ബ്രിട്ടന്റെ ഉദ്പാദനക്ഷമത അതിവേഗം വളരുന്നുവെന്ന് റിപ്പോര്‍ട്ട്. 12 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് വളര്‍ച്ചയെന്നാണ് ഓഫീസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റികിസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഇത് വലിയ ഊര്‍ജ്ജമാണ് പകര്‍ന്നു നല്‍കുന്നതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. മണിക്കൂര്‍ അടിസ്ഥാനത്തിലുള്ള ഔട്ട്പുട്ട് 2017ലെ അവസാന ആറ് മാസങ്ങളില്‍ 1.7 ശതമാനം വര്‍ദ്ധിച്ചു. 2005നു ശേഷമുള്ള ഏറ്റവും വലിയ അര്‍ദ്ധ വാര്‍ഷിക പ്രകടനമാണ് ഇത്.

കഴിഞ്ഞ വര്‍ഷം ബിസിനസ് ഇന്‍വെസ്റ്റ്‌മെന്റുകള്‍ റെക്കോര്‍ഡ് പ്രകടനമാണ് കാഴ്ചവെച്ചതെന്ന ഒഎന്‍എസ് റിപ്പോര്‍ട്ടിന് പിന്നാലെയാണ് സാമ്പത്തിക രംഗം മുന്നോട്ടെന്ന സൂചന നല്‍കുന്ന ഈ റിപ്പോര്‍ട്ടും പുറത്തു വന്നിരിക്കുന്നത്. മാന്ദ്യമുണ്ടാകുമെന്ന് വിലപിക്കുന്നവരെ അതിശയിപ്പിക്കുന്ന പ്രകടനമാണ് സമ്പദ് വ്യവസ്ഥ നടത്തിയിരിക്കുന്നതെന്ന് ബ്രെക്‌സിറ്റ് അമനുകൂലികള്‍ പ്രതികരിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ ജര്‍മനിയിലെ വ്യാവസായികോദ്പാദനത്തില്‍ ഉണ്ടായ 1.6 ശതമാനത്തിന്റെ ഇടിവ് ഒരു സൂചനയാണെന്നും യൂറോസോണിലാകെ പടരാന്‍ സാധ്യതയുണ്ടെന്നും ഇവര്‍ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബ്രെക്‌സിറ്റ് ആശങ്കകള്‍ക്കിടെയാണ് സാമ്പത്തികമേഖലയില്‍ ഈ വളര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത്.  എന്നാല്‍ ബ്രിട്ടീഷ് ഉദ്പാദനക്ഷമത മറ്റ് വന്‍ സമ്പദ്ഘടനകളേക്കാള്‍ വളരെ പിന്നിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജി7 രാജ്യങ്ങളേക്കാള്‍ ശരാശരി 16.3 ശതമാനം പിന്നിലാണ് ഇത്. ഉദ്പാദനക്ഷമതയില്‍ മുന്‍പന്തിയിലെത്തണമെങ്കില്‍ ബ്രിട്ടന്‍ ബഹുദൂരം മുന്നോട്ടു പോകേണ്ടതുണ്ടെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.