ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിംഗിനെക്കുറിച്ചുള്ള ചിത്രം എപ്സ്റ്റീൻ ഫയലുകളിൽ ഉൾപ്പെട്ടതിനെ തുടർന്ന് വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിൽ കുടുംബം വിശദീകരണവുമായി രംഗത്തെത്തി. ബിക്കിനി ധരിച്ച രണ്ട് സ്ത്രീകളോടൊപ്പം ഹോക്കിംഗ് നിൽക്കുന്ന ചിത്രം 2006-ൽ കരീബിയൻ ദ്വീപായ സെന്റ് തോമസിലെ ഹോട്ടലിൽ നടന്ന ശാസ്ത്ര സമ്മേളനത്തിനുശേഷം എടുത്തതാണെന്ന് കുടുംബം വ്യക്തമാക്കി. ചിത്രത്തിലുള്ള സ്ത്രീകൾ ഹോക്കിംഗിന്റെ യുകെയിൽ നിന്നുള്ള ദീർഘകാല പരിചാരകരാണെന്നും അവർ കൂട്ടിച്ചേർത്തു. എപ്സ്റ്റീനെ സംബന്ധിച്ച രേഖകളിൽ ചിത്രം ഉൾപ്പെട്ടിരുന്നുവെങ്കിലും സംഭവത്തിന്റെ വ്യക്തമായ പശ്ചാത്തലം പുറത്തു വന്നിരുന്നില്ല.

2006 മാർച്ചിൽ എപ്സ്റ്റീൻ സംഘടിപ്പിച്ച ശാസ്ത്രസമ്മേളനത്തിൽ ഹോക്കിംഗ് ഉൾപ്പെടെ പ്രമുഖ ശാസ്ത്രജ്ഞർ പങ്കെടുത്തിരുന്നു. സെന്റ് തോമസിനോട് ചേർന്നുള്ള ലിറ്റിൽ സെന്റ് ജെയിംസ് ദ്വീപിലും പരിപാടികൾ നടന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഹോക്കിംഗിന് പ്രത്യേകമായി സമുദ്രത്തിനടിയിലേക്കുള്ള ജലാന്തർ യാത്രയും ഒരുക്കിയിരുന്നു. എപ്സ്റ്റീനെതിരെ വേശ്യാവൃത്തി ആവശ്യപ്പെട്ടെന്ന കേസിൽ ആദ്യമായി കുറ്റം ചുമത്തപ്പെടുന്നതിന് അഞ്ച് മാസം മുമ്പായിരുന്നു ഈ സമ്മേളനം.

50 വർഷത്തിലേറെ മോട്ടോർ ന്യൂറോൺ രോഗമായ അമയോട്ട്രോഫിക് ലാറ്ററൽ സ്ക്ലിറോസിസ് ബാധിച്ച് ജീവിച്ചിരുന്ന ഹോക്കിംഗിന് 24 മണിക്കൂറും വൈദ്യപരിചരണം ആവശ്യമായിരുന്നുവെന്ന് കുടുംബം ചൂണ്ടിക്കാട്ടി. അദ്ദേഹത്തിനെതിരെ യാതൊരു കുറ്റത്തിനും തെളിവില്ലെന്നും തെറ്റായ സൂചനകൾ തള്ളിക്കളയുന്നതായും അടുത്ത കുടുംബവൃത്തങ്ങൾ ചൂണ്ടി കാട്ടി . എപ്സ്റ്റീൻ ഫയലുകളിൽ ഹോക്കിംഗിന്റെ പേര് നിരവധി തവണ പരാമർശിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതിൽ കുറ്റകൃത്യ സൂചനകളൊന്നുമില്ലെന്ന് രേഖകൾ വ്യക്തമാക്കുന്നു. ഹോക്കിംങ് യുകെയിലെ കേംബ്രിഡ്ജ് സർവകലാശാലയിൽ ആണ് ദീർഘകാലം തന്റെ ഗവേഷണ പ്രവർത്തങ്ങൾ നടത്തിയിരുന്നത്.











Leave a Reply