ന്യൂസിലാൻഡിൽ മന്ത്രിയായി മലയാളി. എറണാകുളം സ്വദേശി പ്രിയങ്ക രാധാകൃഷ്ണനാണ് ന്യൂസിലാൻഡ് സർക്കാരിൽ മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. പദവിയിലേക്ക് എത്തുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ബഹുമതിയും പ്രിയങ്കക്ക് ലഭിച്ചു
ലേബർ പാർട്ടി എംപിയാണ് പ്രിയങ്ക. സാമൂഹിക വികസനം, യുവജനക്ഷേമം, തുടങ്ങിയ വകുപ്പുകളാണ് ഇവർക്ക് നൽകിയിരിക്കുന്നത്. തൊഴിൽ സഹമന്ത്രി ചുമതല കൂടി പ്രിയങ്കക്കുണ്ട്.
ന്യൂസിലാൻഡ് മന്ത്രിസഭയിൽ അംഗമായ ആദ്യത്തെ ഇന്ത്യൻ വംശജയായ പ്രിയങ്ക രാധാകൃഷ്ണന് അനുമോദനങ്ങൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. കേരളത്തിൽ എറണാകുളം ജില്ലയിലെ പറവൂർ സ്വദേശിയാണ് പ്രിയങ്ക രാധാകൃഷ്ണനെന്നത് മലയാളികൾക്കൊന്നാകെ അഭിമാനിക്കാവുന്ന കാര്യമാണ്.
കോവിഡ് പ്രതിരോധം വളരെ മികച്ച രീതിയിൽ നടപ്പിലാക്കിയ രാജ്യമാണ് ന്യൂസിലാൻഡ്. മാതൃകാപരമായ അത്തരം പ്രവർത്തനങ്ങളുമായി ആ രാജ്യത്തിൻറെ വികസനത്തിലും സാമൂഹ്യ പുരോഗതിയിലും മികച്ച സംഭാവനകൾ അർപ്പിക്കാൻ മന്ത്രി എന്ന നിലയ്ക്ക് പ്രിയങ്ക രാധാകൃഷ്ണനാകട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.
കഴിഞ്ഞ മന്ത്രിസഭയിൽ അംഗമായിരുന്ന ജെന്നി സെയിൽസയുടെ പേഴ്‌സണൽ സെക്രട്ടറിയായിരുന്നു പ്രിയങ്ക. എറണാകുളം വടക്കൻ പറവൂർ സ്വദേശിയാണ്. ക്രൈസ്റ്റ് ചർച്ച് സ്വദേശിയും ഐടി ജീവനക്കാരനുമായ റിച്ചാർഡ്‌സണാണ് ഭർത്താവ്.
Leave a Reply