പ്രോസസ്ഡ് ഭക്ഷണങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്നത് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനം. ടിന്‍, പാക്കേജ്ഡ് ഫുഡുകളും പഞ്ചസാരയടങ്ങിയ സീരിയല്‍ ഫുഡുകളും പാനീയങ്ങളും അപകടകാരികളാണെന്നും പഠനം വ്യക്തമാക്കുന്നു. മധ്യവയസ്‌കരായ സ്ത്രീകളില്‍ ഇവ ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ടെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. സംസ്‌കരിക്കുന്നതിനും ദീര്‍ഘനാള്‍ കേടുകൂടാതെയിരിക്കുന്നതിനുമായി ഭക്ഷണങ്ങളില്‍ ചേര്‍ക്കുന്ന രാസവസ്തുക്കളാണ് മനുഷ്യന് അപകടമുണ്ടാക്കുന്നത്. ഭക്ഷണത്തിന്റെ പകുതിയോളം പ്രോസസ്ഡ് ഫുഡ് കയ്യടക്കിയിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന ഗൗരവമുള്ള വസ്തുതയിലേക്കാണ് ഈ പഠനം വിരല്‍ ചൂണ്ടുന്നത്.

പാക്കറ്റുകളില്‍ ലഭിക്കുന്ന മാംസ ഉല്‍പ്പന്നങ്ങള്‍, പൈസ്, ക്രിസ്പുകള്‍, മിഠായികള്‍ എന്നിവയില്‍ ഉയര്‍ന്ന തോതില്‍ കൊഴുപ്പും ഉപ്പും പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. ഇവയായിരിക്കാം ഗുരുതര രോഗത്തിലേക്ക് ഉപയോഗിക്കുന്നവരെ തള്ളിവിടുന്നതെന്ന് ഗവേഷകര്‍ കരുതുന്നു. ഫൈബറുകളും വിറ്റാമിനുകളും കുറഞ്ഞ ഈ ഭക്ഷണങ്ങള്‍ ക്യാന്‍സറിന് കാരണമായില്ലെങ്കിലേ അദ്ഭുതമുള്ളു എന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. സംസ്‌കരിച്ച ഭക്ഷണ പദാര്‍ത്ഥങ്ങളും ക്യാന്‍സറും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് ആദ്യമായി നടക്കുന്ന പഠനമാണ് ഇതെന്നും ഗവേഷകര്‍ വ്യക്തമാക്കി. പാക്ക്ഡ് ഫുഡുകള്‍ ഉപയോഗിക്കുന്നവര്‍ അവയിലടങ്ങിയിരിക്കുന്ന ഫാറ്റ്, ഉപ്പ്, പഞ്ചസാര എന്നിവയേക്കുറിത്ത് അറിഞ്ഞിരിക്കണമെന്നും അതിനായി ലേബലുകള്‍ ശ്രദ്ധാപൂര്‍വം വായിക്കണമെന്നും നിര്‍ദേശിക്കപ്പെടുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

1,05,000 പ്രായപൂര്‍ത്തിയായവരുടെ ഫുഡ് ഡയറികള്‍ തയ്യാറാക്കിയാണ് പഠനം നടത്തിയത്. 24 മണിക്കൂര്‍ സമയത്ത് എത്രയളവില്‍ അള്‍ട്രാ പ്രോസസ്ഡ് ഭക്ഷണം ഇവര്‍ കഴിച്ചു എന്ന് പരിശോധിച്ചു. നാലിലൊന്ന് പേര്‍ കഴിച്ചതിന്റെ 32 ശതമാനവും പ്രോസസ് ചെയ്യപ്പെട്ടവയായിരുന്നു. എട്ട് ശതമാനം മാത്രം ഉപയോഗിച്ച നാലിലൊന്ന് ആളുകളേക്കാള്‍ ഇവര്‍ക്ക് അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ക്യാന്‍സര്‍ വരാന്‍ 23 ശതമാനം അധിക സാധ്യതയുള്ളതായി പരിശോധനയില്‍ വ്യക്തമായി. ഈ വിഭാഗത്തില്‍ 38 ശതമാനം സ്ത്രീകള്‍ക്ക് ആര്‍ത്തവവിരാമത്തിനു ശേഷം ബ്രെസ്റ്റ് ക്യാന്‍സര്‍ വരാന്‍ സാധ്യതയുണ്ടെന്നും കണ്ടെത്തി. ഈ രോഗം വരാനുള്ള സാധ്യത യുവതികളില്‍ 27 ശതമാനം വര്‍ദ്ധിച്ചുവെന്നും പഠനം വെളിപ്പെടുത്തുന്നു. കുടലുകളിലെ ക്യാന്‍സര്‍ സാധ്യത 23 ശതമാനം വര്‍ദ്ധിച്ചപ്പോള്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സറിന് ഇത് കാരണമാകുന്നില്ലെന്നും വ്യക്തമായി.

പാരീസിലെ സോര്‍ബോണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഫ്രഞ്ചുകാരേക്കാള്‍ കൂടുതല്‍ പ്രോസസ്ഡ് ഭക്ഷണങ്ങള്‍ ഉപയോഗിക്കുന്ന ബ്രിട്ടീഷുകാര്‍ക്ക് അതുകൊണ്ടുതന്നെ ക്യാന്‍സര്‍ സാധ്യത ഏറെയാണെന്ന് ഗവേഷകര്‍ പറയുന്നു. 19 യൂറോപ്യന്‍ രാജ്യങ്ങളില്‍ നടത്തിയ പഠനമനുസരിച്ച് യുകെയില്‍ വിറ്റഴിക്കപ്പെടുന്ന 50.7 ശതമാനം ഭക്ഷണ പദാര്‍ത്ഥങ്ങളും അള്‍ട്രാ പ്രോസസ് ചെയ്തതാണ്. ജര്‍മനിയില്‍ ഇത് 46.2 ശതമാനവും അയര്‍ലന്‍ഡില്‍ 45.9 ശതമാനവും ഫ്രാന്‍സില്‍ 14.2 ശതമാനവും മാത്രമാണ്.