ടോം ജോസ് തടിയംപാട് 

മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് കെറ്ററിംഗിൽ ആഴ്ചകൾക്കു മുൻപ് ഭർത്താവിന്റെ ക്രൂരമായ ആക്രമണത്തിൽ കൊല്ലപ്പെട്ട കോട്ടയം വൈക്കം സ്വദേശി അഞ്ജുവിന്റെയും മക്കളായ ജീവ, ജാൻവി എന്നിവരുടെയും മൃതദേഹങ്ങൾ നിയമനടപിടികൾ പൂർത്തിയാക്കി കൊറോണർ ഫ്യൂണറൽ ഡയറക്റ്ററേറ്റിന് കൈമാറിയെന്ന് അടുത്ത ബന്ധുവായി (next of kin )അഞ്ജുവിന്റെ കുടുംബം നിയോഗിക്കപ്പെട്ട അഞ്ജുവിന്റെ സഹപ്രവർത്തകനും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ഉപദേശകസമിതി അംഗവുമായ മനോജ് മാത്യു അറിയിച്ചു .

ലിവർപൂൾ ബെർക്കിൻഹെഡിലുള്ള ലോറൻസ് ഫ്യൂണറൽ സർവീസാണ് മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നത് . ഈ മൂന്ന് മൃതദേഹവും നാട്ടിൽ എത്തിക്കുന്നതിന് 6400 പൗണ്ട്‌ മാത്രമാണ് ചെലവ് വരുന്നതെന്നു മനോജ് അറിയിച്ചു . ഈ ചിലവുകൾ വഹിക്കുന്നത് ബ്രിട്ടനിലെ ഇന്ത്യൻ എംബസിയാണ് .

ഫ്യൂണറൽ ഡയറക്റ്ററേറ്റിന്റെ നടപിടിക്രമങ്ങൾ പൂർത്തീകരിച്ചു ഏതാനും ദിവസങ്ങൾക്കകം മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കും .അഞ്ജു കൊല്ലപ്പെട്ട ദിവസം മുതൽ next of kin ആയ മനോജിന് കാര്യങ്ങൾ ക്രോഡീകരിക്കുന്നതിനുവേണ്ടി എൻ എച്ച് എസ് അവധി അനുവദിക്കുകയും മൃതദേഹത്തെ നാട്ടിലേക്കു അനുഗമിക്കാനും അനുവാദം നൽകിയിട്ടുണ്ട് .

കെറ്ററിംഗ് മലയാളി വെൽഫേയർ അസ്സോസിയേഷൻെറ ( KMWA ) നേതൃത്വത്തിൽ എല്ലാവരും ഒരുമനസോടെ ഈ ദുരന്തത്തിന് പിന്നിൽ അണിനിരന്നുകൊണ്ടു അഞ്ജുവിന്റെ കുടുംബത്തെ സഹായിക്കാൻ ശ്രമിച്ചപ്പോൾ യു കെ മലയാളികളും ബ്രിട്ടീഷ് സമൂഹവും കൂടി 32 ലക്ഷം രൂപയാണ് വളരെ കുറഞ്ഞ സമയം കൊണ്ട് ശേഖരിച്ചത് . ഈ പണം ഏറ്റവും അടുത്ത ദിവസം അഞ്ജുവിന്റെ കുടുംബത്തിനു കൈമാറുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു .