെൻഡൻ്റ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ് നെറ്റ്‌വർക്ക് (ഐഎച്ച്പിഎൻ) പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ജീവനക്കാരുടെ അഭാവവും 7.6 മില്യനോളം വരുന്ന ചികിത്സക്കായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണവും ആണ് സ്വകാര്യ ചികിത്സയ്ക്കായി രോഗികളെ അയയ്‌ക്കാൻ വിവിധ ആരോഗ്യ സേവന ട്രസ്റ്റുകളെ നിർബന്ധിതരാക്കുന്നത് . കൂടുതൽ രോഗികളെ സ്വകാര്യ മേഖലകളിലേയ്ക്ക് അയക്കേണ്ടി വരുന്ന കാര്യത്തിൽ കടുത്ത വിമർശനമാണ് സർക്കാരും എൻഎച്ച്എസും ഏറ്റു വാങ്ങുന്നത്. എൻ എച്ച്എസിനായി 164.9 ബില്യൺ പൗണ്ടാണ് ബഡ്ജറ്റ് വിഹിതമായി അനുവദിച്ചിരിക്കുന്നത് . കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനും പുതിയ നീയമനങ്ങൾ നടത്തുന്നതിനും പഴകിയ ഐടി സംവിധാനങ്ങൾ നവീകരിക്കുന്നതിനും ബഡ്ജറ്റിലെ തുക കൊണ്ട് സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് .

എൻ എച്ച് എസിൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻ്റെ സഹായത്തോടെ പദ്ധതികൾ നടപ്പിലാക്കുന്നത് വളരെ പ്രതീക്ഷയോടെയാണ് ജനങ്ങൾ ഉറ്റുനോക്കുന്നത്. നിർമ്മിത ബുദ്ധിയുടെ സഹായത്തോടെയുള്ള നവീകരണങ്ങൾ എൻഎച്ച്എസിനെ ലോകത്തിലെ മികച്ച ആരോഗ്യപരിപാലന സംവിധാനമായി നിലനിർത്താൻ സഹായിക്കും . എൻഎച്ച്എസിലെ ഐടി നവീകരണം മൂലം ഓരോ വർഷവും ഡോക്ടർമാർ പാഴാക്കുന്ന 13 ദശലക്ഷം മണിക്കൂറും 5 വർഷം കൂടുമ്പോൾ 4 ബില്യൺ പൗണ്ട് വരെ ലഭിക്കാനും വഴിയൊരുങ്ങുമെന്നാണ് റിപ്പോർട്ടുകൾ. എൻഎച്ച്എസ് പ്രവർത്തനങ്ങൾ സുഗമമായില്ലെങ്കിൽ അടുത്ത പൊതു തെരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചടിക്ക് അത് കാരണമാകുമെന്ന ഭയം രാഷ്ട്രീയ നേതൃത്വത്തിനുണ്ട്.