ഒരു ദിവസം കൊണ്ട് പ്രോസ്‌റ്റേറ്റ് കാന്‍സര്‍ നിര്‍ണ്ണായിക്കാവുന്ന സാങ്കേതിക സംവിധാനവുമായി നാഷണല്‍ ഹെല്‍ത്ത് സര്‍വീസ്. നിലവില്‍ ആറാഴ്ച്ച കൊണ്ട് ചെയ്തിരുന്ന രോഗനിര്‍ണ്ണയം ഇനി ഇരുപത്തിനാല് മണിക്കൂറിനകം സാധ്യമാകും. എംപിഎംആര്‍ഐ എന്ന പുതിയ സ്‌കാനിംഗ് ഉപകരണം നാല്‍പ്പത് ശതമാനം രോഗികളിലും ആദ്യ ദിവസത്തില്‍ തന്നെ രോഗനിര്‍ണ്ണയം നടത്തിയെന്ന് എന്‍.എച്ച്.എസ് സിഇഒ സൈമണ്‍ സ്റ്റീവന്‍സ് അറിയിച്ചു.

നിലവില്‍ രോഗനിര്‍ണ്ണയത്തിനായി എംആര്‍ഐ സ്‌ക്കാനിംഗും ഡസന്‍ കണക്കിന് സാമ്പിളുകള്‍ എടുത്ത് ബയോപ്‌സിയും ചെയ്യണം. ഇതിനായി രോഗി നിരവധി തവണ ആശുപത്രിയും സന്ദര്‍ശിക്കണം. പുതിയ സംവിധാനം നിലവില്‍ വന്നതോടെ ഇത് ഒഴിവാക്കാം. പടിഞ്ഞാറന്‍ ലണ്ടനിലെ മൂന്ന് ആശുപത്രികളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ സ്‌കാനര്‍ സ്ഥാപിച്ചിട്ടുണ്ട്. ലോകത്തിലെ തന്നെ മുന്‍നിരയിലുള്ള ഉപകരണം എന്നാണ് സൈമണ്‍ സ്റ്റീവന്‍ എംപിഎംആര്‍ഐയെപ്പറ്റി പറഞ്ഞത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ചാരിംഗ് ക്രോസ് ഹോസ്പിറ്റല്‍, എപ്‌സോം ഹോസ്പിറ്റല്‍, ക്വീന്‍ മേരി ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് നിലവില്‍ ഇതിന്റെ പരീക്ഷണ പ്രവര്‍ത്തനം നടത്തിയത്. അടുത്ത രണ്ട് വര്‍ഷം കൊണ്ട് അയ്യായിരം പുരുഷന്‍മാരില്‍ രോഗനിര്‍ണ്ണയം നടത്താന്‍ ഈ സ്‌കാനര്‍ കൊണ്ട് കഴിയും. രോഗനിര്‍ണ്ണയം നേരത്തെ നടത്താന്‍ കഴിയുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണമെന്ന് ഇംപീരിയല്‍ കോളേജ് ലണ്ടനിലെ യുറോളജി പ്രൊഫസര്‍ ഹാഷിം അഹമ്മദ് പറഞ്ഞു. കുറഞ്ഞ ചിലവില്‍ രോഗനിര്‍ണ്ണയം നടത്താനും ഇതിനാല്‍ കഴിയുമെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു. രോഗനിര്‍ണ്ണയ പരീക്ഷണങ്ങളില്‍ മാറ്റമൊന്നും ഇല്ല. എന്നാല്‍ പെട്ടന്ന് രോഗം കണ്ടെത്താന്‍ കഴിയും എന്നത് മാത്രമാണ് പുതിയ സാങ്കേതിക സംവിധാനത്തിന്റെ പ്രത്യേകത.