ന്യൂസ് ഡെസ്ക്, മലയാളം യുകെ
കോട്ടയം: ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ് മുൻ പ്രിൻസിപ്പലും പ്രമുഖ എഴുത്തുകാരനും സാമൂഹ്യ– സാംസ്‌കാരിക രംഗങ്ങളിൽ നിറസാന്നിധ്യവുമായിരുന്ന പ്രൊഫ. ബാബു തോമസ് പൂഴിക്കുന്നേൽ (68) അന്തരിച്ചു. ഹൃദയസ്തംഭനമാണ് മരണകാരണം. വിദ്യാഭ്യാസ രംഗത്തും സാഹിത്യ ലോകത്തും ഒരുപോലെ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. പ്രൊഫ. ബാബു തോമസ് പൂഴിക്കുന്നേലിന്റെ ആത്മകഥയായ ‘സഫലം, സൗഹൃദം, സഞ്ചാരം’ മികച്ച ആത്മകഥയ്ക്കുള്ള മലയാളം യുകെ അവാർഡ് നേടിയിരുന്നു.
ബി.സി.എം. കോളേജ് റിട്ട. അധ്യാപിക പ്രൊഫ. വത്സ പൂഴിക്കുന്നേൽ ആണ് ഭാര്യ. മക്കൾ: ഡോ. ആതിര (ദുബായ്), അനഘ (അമേരിക്ക). മരുമക്കൾ: അജയ് വാലേൽ, ജെയ്‌സ് കിഴക്കടശ്ശേരിൽ. സഹപ്രവർത്തകരും വിദ്യാർത്ഥികളും അദ്ദേഹത്തിന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി.
1958 ഡിസംബർ 9-ന് കോട്ടയം ജില്ലയിലെ തെള്ളകത്ത് പൂഴിക്കുന്നേൽ തോമസിന്റെയും ഏലിയാമ്മയുടെയും മകനായി ജനിച്ചു. 1981 മുതൽ ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ മലയാളം അധ്യാപകനായും, പിന്നീട് മലയാളവിഭാഗം മേധാവിയായും, തുടർന്ന് പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു. തുടർന്ന് കോട്ടയം ബി.സി.എം. കോളജിൽ മലയാള വിഭാഗം മേധാവിയായും പ്രവർത്തിച്ചു. 34 വർഷത്തെ സമൃദ്ധമായ അധ്യാപന ജീവിതത്തിനുശേഷം 2016 മുതൽ കോട്ടയം പൗരസ്ത്യ വിദ്യാപീഠത്തിൽ (വടവാതൂർ മേജർ സെമിനാരി) വിസിറ്റിംഗ് പ്രൊഫസറായിരുന്നു.
കോട്ടയം അതിരൂപത പി.ആർ.ഒ., ക്നാനായ കത്തോലിക്കാ കോൺഗ്രസ് സെക്രട്ടറി, കെ.സി.വൈ.എൽ. ഡയറക്ടർ, എം.ജി. യൂണിവേഴ്സിറ്റി മലയാളം ബോർഡ് ഓഫ് സ്റ്റഡീസ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 35 വർഷം അപ്നാദേശ് പത്രാധിപസമിതി അംഗമായും 18 വർഷം കോട്ടയം അതിരൂപത പ്രീ-മാര്യേജ് കോഴ്സ് ഫാക്കൽറ്റി അംഗമായും സേവനമനുഷ്ഠിച്ചു. കഴിഞ്ഞ 25 വർഷമായി കേരളാ എക്സ്പ്രസ് പത്രത്തിന്റെ കൺസൾട്ടന്റ് എഡിറ്ററായും പ്രവർത്തിച്ചു.
2017-ൽ ഫാദർ ജോസഫ് നെടുഞ്ചിറ സ്മാരക പുരസ്കാരം ലഭിച്ചു. മറ്റ് ശ്രദ്ധേയ കൃതികളിൽ ‘നവോത്ഥാനം: പാഠവും പാഠാന്തരങ്ങളും’ ഉൾപ്പെടുന്നു. ഇതുകൂടാതെ ‘പൂഴിക്കുന്നേൽ കുടുംബചരിത്രം’, ‘ക്നാനായക്കാരുടെ കല്യാണപ്പാട്ടുകൾ: വഴക്കവും പൊരുളും’, ‘സ്വർണ്ണച്ചാമരം’ തുടങ്ങി അഞ്ച് പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
സാഹിത്യ–വിദ്യാഭ്യാസ–സാമൂഹിക രംഗങ്ങളിലെ സമഗ്ര സംഭാവനകൾക്ക് അംഗീകാരമായി ‘അക്ഷരശ്രേഷ്ഠ’ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
ബഹുമാനപ്പെട്ട ബാബു സാറിന്റെ നിര്യാണത്തിൽ കുടുംബാംഗങ്ങൾക്കും ബന്ധുമിത്രാദികൾക്കും ശിഷ്യഗണങ്ങൾക്കും മലയാളം യുകെ ന്യൂസിന്റെ അനുശോചനം രേഖപ്പെടുത്തുന്നു.











Leave a Reply