ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ അറ്റു പോകാത്ത ഓർമ്മകളുടെ രചയിതാവ് ടി. ജെ ജോസഫ് സാറിന് കെൻസിംഗ്ടൺ അക്ഷയ ഓഡിറ്റോറിയത്തിൽ വച്ച് ലിവർപൂൾ മലയാളി സമൂഹം സ്വീകരണം നൽകി. സംഘാടകരുടെ പോലും പ്രതീക്ഷകളെ കവച്ചുവെച്ച് നൂറുകണക്കിന് മലയാളികളാണ് മത തീവ്രവാദികളാൽ വലതു കരം വെട്ടി മാറ്റപ്പെട്ടെങ്കിലും, നിരന്തരമായ പോരാട്ടത്തിലൂടെ ജീവിതത്തിലേയ്ക്ക് തിരിച്ചുവരുകയും, അതിജീവിതത്തിന്റെ നേർക്കാഴ്ച ആകുകയും ചെയ്ത ജോസഫ് സാറിനെ കാണാനും ശ്രവിക്കുവാനുമായി എത്തിയത്. ലിവർപൂളിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ടോം ജോസ് തടിയംപാട്, സാബു ഫിലിപ്പ്, തോമസുകുട്ടി ഫ്രാൻസിസ് , ലാലു തോമസ് തുടങ്ങിയവരാണ് പ്രൊഫ. ടി. ജെ. ജോസഫിന്റെ സ്വീകരണ പരിപാടികൾക്ക് ചുക്കാൻ പിടിച്ചത്.

തന്റെ പുസ്തകം ജീവിത പ്രതിസന്ധിയിൽപ്പെട്ട് ഉഴലുന്നവർക്ക് അതിജീവനത്തിന്റെ പ്രത്യാശ നൽകുമെന്ന പ്രതീക്ഷയിലാണ് എഴുതിയതെന്നും, അതു തന്നെയാണ് അറ്റുപോകാത്ത ഓർമ്മകളുടെ പ്രധാന ലക്ഷ്യമെന്നും പ്രൊഫ. ടി . ജെ. ജോസഫ് തൻറെ മറുപടി പ്രസംഗത്തിൽ പറഞ്ഞു. എല്ലാവരും ലോക പൗരനാകുന്ന ഒരു സമൂഹമാണ് ഇന്നത്തെ ആവശ്യമെന്ന് ചൂണ്ടിക്കാട്ടിയ പ്രൊഫ. ടി.ജെ ജോസഫ് ശ്രോതാക്കളുടെ ചോദ്യങ്ങൾക്ക് നർമ്മം കലർന്ന മറുപടിയാണ് നൽകിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സാബു ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ടോം ജോസ് തടിയംപാട് സ്വാഗതവും തോമസുകുട്ടി ഫ്രാൻസിസ് , ജോൺ മുളയങ്കാൽ , ജോജി തോമസ് (ഡയറക്ടർ മലയാളം യു.കെ) ജോയി അഗസ്തി, അനീഷ് ജേക്കബ്, ഡിഫിത മാത്യു, റെജി, ബിജു പീറ്റർ , ബിനോയ് ജോർജ് എന്നിവർ പ്രൊഫ. ടി.ജെ. ജോസഫിന് ആശംസകൾ നേർന്ന് സംസാരിച്ചു . തമ്പി ജോസ് മംഗള പത്രം വായിച്ചു. എൽദോസ് സണ്ണി പരിപാടിയിൽ പങ്കെടുത്ത് വിജയമാക്കിയവർക്ക് നന്ദി അറിയിച്ചു.